തെക്ക് കിഴ്‌ക്കനേഷ്യൻ മേഖലയിൽ തങ്ങളുടെതായ ആധിപത്യം സ്ഥാപിക്കുന്നതിന് ചൈന നടത്തുന്ന ഗൂഢപദ്ധതികൾ പുറത്തേക്ക് വരികയാണ്. കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കി ഇന്ത്യയെ അവരിൽ നിന്നും അകറ്റുക എന്നതാണ് ചൈനീസ് സർക്കാരിന്റെ പദ്ധതിയുടെ പ്രധാന കാതൽ. ചൈനയുടെ വികസന പദ്ധതികൾ കിഴക്കനേഷ്യൻ രാജ്യങ്ങൾ വഴി പാക്കിസ്ഥാനും കടന്ന് ആഫ്രിക്ക വരെ എത്തി നിൽക്കുന്നു. ഒരു മാരിടൈം റൂട്ട് തന്നെയാണ് ചൈന ഇപ്പോൾ ലക്ഷ്യമിടുന്നത്.
തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ഹോങ്ക്കോങ്, മലേഷ്യ, കമ്പോഡിയ, ഇൻഡോനേഷ്യ, ശ്രീലങ്ക, മാലി, പാക്കിസ്ഥാൻ എന്നിവയ്‌ക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളായ ദിജിബൂട്ടിയിലും സുഡാനിലും വരെ എത്തി നിൽക്കുന്നു അവരുടെ സമുദ്രാതിർത്തികൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക സഹായങ്ങൾ. പ്രധാനമായും തുറമുഖങ്ങൾ നിർമ്മിക്കാനും വ്യാപാര രംഗത്ത് തങ്ങളുടെതായ നേട്ടങ്ങൾ കൊയ്യാനുമാണ് ചൈനീസ് സർക്കാർ ഈ തുറമുഖങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
തെക്കു കിഴക്കനേഷ്യയിൽ ചൈനയും ഇന്ത്യയുമൊഴികെ മറ്റെല്ലാ രാജ്യങ്ങളും സാമ്പത്തിക സൈനിക മേഖലകളിൽ ഏറെ പുറകിലാണ്. ഈ അവസരത്തിൽ രാജ്യത്തിന് നേട്ടമെന്നുതകുന്ന തരത്തിലുള്ള ചൈനയുടെ സഹായങ്ങൾ വാങ്ങാൻ ഈ രാജ്യങ്ങൾ മടികാട്ടുന്നുമില്ല. ഇതുവഴി രാജ്യങ്ങൾക്ക് നേട്ടമുണ്ടെങ്കിലും ചൈനീസ് സാമ്രാജിത്വത്തെ ഈ രാജ്യങ്ങളിൽ വേരുറപ്പിക്കാൻ അവർക്ക് സാധിക്കും. അതുവഴി ഇന്ത്യയുടെ സാമ്പത്തിക സൈനിക മേൽക്കോയ്‌മയെ താറുമാറാക്കാനും സാധിക്കും. ബംഗ്ലാദേശിലെ ധാക്ക, മലേഷ്യയിലെ ക്വാലലമ്പൂർ, ശ്രീലങ്കയിലെ ഹമ്പാനതോത, പാക്കിസ്ഥാനിലെ കറാച്ചി, ദിജിബൂട്ടി എന്നിവിടങ്ങളിൽ ചൈനീസ് സഹായത്തോടെ നിർമ്മിച്ച ബൃഹത്തായ തുറമുഖങ്ങൾ നിലവിൽ വന്നിരിക്കുന്നു. ഒരുപക്ഷേ ചൈനീസ് നാവിക സേനയ്‌ക്ക് ഈ തുറമുഖങ്ങൾ ഏറെ ഗുണകരമാകും. ഇന്ത്യയോട് ഏറെ അടുത്ത് നിൽക്കുന്ന ശ്രീലങ്കയിലെ ഹമ്പാനതോതയിലെ തുറമുഖം ഇതിന് അനുയോജ്യമായ ഉദാഹരണമാണ്.
യുദ്ധ സാഹചര്യമുണ്ടായാൽ തങ്ങളുടെ നാവിക ശക്തിയെ ഇന്ത്യക്കെതിരെ തിരിക്കാൻ ചൈനയ്‌ക്ക് തുറമുഖങ്ങൾ വഴി സാധിക്കും. ഇന്ത്യയോട് ഏറെ ശത്രുത പുലർത്തുന്ന പാക്കിസ്ഥാനിലെ കറാച്ചിയിലും ചൈനീസ് സഹായത്തോടുകൂടിയ തുറമുഖം ഉണ്ടെന്നുള്ളത് ഓർക്കേണ്ടത് ഏറെ അനിവാര്യമായ സംഗതിയാണ്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനും ഗഡ്വാറിൽ ഒരു തുറമുഖവും ചൈന നിർമ്മിക്കുന്നുണ്ട്. മലേഷ്യയിലെ മലാക്കായിൽ 7.2 ബില്ല്യൻ ഡോളർ ചെലവിലാണ് ചൈന തുറമുഖം നിർമ്മിക്കുന്നത്. ഇതിനുപുറമെ ബംഗ്ലാദേശിലെ ചിറ്റാങ്‌ഗോങ്, മലേഷ്യയിലെ കുന്താങ്, മാലി എന്നിവിടങ്ങളിൽ ചൈനയ്‌ക്ക് തുറമുഖ പദ്ധതികളുണ്ട്.
വ്യവസായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ തുറമുഖങ്ങൾ എന്ന് ചൈന ലോകരാഷ്‌ട്രങ്ങളോട് പറയുന്നുണ്ടെങ്കിലും 2014ൽ കൊളംബോ തുറമുഖത്ത് ചൈനീസ് മുങ്ങിക്കപ്പലും യുദ്ധക്കപ്പലും കണ്ടെത്തിയത് ഏറെ ആശങ്കകൾ ഉളവാക്കിയിരുന്നു. ചൈന രാജ്യത്തിനോട് ചേർന്ന് നിർമ്മിക്കുന്ന ഏതൊരു പദ്ധതികൾക്കും പിന്നിൽ അജണ്ടകൾ ഉണ്ടെന്ന് ഇന്ത്യ വ്യക്തമായി മനസിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: