ഋഷിതുല്യനായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ രാജ്യം ഒരിക്കല്‍ക്കൂടി ആദരിക്കുന്നു. ഒരുപക്ഷെ, പദ്മഭൂഷണ്‍ ബഹുമതി ആദരിക്കപ്പെട്ടിരഹിക്കുന്നു എന്നും പറയാം. ഏപ്രില്‍ 27ന് 101-ാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം ഇന്നും പൊതുരംഗത്ത് സജീവസാന്നിധ്യം. സഭയ്ക്കുമാത്രമല്ല ലോകത്തിനാകെ വഴികാട്ടി. നൂറിന്റെ നിറവിലും ചിരിയിലൂടെ ചിന്ത പകര്ന്നുനല്കുന്ന ഈ സ്വര്‍ണ്ണനാവുകാരന്റെ വചസ്സുകള്‍ക്ക് ലോകം കാതോര്‍ക്കുന്നു. വിറയാര്‍ന്നതെങ്കിലും ഉറച്ചകാല്‍വെപ്പുകളോടെ ജനസഹസ്രങ്ങളിലേക്ക് കടന്നുചെല്ലുകയാണ് വലിയമെത്രാപ്പോലീത്ത.
മലയാളിക്ക് ചിരപരിചിതമാണ് ആ ജീവചരിത്രം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യുസി കോളേജില്‍ നിന്ന് ബിഎ ബിരുദംനേടി. പിന്നീട് ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ ദൈവശാസ്ത്ര പഠനം നടത്തിയശേഷമാണ് ഫിലിപ്പ് ഉമ്മന്‍ ദൈവവേലയ്ക്കായി നിയോഗിതനാകുന്നത്. 1940 മുതല്‍ 42 വരെ അങ്കോലയില്‍ മിഷനറിയായിപ്രവര്‍ത്തിച്ചിരുന്നു. 1944 ജനുവരി ഒന്നിന് ശെമ്മാശനായും ജൂണ്‍ മൂന്നിന് വൈദികനായും നിയോഗം ലഭിച്ചു. ബാംഗ്ലൂരില്‍ ആയിരുന്നു ആദ്യ വൈദിക ശുശ്രൂഷയ്ക്ക് അവസരം കിട്ടിയതെന്ന് വലിയമെത്രാപ്പോലീത്ത. കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം തുടങ്ങിയ മാര്‍ത്തോമ്മ ഇടവകകളില്‍ പുരോഹിതനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1953ല്‍ റമ്പാനായി. ഇതേ വര്‍ഷം മെയ് 23ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ ബിഷപ്പായി ചുമതലയേറ്റു.
ക്രിസോസ്റ്റം എന്നവാക്കിന് സ്വര്‍ണ്ണ നാവുകാരന് എന്നാണ് അര്‍ത്ഥം. ഇത് അന്വര്‍ത്ഥമാക്കുംവിധമാണ് അദ്ദേഹത്തിന്റെ വചസ്സുകള്‍. ആ വാക്ധോരണിയില് അലിയാത്ത മനമില്ല,നിറയാത്ത ഹൃദയങ്ങളുമില്ല, തൃപ്തിവരാത്ത മനുഷ്യരുമില്ല. കടന്നുചെന്ന വേദികള്‍ ആധ്യാത്മികമാണെങ്കിലും സാംസ്ക്കാരികമാണെങ്കിലും ഈ സുവര്‍ണ്ണനാവുകാരന്റെ വാക്കുകള്‍ അമൃതധാരയായി ജനസഹസ്രങ്ങളിലേക്ക് പെയ്തിറങ്ങുന്നു. ഭാരതീയ സംസ്കൃതിയില്‍ അവഗാഹം നേടിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ചിന്താധാരകള്‍ ഭാരതീയമാണ്.
1954 മുതല്‍ കുന്നംകുളം ഭദ്രാസനത്തിന്റെ ചുമതലയേറ്റു. ഇതിനിടെ, ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി. അടൂര്‍, കൊട്ടാരക്കര, തിരുവനന്തപുരം കൊല്ലം, മാവേലിക്കര, റാന്നി, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, തുമ്പമണ്‍ തുടങ്ങിയ ഭദ്രാസനങ്ങളുടെ എപ്പിസ്കോപ്പയായും പ്രവര്‍ത്തിച്ചു. 1978 മെയില്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ട ഇദ്ദേഹം 1999ല്‍ ഓഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായും മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയായും സ്ഥാനമേറ്റു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്പ്പട്ട സ്ഥാനത്തിരുന്ന മെത്രാപ്പൊലീത്തയെന്ന ബഹുമതിയുമായി 2007ല്‍ സഭയുടെ ഭരണച്ചുമതലകളില്‍ നിന്നൊഴിഞ്ഞു. മാര്‍ത്തോമ സഭയുടെ മാത്രമല്ല ഏവരുടേയും വലിയ മെത്രൊപ്പൊലീത്തയായി മാരാമണ്ണില്‍ പമ്പയുടെ തീരത്തെ ആശ്രമത്തില്‍ ഇപ്പോള്‍ ജനഹിതത്തിനായി പ്രവര്‍ത്തിക്കുന്നു.
പ്രസംഗത്തില്‍ മാത്രമല്ല അദ്ദേഹം ജനനന്മ ആഗ്രഹിക്കുന്നത്. പ്രവൃത്തിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കുകയാണ്. സാമൂഹിക സേവനരംഗത്ത് തനതായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. വിശക്കുന്നവന് അന്നം നല്‍കാനുള്ള മീല്‍സ് ഓണ്‍ വീല്‍സ്, ഓട്ടോറിക്ഷാ തൊഴിലാളികളുടെ അഭ്യുന്നതിക്കുവേണ്ടിയുള്ള പദ്ധതി തുടങ്ങി പൊതുസമൂഹത്തിന് അനുഗ്രഹമാകുന്ന എത്രയോ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. നിര്‍ദ്ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചതും കിടപ്പാടം നല്കിയതും ഈ മനുഷ്യസ്നേഹിയുടെ നിതാന്ത ജാഗ്രത മൂലമാണ്. മനുഷ്യന് മനുഷ്യനായി ജീവിക്കണമെന്നും, മനുഷ്യനില്‍ മനുഷ്യനെ കണ്ടെത്തണമെന്നും ഉപദേശിക്കുന്ന വലിയമെത്രാപ്പോലീത്ത എടുത്തുപറഞ്ഞിരുന്നത്, മാറേണ്ടത് മനസ്സാണ് എന്നായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന ആര്‍ക്കും കുചേലന് കൃഷ്ണനെന്നവണ്ണം നല്ല സുഹൃത്താണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ജാതി, മത ചിന്തകള്‍ക്കതീതമായി വലിയമെത്രാപ്പോലീത്ത കൈവരിച്ച പൊതുസമ്മതിയുടെ അംഗീകാരം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരം.
പുരസ്ക്കാരലബ്ധിക്കുപിന്നാലെ അഭിനന്ദനങ്ങളുമായി അദ്ദേഹത്തിന്റെ അനുഗ്രഹംവാങ്ങാനായി എത്തിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരോട് സാധാരണക്കാരനായ തനിക്ക് ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതിലൂടെ രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണെന്നാണ് ആ സുവര്‍ണ്ണനാവുകാരന്റെ മറുപടി. രാജ്യത്തിനുവേണ്ടി ഏറെ നന്മയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ല. എന്നാല്‍ ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളില്‍ ഇത്തരം ബഹുമതികള്‍ പ്രമാണിമാര്‍ക്കു മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍ ഭാരതം ഇതു സാധാരണക്കാര്‍ക്കും നല്കുന്നതില് അഭിമാനമുണ്ട്, അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: