കൂത്താട്ടുകുളം: ഇടത് അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ(കെഎസ്ടിഎ) സംസ്ഥാനസമ്മേളന ഭാഗമായുള്ള കൊടി സ്കൂള്‍ ഗ്രൗണ്ടില്‍ കെട്ടിയത് വിവാദമാകുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടനകളുടേയോ, രാഷ്ട്രീയ പാര്‍ട്ടികളുടേയോ കൊടിയോ, കൊടിമരമോ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് നിയമം.
പാലക്കുഴ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് നിയമം ലഘിക്കപ്പെട്ടത്. കെഎസ്ടിഎ സംസ്ഥാന സേമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രായാണം കൂത്താട്ടുകുളത്ത് നിന്നാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് സ്കൂള്‍ ഗ്രൗണ്ടില്‍ കൊടി കെട്ടിയത്.
സ്കൂള്‍ പ്രവൃത്തി ദിവസമായ ഇന്നലെ പല അദ്ധ്യാപകരും സ്കൂളുകളില്‍ ഹാജര്‍ രേഖപ്പെടുത്തി സംഘടനാ പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുകളെ വെല്ലുവിളിച്ച് കൊടി കെട്ടി ജോലി സമയത്ത് സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങിയ അദ്ധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
ഇതുസംബന്ധിച്ച് യുമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ മോഹനന് പൊതുവിദ്യാഭ്യാസവകുപ്പിന് പരാതി നല്കി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനകള്‍ തന്നെ പാലിക്കാത്തത് സമൂഹത്തിനും കുട്ടികള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കൊടിസ്ഥാപിച്ച അദ്ധ്യാപകര്‍ക്കെതിരേയും കൂട്ടുനിന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: