കൊച്ചി: കറുത്ത സ്റ്റിക്കറുകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പതിക്കുന്നതല്ല. കേരള പോലീസ് ഇത് പറഞ്ഞ് തീരും മുമ്പേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. പോലീസിന്റെ വാക്ക് വിശ്വസിച്ച് ആശ്വാസം കൊണ്ട അമ്മമാരുടെ നെഞ്ചില്‍ തീ കോരിയിടുന്നതായിരുന്നു ആ വാര്‍ത്തകള്‍. ഇപ്പോള്‍, കൊച്ചുകുട്ടികളെ ഒറ്റയ്ക്ക് സ്കൂളില്‍ വിടാന്‍ പോലും പല അമ്മമാരും മടിക്കുകയാണ്.
സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമല്ലെന്ന് പറയുന്ന പോലീസിന് അതിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയുമായിട്ടില്ല. അതുകൊണ്ടുതന്നെ അമ്മമാരുടെ പേടി ഇരട്ടിയായി. സ്റ്റിക്കര്‍ പതിച്ച വീടുകളിലെ കുട്ടികളെയല്ല, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് പോലീസിന് കൈയ്യൊഴിയാമെങ്കിലും പതിനായിരക്കണക്കിന് അമ്മമാരുടെ പേടിയകറ്റാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
കോഴിക്കാട്, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ മൂന്നിടത്താണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.
പോത്താനിക്കാട്ടില്‍ പല്ലാരിമംഗലത്ത് പഞ്ചായത്തില്‍, വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ മുറ്റത്ത് നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞുണര്ന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാന്‍ പോയ സമയത്താണ് കുട്ടിയെ കടത്താനുള്ള ശ്രമം നടത്തിയത്.
കോഴിക്കോട് കക്കോടിയില്‍ അമ്മയുടെ ഒക്കത്തിരുന്ന ഒന്നര വയസ്സുകാരിയെ ഇതര സംസ്ഥാനക്കാരന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. കുഞ്ഞിനെ പിന്നില്‍ നിന്നും ബലമായി പിടിച്ചു വലിക്കുകയായിരുന്നു. ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
ആലപ്പുഴയിലെ പൂച്ചാക്കലില്‍ നിന്നും ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തി, നാലു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. ഈ സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയെ അറസ്റ്റു ചെയ്തു. ഇതോടെ അമ്മമാരുടെ ഭീതി ഇരട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: