കോട്ടയം: യാത്രക്കാരുടെ തിരക്ക് ഏറെയുള്ള വേണാട് എക്‌സ്പ്രസ്സ് പുതുമോടിയോടെ ഓടിത്തുടങ്ങി.
വര്‍ഷങ്ങള്‍ക്കുശേഷമാണ് വേണാടിന്റെ ഈ മുഖം മിനുക്കല്‍. ഇന്റീരിയറില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ കൊണ്ടുവന്ന് പുതിയൊരു പരീക്ഷണമാണ് റെയില്‍വേ നടത്തിയിരിക്കുന്നത്. പുതിയ കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചെന്നൈയിലാണ്.
യാത്രക്കാര്‍ക്ക് അനുയോജ്യമായ കുഷ്യന്‍മോഡല്‍ സീറ്റുകളും അത്യാധുനിക നിലവാരത്തിലുള്ള ബയോ ശുചിമുറികള്‍, ഫാനുകള്‍ തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം തന്നെ അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി സെന്റര്‍ ബുഫര്‍ കപ്ലര്‍ (സിബിസി) ഉപയോഗിക്കാം. നേവിബ്ലൂ, ചുമപ്പ് നിറങ്ങളാണ് ബോഗികളിലുള്ളത്.
യാത്രക്കാര്‍ക്ക് ട്രെയിനിലെ എല്‍ഇഡി ഡിസ്‌പ്ലേയില്‍ ട്രെയിന്റെ നമ്പര്‍, പേര്, പുറപ്പെട്ട സ്ഥലം, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയവ കാണാം. കൂടാതെ, ജിപിഎസ് സൗകര്യം വഴി ഏതു സ്റ്റേഷന്‍ വഴിയാണ് കടന്നു പോകുന്നതെന്നും കൃത്യമായി മനസിലാക്കാം. മൊസൈക് ഡിസൈനിലുള്ള വിനൈല്‍ ഫ്‌ളോറിങാണ് ട്രെയിനില്‍ ചെയ്തിരിക്കുന്നത്.
മടക്കി വെയ്‌ക്കാവുന്ന സ്‌നാക്‌സ് ട്രെകള്‍, കര്‍ട്ടനുകള്‍ പോളികാര്‍ബണേറ്റ് ഇന്റീരിയര്‍ ഡിസൈനുമാണ് ഏസി കോച്ചില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയവ ഉപയോഗിക്കാനുള്ള സൗകര്യത്തിനായി മോഡുലാര്‍ ഇലക്ട്രിക് ബോര്‍ഡുകളുമുണ്ട്.
















