ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമ്മേളന റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫെബ്രുവരി 18ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ട് റാലികളെയായിരിക്കും അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്ന് സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി സ്പീക്കറും സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായ ബിശ്വരൂപ ഭട്ടാചാര്യ അറിയിച്ചു.
ത്രിപുരയിലെ സോനമുറ, കൈലാഷഹാർ എന്നിവിടങ്ങളിലെ റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സിപാഹിജാല, ഉനകോട്ടി എന്നീ ജില്ലകളിൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഗർത്തല വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം എയർഫോഴ്സിന്റെ വിമാനത്തിലായിരിക്കും റാലികളിൽ പങ്കെടുക്കുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറെ പ്രാധാന്യമാണുള്ളത്. ത്രിപുരയിൽ മാണിക് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അക്കമിട്ട് നിരത്തിയാണ് ബിജെപി നേതൃത്വം പ്രചാരണം കൊഴുപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ജനങ്ങളെ പരമാവധി സ്വാധീനിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. ഇതിനായി ത്രിപുരയിലെ ഗോത്രസമൂഹവുമായി അടുത്ത് സ്വാധിനമുള്ള ‘ ഇൻഡിജീനിയസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര’യുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
അടുത്തിടെ നടന്ന പല അഭിപ്രായ തെരഞ്ഞെടുപ്പ് സർവ്വേകളിലും ബിജെപി സഖ്യത്തിന് വിജയം സുനിശ്ചിതമാണെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അറുപത് സീറ്റുളിൽ 31നും 37നും ഇടയിൽ വിജയം നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് സർവ്വേകൾ വ്യക്തമാക്കിയിരുന്നത്. സിപിഎമ്മിനാകട്ടെ 23നും 29നും ഇടയിൽ ചുരുങ്ങുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. അതേ സമയം കോൺഗ്രസടക്കമുള്ള മറ്റു പാർട്ടികൾക്ക് ഒരൊറ്റ സീറ്റുകൾ പോലും ലഭിക്കില്ലെന്നും സർവ്വേ പറയുന്നു. മാർച്ച് 3നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
പ്രധാനമന്ത്രിയുടെ പ്രചാരണ റാലികൾ ജനങ്ങളെ ഏറെ സ്വാധീനിക്കുമെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്. ത്രിപുരയിൽ മോദിക്ക് അത്രയധികം ജനസമ്മിതിയാണുള്ളതെന്നും ബിജെപി സംസ്ഥാന ഘടകങ്ങൾ വ്യക്തമാക്കുന്നു. അതിർത്തി സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയിലും ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
















