കൊച്ചി: വീടിനുള്ളില്‍ നിന്നുപോലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ യാചക നിരോധനം ശക്തമായി നടപ്പാക്കാന്‍ കോര്പറേഷന് കൗണ്‍സിലില്‍ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ്, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കും .
നഗരത്തില്‍ തമ്പടിച്ചിട്ടുള്ള നാടോടികളെ നീക്കം ചെയ്യാന്‍ പോലീസിന്റെ സഹായം തേടും. യാചകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളില്‍ നിന്ന് പൊതുജനത്തെ പിന്തിരിപ്പിക്കാന് റെസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡിവിഷന് തലത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും.
തെരുവുബാല്യവിമുക്ത കേരളം എന്ന ലക്ഷ്യവുമായി വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി നഗരത്തില്‍ നടപ്പാക്കും.
നഗര തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയസങ്കേതം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരുടെ പട്ടിക തയാറാക്കി സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്ന് മേയര്‍ സൗമിനി ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: