മഹാദേവ സവിധത്തില്‍ ഓട്ടന്‍തുള്ളലിനിടെ ഗുരുസ്ഥാനീയനു മുന്നില്‍ നമിച്ചുകൊണ്ട് ആശാന് യാത്രയായി. ആ രംഗത്ത് നമസ്കരിക്കേണ്ട അവസരമേയല്ല. എന്തോ ആശാന് ഒരു ഉള്‍വിളി തോന്നിയതാവാം. തലേന്ന് എറണാകുളത്തപ്പന്റെ ഉത്സവത്തിന് നിറഞ്ഞ സദസ്സിനുമുന്നില്‍ തിമര്‍ത്താടിയത് മുഴുവന്‍ കാണുവാന്‍ എനിക്കായി. കിരാതംകഥ എന്റെ മനസ്സില്‍നിന്നും പോവില്ല. അവിടെ ഭക്തിപരമായ രംഗമാണ് ആശാന് കാഴ്ചവച്ചത്. കാട്ടാളരൂപത്തില്‍ വന്ന് അര്‍ജുനനെ പരീക്ഷിക്കയും ആ ഭഗവാന്റെ രൂപം
പാര്ത്ഥന് മണ്ണിനാല്‍ തീര്‍ത്ത് പരമേശനെ മനസ്സറിഞ്ഞ് വിളിച്ച ഭാവം അതീവഹൃദ്യമായിരുന്നു. എറണാകുളത്തപ്പനുള്ള സമര്‍പ്പണമായിരുന്നു അത്. വേദിയില്‍ നിന്നും ഇറങ്ങിവന്ന ആശാന് അന്ന് കളികാണാന്‍ വന്ന, എനിക്ക് പരിചയമില്ലാത്ത വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. ”എന്റെ ആവനാഴിയിലെ ഒരമ്പാണിത്” എന്നെ അവര്‍ക്കുമുന്നില്‍ നിര്‍ത്തി പറഞ്ഞത് മറക്കാനാവില്ല. പിന്നെ എന്റെ കൈപിടിച്ചു പറഞ്ഞു ”നീ തുള്ളിക്കോളൂ ഞാന്‍ ഒപ്പം പാടാന്‍ വരാം” ഇത്രയും പറഞ്ഞാണ് ആശാന് യാത്രയായത്. അതൊരു യാത്രപറയലാവും എന്ന് ഞാന്‍ കരുതിയില്ല.
ഞാന്‍ പിറ്റേന്നും എറണാകുളത്തപ്പന്റെ ഉത്സവം കാണാന്‍ പോയി. ഗംഭീരമായ മേളവും തായമ്പകയും മതിമറന്ന് കേള്‍ക്കവെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. ”ഇരിങ്ങാലക്കുട അവിട്ടത്തൂരിലെ വേദിയില്‍ ആശാന് വീണു മരിച്ചു.” ഞാന്‍ ആകെ തകര്‍ന്നുപോയി. ഇന്നലെ ഒപ്പം കണ്ട ആശാന് ദേവപദത്തിലെത്തി. അത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.
കുട്ടിക്കാലം മുതല്‍ കലാമണ്ഡലം ഗീതാനന്ദന് എന്ന തുള്ളല്‍ക്കാരനെ അറിയാം. അദ്ദേഹത്തിന്റെ ആരാധകരാണ് എന്റെ കുടുംബക്കാര്. ആശാന്റെ അച്ഛനും ഓട്ടന്‍തുള്ളല്‍കാരന്‍ തന്നെയായിരുന്നു. മോഹം വളര്‍ന്ന് അഞ്ചാം വയസ്സുമുതല്‍ ഞാന്‍ തുള്ളല്‍ പഠനം തുടങ്ങി. അത് ആശാന്റെ ജ്യേഷ്ഠന് വാസുദേവന്‍ നമ്പീശനു കീഴിലായിരുന്നു ആദ്യത്തെ ഒരുവര്‍ഷത്തെ പഠനം. കൃഷ്ണലീലയാണ് അന്ന് പഠിച്ചത്. അദ്ദേഹം മൃദംഗ കലാകാരനുമായിരുന്നു. കലാമണ്ഡലം ഗീതാനന്ദനാശാനെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ്. വീട്ടില്‍ വരുമ്പോഴും അദ്ദേഹത്തിന്റെ കലാമണ്ഡലം ക്വാര്‍ട്ടേഴ്സിലും കലാമണ്ഡലം കളരിയിലും എന്നെ പഠിപ്പിച്ചു. മുദ്രയുടെ നിഷ്കര്‍ഷത ആശാന് നിര്‍ബന്ധമാണ്. ആശാന്റെ മകനും, ഇപ്പോള്‍ കലാമണ്ഡലത്തിലെ തുള്ളല്‍ അധ്യാപകനുമായ മോഹനകൃഷ്ണനും ഞാനും സഹപാഠികളായിരുന്നു. ഞങ്ങള്‍ ഒരേ നാട്ടുകാര്‍ തന്നെയാണ്. യൂത്ത് ഫെസ്റ്റിവല്‍ മോഹവുമായി വിദ്യാര്‍ത്ഥികള്‍ വന്നപ്പോള്‍ അതില്‍ തീരെ മോഹമില്ലാത്ത എന്നെ ആശാന് തന്നെയാണ് നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചത്. നാല് വര്‍ഷം മത്സരത്തിന് സംസ്ഥാനതലത്തില്‍ പോയിരുന്നു. അതില്‍ ഒന്നാമതെത്തിയതും ആശാന്റെ അനുഗ്രഹമാണ്. എന്റെ മത്സര ദിവസം ആശാന് സില്‍ക്ക് ജുബ്ബയും അണിഞ്ഞാണ് വരിക. ഇനി അതിന്റെ കുറവു വേണ്ടെന്ന് ചിരിച്ചുകൊണ്ട് ആശാന് പറയും.
കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പുവരെ ഞാന്‍ തുള്ളല്‍ രംഗത്തുണ്ടായിരുന്നു. ആശാന് പറയും ”എന്നായാലും നിന്റെ തുള്ളലിന് ഞാന്‍ എന്തായാലും വരാം. ഒന്നുവിളിച്ചാല്‍ മതി”. ഒട്ടേറെ വേദികളില്‍ ഞാന്‍ ആശാനൊപ്പം തുള്ളല്‍ക്കഥയുമായി ആടി. മിക്കവാറും ക്ഷേത്രസങ്കേതങ്ങള്‍. ആശാന് പിന്നണിപാടിയാല്‍ പ്രത്യേക ഊര്‍ജമാണ്. ആശാന്റെ ചടുലതയാര്‍ന്ന അവതരണത്തെ ഞാന്‍ കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്. പാടാനും ആടാനും ഇത്രയേറെ മികവുള്ളവര്‍ കുറവാണ്. രണ്ടുംചേര്‍ന്ന അവതാരമാണ് ആശാന്.
ഡാന്‍സ് ടീച്ചറാണ് ആശാന്റെ ഭാര്യ. ശോഭാ ഗീതാനന്ദന്. കലാമണ്ഡലത്തിനടുത്ത് ചൈതന്യ എന്ന സ്ഥാപനം നടത്തുന്നു. സിനിമയിലും നൃത്തരംഗം അവര്‍ സംവിധാനം ചെയ്തുവരുന്നു. മക്കള്‍, സനല്‍കുമാര്‍, ശ്രീലക്ഷ്മി എന്നിവര്‍ തുള്ളല്‍ രംഗത്തുണ്ട്. മുന്‍കാലത്ത് ദുരിതപൂര്‍ണമായിരുന്നു ആശാന്റെ കുടുംബം. തുള്ളല്‍കാരനായ അച്ഛന്റെ നാടുവിടലും അങ്ങനെ കഷ്ടപ്പാട് അവര്‍ അനുഭവിച്ചു എന്നു കേട്ടിട്ടുണ്ട്. മകന്റെ വിയോഗം അനുഭവിച്ച സാവിത്രി ബ്രാഹ്മണിയമ്മയെ കാണാനാണ് എനിക്ക് വിഷമം. വന്ദ്യവയോധികയായ ആ മുത്തശ്ശി അവശതയിലാണ്.
ബൈപാസ് കഴിഞ്ഞ് വിശ്രമിക്കാന്‍ ആശാന് ശ്രമിച്ചില്ല. കിരീടവും ചൂടിവേണം മരിക്കാന്‍ എന്ന് ആ മഹാനായ കലാകാരന് പറയും. അതുപോലെയെല്ലാം സംഭവിച്ചു. ഇനിയും കുറേക്കാലം കൂടി രംഗത്ത് നിറഞ്ഞുനില്‍ക്കേണ്ടതായിരുന്നു. സമയം വന്നു. ചമയത്തോടെ ദേവലോകത്ത് ചെന്ന അപൂര്‍വം കലാകാരന്മാരില് ഒരാള്‍. ഒരു ഭാഗ്യം തന്നെ വേണം. പലരും മോഹിക്കുന്ന ഒന്നാണിത്.
ദേവകഥപാടി, ഫലിതം പറഞ്ഞു അരങ്ങില്‍നിറഞ്ഞും കുട്ടികളടക്കമുള്ള സദസിനെ കയ്യിലെടുത്തും ഒരു ജന്മം. മക്കള്‍ അടക്കമുള്ള ശിഷ്യഗണങ്ങള്‍ നോക്കിനില്‍ക്കെയാണ് ”പദ്ധതി തന്നില്‍ മുടങ്ങി കിടക്കുന്ന” എന്ന വരി പാടാതെ അരങ്ങൊഴിഞ്ഞത്.
ഉത്സവങ്ങളുടെ ഈ നാട്ടില്‍ നിന്നും ആശാന് പോകാന്‍ കഴിയില്ല. ഉത്സവപറമ്പുകളിലെല്ലാം ആശാന്റെ സാന്നിധ്യം ഉണ്ടാവും. സര്‍വകളരികളിലും ആ മുദ്രകളും ചലനങ്ങളും സംഗീതവും മുഴങ്ങിനില്‍ക്കും.
കുഞ്ചന്‍ എഴുതിവച്ചത്
തുടര്‍ന്നാടാന്‍
മനയോല തേച്ച്
കിരീടം ചൂടി
ഉടുത്തുകെട്ടി
എത്തും ചിലങ്കകളുടെ
മണിനാദം എന്റെ
കാതുകളില്‍ ഇന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: