പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന രമേശിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ അംഗീകാരം. പ്രൊഫസര്‍ പാറശാല ബി. പൊന്നമ്മാളിന്റെയും മുഖത്തല ശിവജിയുടെയും കീഴില്‍ സംഗീത പഠനം നടത്തുന്ന കീര്‍ത്തനയ്ക്ക് ശാസ്ത്രീയ സംഗീത പഠനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് നല്കുന്ന നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് അവാര്‍ഡാണ് ലഭിച്ചത്. കൊല്ലം എസ്എന്‍ പബ്ലിക്ക് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കവിയും സംഗീത നിരൂപകനുമായ പി.രവികുമാറിന്റെ ശിക്ഷണത്തില്‍ സംഗീതത്തില്‍ ഹരിശ്രീ കുറിച്ച കീര്‍ത്തന നാലാം വയസ്സില്‍ സംഗീത പഠനം ആരംഭിച്ചു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ വച്ച് പത്താം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു.
സ്കൂള്‍ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും വിജയിയാണ്. കൊല്ലം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വയലാര്‍ കവിതാലാപനത്തിലും തോന്നയ്ക്കല്‍ ആശാന് സ്മാരകം സംഘടിപ്പിച്ച ആശാന് കവിതാലാപനത്തിലും സംഗം ഗ്രൂപ്പ് നടത്തിയ സംസ്ഥാനതല സംഗീത മത്സരത്തിലും വിജയിയായി.
കീര്‍ത്തനയുടെ നാല് ഭക്തിഗാന ആല്‍ബവും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഗായകന് പി. ജയച്ചന്ദ്രന് ആലപിച്ച ആറ്റുകാല്‍ ദേവീ ഭക്തിഗാന ആല്‍ബങ്ങളായ ഭദ്രാംബിക, ശ്രീ ഭദ്ര എന്നീ സിഡികളിലും കീര്‍ത്തനയ്ക്കും പാടാന്‍ അവസരം ലഭിച്ചു.
ആകാശവാണിയിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. പ്ലാവില പോലീസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിക്കുകയാണ് കീര്‍ത്തന. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് പാലസ്, തിരുവനന്തപുരം ഭാരത് ഭവന്, കരിക്കകം ദേവീ ക്ഷേത്രം, ശ്രീവരാഹം ചെമ്പൈ ഹാള്‍, വൈക്കം മഹാദേവ ക്ഷേത്രം, കൊല്ലം ശങ്കരനാരായണ ക്ഷേത്രം, മുഖത്തല മുരാരി ക്ഷേത്രം, വര്‍ക്കല ഗുരുകുലം നടരാജ സംഗീത സഭ, സായിഗ്രാമം എന്നിവിടങ്ങളിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കോവളം പ്രണവത്തില്‍ രമേശ് ബാബുവിന്റെയും പരവൂര്‍ കാവിന്റെ കിഴക്കതില്‍ മിന്നുവിന്റെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: