ധാക്ക: രംഗന ഹെറാത്ത് ചരിത്രമെഴുതിയ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് വിജയം. നിര്‍ണാകയമായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ 215 റണ്‍സിന് തോല്‍പ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി.
339 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ആതിഥേയര്‍ 123 റണ്‍സിന് പുറത്തായി. പരിചയ സമ്പന്നനായ ഹെറാത്ത് 49 റണ്‍സിന് നാലു വിക്കറ്റുകള്‍ കീശയിലാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടം കൈയ്യന്‍ ബൗളറെന്ന ചരിത്ര നേട്ടം ഹെറാത്തിന് സ്വന്തമായി. ഹെറാത്തിനിപ്പോള് 415 വിക്കറ്റുകളായി. പാക്കിസ്ഥാന് മുന്‍ നായകന് വസീം അക്രത്തിന്റെ (414) റെക്കോഡാണ് വഴിമാറിയത്.
ടെസ്റ്റില്‍ അരങ്ങേറിയ അഖില ധനഞ്ജയ 24 റണ്‍സിന് അഞ്ചു വിക്കറ്റുകളും വീഴ്ത്തിയതോടെയാണ് ബംഗ്ലാദേശ് 123 റണ്‍സിന് ഓള് ഔട്ടായത്. ഒന്നാം ഇന്നിങ്ങ്സില്‍ 112 റണ്‍സ് നേടിയ ശ്രീലങ്ക രണ്ടാം ഇന്നിങ്ങ്സില്‍ 226 റണ്‍സ് നേടിയതോടെയാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 339 റണ്‍സായത്.
രണ്ടാം ഇന്നിങ്ങ്സില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്ത മധ്യനിര ബാറ്റ്സ്മാന് റോഷന് സില്‍വയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
വിജയത്തിലേക്ക് പിടിച്ചുകയറാന്‍ കളിക്കളത്തിലിറങ്ങിയ ബംഗ്ലാദേശ് അഖിലയുടെയും ഹെറാത്തിന്റെയും പന്തുകളില്‍ കറങ്ങിതിരിഞ്ഞ് നിലംപൊത്തി. മൊമിനുള്‍ ഹഖ് 33 റണ്‍സോടെ ടോപ്പ് സ്കോററായി. മുഷ്ഫിക്കര്‍ റഹിം 25 റണ്‍സ് നേടി.
ചിറ്റഗോംഗില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റ് സമനിലയായി. ശ്രീലങ്ക ഇനി രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കൂടി കളിക്കും. ആദ്യ മത്സരം വ്യാഴാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: