ജയ്‌പൂര്‍: ഇരുപത്തേഴു വയസുകാരനായ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ സമയോചിത ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ബാങ്ക് കൊള്ള എന്നു റിപ്പോര്‍ട്ടു ചെയ്യേണ്ടി വരുമായിരുന്നു.
കൃത്യസമയത്ത് ആ കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തതുകൊണ്ട് 925 കോടി രൂപയുടെ മോഷണ ശ്രമമാണ് പരാജയപ്പെട്ടത്. രാജസ്ഥാനിലെ ജയ്‌പൂരിലെ ഒരു ബാങ്കില്‍ തിങ്കളാഴ്ച രാത്രി രണ്ടരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ പതിമൂന്നോളം ആയുധധാരികള്‍ ബാങ്കിലെ സുരക്ഷാ ജീവനക്കാരനെ അടിച്ച് വീഴ്‌ത്തി അകത്ത് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബാങ്കിനുള്ളില്‍ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ സീതാറാം മോഷ്ടാക്കള്‍ക്കു നേരെ വെടിയുതിര്‍ത്തു.
സീതാറാം വിവരം നല്‍കിയതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പോലീസ് സംഘം ബാങ്കിലെത്തിയെന്നും മോഷ്ടടാക്കളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും എസിപി പ്രഫുല്‍ കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാഖകളിലേക്ക് എത്തിക്കാനുള്ള പണം സൂക്ഷിക്കുന്ന പ്രധാന ശാഖയായതിനാല്‍ തിങ്കളാഴ്ചകളില്‍ ഇത്രയധികം പണം ഇവിടെ സൂക്ഷിക്കും എന്നറിയാവുന്നവരാണ് മോഷണശ്രമത്തിനു പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.
റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. സ്‌ട്രോങ്ങ് റൂമിനുള്ളിലെ ലോക്കറില്‍ സൂക്ഷിക്കേണ്ടിയിരുന്ന പണം എന്നാല്‍ മുറിക്ക് പുറത്തായിരുന്നു ഇരുന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
















