സോള്‍: കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന കേസില്‍ സാംസങ് മേധാവി ലീ ജേ യോംഗിന്റെ ശിക്ഷ അപ്പീല്‍ കോടതി ഇളവു ചെയ്തു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ജയിലില്‍നിന്നു വിട്ടയച്ചു.എന്നാല്‍ ലീയെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ജയില്‍മോചിതനായെങ്കിലും പൂര്‍ണമായി കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ ആലോചിക്കുന്നതായി ലീയുടെ അഭിഭാഷകന്‍ അറിയിച്ചു.
അഞ്ചുവര്‍ഷത്തേക്കായിരുന്നു ലീയെ ശിക്ഷിച്ചത്.ഇത് പകുതിയായി കുറച്ച സിയൂള്‍ ഹൈക്കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്യുകയും കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ലീയെ വിട്ടയയ്‌ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
സാംസങ്ങിന്റെ രണ്ടു കമ്പനികള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണയ്‌ക്കായി പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയിന് 36.3 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. പ്രസിഡന്റും അടുത്ത സുഹൃത്ത് ചോയി സൂണ്‍ സിലുമായി ചേര്‍ന്ന് വന്‍കിട കമ്പനികള്‍ക്ക് അനുകൂല നിലപാട് എടുക്കുന്നതിന് വന്‍തുക സംഭാവന വാങ്ങിയെന്നാണ് ആരോപണം.
















