പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം കൊയ്യാനുളള ഇന്ത്യന്‍ പെണ്‍പടയുടെ ശ്രമം ദക്ഷിണാഫ്രിക്ക തടഞ്ഞു.
അവസാന മത്സരത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ആതിഥേയര്‍ പരമ്പരയില്‍ ആശ്വാസ വിജയം നേടി. ആദ്യ രണ്ട് മത്സരങ്ങളും കീശയിലാക്കി ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കി.
അടിമുടി ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ വാന്‍ നീക്കെര്ക്കിന്റെയും മിഗ്നോണ്‍ ഡി പ്രീസിന്റെയും ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റിയത്. 241 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക അവസാന ഓവറിലെ രണ്ടാം പന്തിലാണ് വിജയം നേടിയത്. മൂന്ന വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.
ഇന്ത്യന്‍ ആക്രമണത്തെ ശക്തമായി നേരിട്ട പ്രീസ് 90 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സ് നേടിയ വാന്‍ നീക്കെര്ക്കും പുറത്തായില്ല. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള് ഔട്ടായി.
ഓപ്പണര്‍ ഡി ബി ശര്‍മയുടെയും വേദ കൃഷ്ണമൂര്‍ത്തിയുടെയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിവിട്ടത്. 112 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 79 റണ്‍സ് നേടി ഡി ബി ശര്‍മ ടോപ്പ് സ്കോററായി. വേദ കൃഷ്ണമൂര്‍ത്തി 64 പന്തില്‍ 56 റണ്‍സ് എടുത്തു.
രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടിയ മന്ദന പൂജ്യത്തിനും ക്യാപ്റ്റന്‍ മിഥാലി രാജ് നാലു റണ്‍സിനും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
സ്കോര്‍: ഇന്ത്യ: 50 ഓവറില്‍ 240, ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 241.
പ്രതികരിക്കാൻ ഇവിടെ എഴുതുക: