വാഷിങ്ടൺ: ഐഎസിന്റെ ആയിരക്കണക്കിന് വിദേശ ഭീകരരും കുടുംബാംഗങ്ങളും സിറിയയിൽ നിന്നും പലായം ചെയ്യുന്നതായി റിപ്പോർട്ട്. അമേരിക്കൻ സഖ്യകക്ഷികളുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തുന്ന രൂക്ഷമായ പ്രത്യാക്രമണങ്ങളിൽ ഇവർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഭീകരർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമായും പടിഞ്ഞാറൻ സിറിയയിൽ നിന്നുമാണ് വിദേശ ഭീകരർ പലായനം നടത്തുന്നതെന്നാണ് അമേരിക്കൻ ഇന്റലിജൻസ് നൽകുന്ന വിവരം.
അതിർത്തി വഴി തുർക്കിയിൽ പ്രവേശിച്ച് യൂറോപ്പിലേക്ക് കടക്കാനാണ് വിദേശ ഭീകരർ പദ്ധതിയിട്ടിരിക്കുന്നത്. സഖ്യസേനയും പട്ടാളവും സിറിയയിലെ പ്രധാന ഭാഗങ്ങളിലെല്ലാം തന്നെ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഭീകരരിൽ കുറെയധികം പേർ സഖ്യസേനയ്‌ക്ക് മുൻപാകെ കീഴടങ്ങിയിട്ടുണ്ട്. മറ്റുള്ളവർ ഡമാസ്കസിലെ കേന്ദ്രങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ഇവർ യുദ്ധമുഖത്തേക്ക് പോകാൻ സജ്ജരായിത്തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സരിൻ പോലുള്ള രാസായുധ പ്രയോഗങ്ങൾ ഉപയോഗിക്കാൻ കഴിവുള്ള ഈ ഭീകരർ ഏറെ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് സഖ്യസേന സാക്ഷിപ്പെടുത്തുന്നുണ്ട്.
യൂറോപ്പിലെ റഷ്യ, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും വിദേശ ഭീകരർ സിറിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് തുർക്കി വഴി പോകാനുള്ള ചെലവ് വഹിക്കുന്നത് പുറത്ത് നിന്നുള്ള ഭീകരരാണെന്ന് റിപ്പോർട്ടിലുണ്ട്. ലക്ഷക്കണക്കിന് അനധികൃത ഡോളറാണ് ഇവരെ സഹായിക്കാൻ സിറിയയിലേക്ക് എത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.
യൂറോപ്പിന് പുറമെ ഇറാഖിലേക്കും ഭീകരർ രക്ഷപ്പെടുന്നുണ്ട്. യൂഫ്രട്ടീസ് നദി വഴിയാണ് ഇവർ പലായനം നടത്തുന്നത്. ഭീകരർ സ്വർഗം എന്ന് വിശേഷിപ്പിച്ചിരുന്ന സിറിയയിൽ ഇപ്പോൾ അവർക്ക് നിലനിൽക്കാൻ സാധിക്കുന്നില്ല. യുദ്ധമുഖത്ത് നിന്നും മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ നിന്നും അവർ ഒളിച്ചോടുകയാണെന്ന് സഖ്യസേനയുടെ ഹോംലാൻഡ് സെക്യൂരിറ്റി ക്രിസ്റ്റിജെൻ നെൽസൺ വ്യക്തമാക്കുന്നു. ഇതുവരെ ആയിരത്തിലധികം വിദേശ ഭീകരർ സിറിയ വിട്ട് പോയതായാണ് വിവരം.
















