ജനുവരി 26 മുതല്‍ മൂന്നു ദിവസത്തെ സംഘപ്രവാസികാര്യകര്തൃശിബിരം പാലക്കാടിനടുത്ത് കല്ലേക്കാട് വ്യാസവിദ്യാപീഠം വളപ്പില്‍ നടന്നത് പതിവില്‍ കവിഞ്ഞ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ഊഹാപോഹങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തു. അതിന് പ്രധാന കാരണം സര്‍സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതും തുടര്‍ന്ന് ഗണതന്ത്രദിന സന്ദേശം നല്കിയതുമായിരുന്നു. അന്ന് ജില്ലാ ആസ്ഥാനത്ത് നടന്ന ഔപചാരിക ചടങ്ങുകളേക്കാള്‍ മാധ്യമ സാന്നിധ്യം കല്ലേക്കാട്ടുണ്ടായി. മോഹന്‍ജിയുടെ പടംപിടിക്കാനും മറ്റും അവരുടെ പടംപിടുത്തക്കാര്‍ പാഞ്ഞുനടക്കുകയായിരുന്നു. ഗണതന്ത്ര ദിവസത്തിന്റെ പ്രാധാന്യത്തെയും, ജനങ്ങള്‍ അതിനെ കാണേണ്ട വിധത്തെയും, രാജ്യം വിശ്വരാഷ്ട്ര സമുച്ചയത്തില്‍ അഗ്രിമസ്ഥാനത്തെത്തേണ്ട ആവശ്യകതയെയും തന്റെ പ്രഭാഷണത്തില്‍ മോഹന്‍ജി വിവരിച്ചു. ചടങ്ങുകളുടെ അവസാനത്തില്‍ ആര്. ഹരിയുടെ രചനാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മവും നടത്തപ്പെട്ടു. ഭാരതത്തിന്റെ പു
രാവസ്തു വകുപ്പിലെ ഉന്നതപദവികള്‍ വഹിച്ചു, അയോധ്യയിലെ രാമജന്മഭൂമിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുകയും, ഭാരതമെങ്ങുമുള്ള ആയിരക്കണക്കിന് പുരാതന ക്ഷേത്രങ്ങളുടെയും പ്രാചീന സാംസ്കാരിക കേന്ദ്രങ്ങളുടെയും വീണ്ടെടുപ്പിന് മുന്‍കൈയെടുക്കുകയും ചെയ്ത കെ.കെ. മുഹമ്മദിന് പ്രസ്തുത ഗ്രന്ഥം നല്കിക്കൊണ്ടായിരുന്നു അതിന്റെ പ്രസിദ്ധീകരണ ഉദ്ഘാടനം. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണമഭ്യര്ത്ഥിച്ചുകൊണ്ട് മുന്‍ സര്‍സംഘചാലക് സുദര്‍ശന്‍ജിയുമായി നടത്തിയ എഴുത്തുകുത്തുകളും പരാമര്‍ശിച്ചു.
ആഗസ്ത് 15 ന് പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ജി ദേശീയ പതാക ഉയര്‍ത്തിയതിനെച്ചൊല്ലി സര്‍ക്കാര്‍ തലത്തിലും മാധ്യമതലത്തിലും നടന്ന അസഹിഷ്ണുതയുടെ വട്ടംചവിട്ടും കലാശം മുറുക്കലും, ഇളകിയാട്ടങ്ങളും അഷ്ടകലശവും മറ്റും കെട്ടടങ്ങിയില്ലായിരുന്നു. ഇന്ന് ഭാരതത്തിലെ ഏറ്റവും ആദരണീയ വ്യക്തികളില്‍ ഒരാളായ മോഹന്‍ജി പതാക ഉയര്‍ത്തിയതില്‍ കമ്യൂണിസ്റ്റ് ഭരണകൂടം അസ്വസ്ഥമായതില്‍ അതിശയിക്കാനില്ല. ദേശീതതയും രാജ്യസ്നേഹവും അവര്‍ക്ക് പിടിക്കാത്ത സ്വഭാവങ്ങളാണല്ലോ. ആഗസ്റ്റ് 15 ന്റെ സംഭവത്തില്‍ വാശിതീര്‍ക്കാന്‍, സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവത് ചെയ്തതെന്നും, നടപടി പേടിച്ച് സംസ്ഥാന നിയന്ത്രണത്തിലല്ലാത്ത വ്യാസവിദ്യാപീഠത്തിലാണ് പതാക ഉയര്‍ത്തിയതെന്നും ചില ചാനല്‍ ചര്‍ച്ചാ വിദഗ്ധര്‍ കാച്ചിവിട്ടു. ധ്വജാരോഹണത്തിനുശേഷം പത്രക്കാര് അദ്ദേഹത്തെ വളഞ്ഞു എന്തെങ്കിലും പറയിക്കാന്‍ വിഫലശ്രമം നടത്തി.
കല്ലേക്കാട് ശിബിരം കേരളത്തില്‍ നടന്ന ഏറ്റവും വലുതും സംഘടനാ ദൃഷ്ടിയില് സുപ്രധാനവും അതില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് ദിശാബോധകവുമായിരുന്നു. സംഘസഹജമായ അടുക്കും ചിട്ടയും ആദ്യന്തം നിലനിന്നു. സംസ്ഥാനത്ത് സംഘത്തിന്റെ സര്‍വതോമുഖമായ മുന്നേറ്റത്തിന്റെ ചാട്ടുപടിയായി ഈ ശിബിരം ഇടംനേടുമെന്നതിനു സംശയമില്ല. 26 ഏക്കര്‍ വരുന്ന വ്യാസവിദ്യാപീഠ വളപ്പില്‍ എ.വി. ഭാസ്കരന് എന്ന പ്രിയ ഭാസ്കര്‍ജിയുടെ അപ്രത്യക്ഷ സാന്നിധ്യവും ചൈതന്യവും നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. ഭാസ്കര്ജിയില്ലാത്ത വ്യാസവിദ്യാപീഠത്തെക്കുറിച്ച് ചിന്തിക്കുക അസാധ്യമായിരുന്നു. അവിടത്തെ ഓരോതരി മണ്ണിലും അദ്ദേഹമുണ്ട്. താന്‍തന്നെ പടുത്തുയര്‍ത്തിയ ആ സമുച്ചയവും ബാലഭദ്രാേക്ഷത്രവും, വിഭാവനം ചെയ്ത വിശാലമായ കായികക്രീഡാങ്കണവും നേരില്‍ കണ്ട് സംതൃപ്തനാകാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. 400 മീറ്റര്‍ റണ്ണിങ് ട്രാക്കും എല്ലാ കായിക വിനോദസൗകര്യങ്ങളുമുള്ള സ്റ്റേഡിയമെന്ന മോഹം സാക്ഷാത്കരിക്കപ്പെട്ടത് കാണാന്‍ അദ്ദേഹമിന്നില്ല. ഇത്രയേറെ സൗകര്യങ്ങളുള്ള മറ്റൊരു വിദ്യാലയസാകല്യം പാലക്കാട്ടെന്നല്ല സംസ്ഥാനത്തെവിടെയുമുണ്ടെന്നു തോന്നുന്നില്ല.
കേരളത്തെ സംഘപ്രവര്‍ത്തനത്തിലെ ഒരു പ്രത്യേക ഘടകമായി കരുതപ്പെട്ടശേഷം ആദ്യമായി ഇത്തരത്തിലൊരു ശിബിരം ആറു പതിറ്റാണ്ടു മുമ്പ് തൃശ്ശിവപേരൂരില്‍ നടന്നതു ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. 1958 ല്‍ ഇന്ന് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ കോവിലകപ്പറമ്പിലായിരുന്നു ശിബിരം; പാലസ് ഗ്രൗണ്ട് എന്ന് ആംഗലം. ഞാന്‍ പ്രചാരകനായശേഷം പങ്കെടുത്ത ആദ്യ ശിബിരമായിരുന്നു അത്. പൂജനീയ ഗുരുജി ആദ്യന്തം സ്വയംസേവകരോടൊപ്പം മൈതാനത്തുതന്നെ താമസിച്ചു. നാനൂറുപേരില്‍ താഴെ മാത്രമേ സ്വയംസേവകരുണ്ടായിരുന്നുള്ളൂ. സംഘപ്രവര്‍ത്തനം ഏറ്റവും ദുര്‍ബ്ബലമായിരുന്ന കാലമായിരുന്നു അത്. കേരളത്തില്‍ ശാഖാപ്രവര്‍ത്തനത്തിനു പുറമേ ഒരു കാര്യത്തിലും സ്വയംസേവകര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മുളയും തെങ്ങോലയും ഉപയോഗിച്ച് നിര്‍മ്മിച്ച വിരിപന്തലിലാണ് താമസം. നിലത്തു വിരിക്കാന്‍ അവരവര്‍ കൊണ്ടുവന്ന വിരിപ്പുമാത്രം. കുളി വടക്കേച്ചിറയില്‍. അതിന്നത്തേതുപോലെ മാലിന്യം നിറഞ്ഞതായിരുന്നില്ല. ജലസമൃദ്ധമായിരുന്നു. പന്തലിന്റെ നിര്‍മാതാവ് ജര്‍മന്‍ എന്നറിയപ്പെട്ടിരുന്ന കരാറുകാരനായിരുന്നു. മലയാളമല്ലാതെ ഒരു ഭാഷയും വഴങ്ങാത്ത ആ ‘ജര്‍മന്‍’ ആരോടും ഇംഗ്ലീഷ് പറയുമായിരുന്നു. ‘ഐ ജര്‍മ്മന്‍ ഹണ്‍ഡ്രഡ് ലെഗ്ഗ്ഡ് പന്തല്‍മാന്‍ ജര്‍മ്മന്‍’ എന്ന് തുടങ്ങി പൂരപ്പന്തലും കോണ്‍ഗ്രസ് പന്തലും താനാണുണ്ടാക്കിയതെന്ന് പറയുന്നതു കേള്‍ക്കാന്‍ രസമായിരുന്നു. അദ്ദേഹത്തിന് ‘സ്വാമിജി’യുടെ ഒരു സര്‍ട്ടിഫിക്കറ്റ് വേണം. പ്രാന്തപ്രചാരക് ദത്താജി ഡിഡോള്‍ക്കര്‍ അതു സാധിച്ചുകൊടുത്തു. ഗുരുജിയുടെ മുമ്പിലും ജര്‍മന്‍ ഇംഗ്ലീഷ് പ്രവഹിച്ചു. അദ്ദേഹം ജര്‍മന്‍ സര്‍ട്ടിഫിക്കറ്റും നല്കി.
ശിബിരത്തില്‍ ശ്രീ ഗുരുജിയെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ പത്തേഴത്ത് രാമന് മേനോനുമുണ്ടായിരുന്നു. അദ്ദേഹം സ്വയംസേവകരോടു ഹനുമാനെപ്പറ്റി ഒരു പ്രഭാഷണം നടത്തി. എന്നെ സംബന്ധിച്ചിടത്തോളം ഹനുമാനെ വീക്ഷിക്കുന്നതില്‍ ഒരു പുതിയ കാഴ്ചപ്പാടുതന്നെ ആ പ്രഭാഷണം നല്കി. പുത്തേഴത്തിന്റെ നര്‍മത്തില്‍ പൊതിഞ്ഞ അവതരണരീതി അന്നാണ് നേരിട്ടനുഭവിച്ചത്. അദ്ദേഹത്തിന്റെ ടാഗോര്‍ കഥകളും ടോള്‍സ്റ്റോയി കഥകളും നേരത്തെ വായിച്ചിരുന്നു.സംഘപ്രവര്‍ത്തനം വളരെ ദുര്‍ബലമായിരുന്ന കാലഘട്ടമായിരുന്നു അന്ന്. ആദ്യ നിരോധനകാലത്തും സത്യഗ്രഹത്തിലും സജീവരായിരുന്ന പല പ്രമുഖരും പിന്മാറുകയും നിരാശയില്‍ മുഴുകിക്കഴിയുകയുമായിരുന്നു. സംഘത്തിന്റെ ഘടനയും പ്രവര്‍ത്തനശൈലിയും അപ്രസക്തമായി എന്നും, അതു പരിവര്‍ത്തനം ചെയ്യപ്പെടുന്നില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ പ്രയാസപ്പെടുമെന്നും പലരും ഗുരുജിയോടു പറഞ്ഞിരിക്കും. കേരളത്തില്‍ അക്കാലത്ത് നൂറ്റിയിരുനൂറോളം ശാഖകളാണുണ്ടായിരുന്നത്. തമിഴ്നാട്ടില്‍ മുപ്പത്തിയഞ്ചും. വന്‍ ഇടിവു സംഭവിച്ചത് തമിഴ്നാട്ടിലായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗുരുജിയുടെ സമാരോപ് ബൗദ്ധികിലെ ചില ഭാഗങ്ങള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്. ഡോക്ടര്‍ജി സംഘത്തിനു നല്കിയ ആദര്‍ശത്തിന്റെ അപ്രമാദിത്തവും, സംഘകാര്യ പദ്ധതിയുടെ സര്വോത്കൃഷ്ടതയും, കുറ്റമറ്റ സ്വഭാവവുമായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞ കാര്യങ്ങള്‍. ഇതു തുടര്‍ന്നുപോകുമ്പോള്‍ ശാഖകള്‍ നിലയ്ക്കുകയാണെങ്കില്‍ ഞാന്‍ ഒറ്റയ്ക്കായാല്‍ കന്യാകുമാരി മുതല്‍ തുടങ്ങി ഒന്നൊന്നായി ശാഖകള്‍ ആരംഭിക്കാന്‍ പുറപ്പെട്ടുമെന്നദ്ദേഹം പറഞ്ഞതുകേട്ട് സ്വയംസേവകര്‍ അന്തംവിട്ടതുപോലെയായി. ആ ചൈതന്യം ഉള്‍ക്കൊണ്ട ദൃഢനിശ്ചയം സ്വയം കൈക്കൊണ്ടാണ് അന്ന് എല്ലാവരും സ്വക്ഷേത്രങ്ങളിലേക്കു മടങ്ങിയതെന്നുറപ്പാണ്. സംഘത്തിന്റെ കേരളത്തിലെ ഉല്കര്ഷപ്രയാണം അവിടെ തുടങ്ങിയതായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
ദേശീയപതാകാ പ്രശ്നത്തില്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംഘത്തിനും മോഹന്ജിക്കുമെതിരെ നടത്തുന്ന പ്രഛന്നയുദ്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പൊതുപ്രഭാഷണത്തിലോ, ശിബിരത്തില്‍ നടത്തിയ ബൗദ്ധിക്കുകളിലോ മാര്ഗദര്ശനത്തിലോ ഒരു വാക്കുപോലും പരാമര്‍ശിച്ചില്ല. ഇത് 1948 ജനുവരിയില്‍ തിരുവനന്തപുരത്തെ തൈക്കാട്ട് മൈതാനത്ത് ശ്രീ ഗുരുജിയുടെ പരിപാടിയില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തിയ വിഫലമായ ആക്രമണത്തിന് സമാനമായി കരുതപ്പെടണം. ആക്രമണത്തിനു ശേഷമായിരുന്നു ശ്രീ ഗുരുജിയുടെ പ്രഭാഷണം. അവിടെ അങ്ങനെ ആക്രമണം നടന്നതിനെ പരാമര്‍ശിക്കപോലും ചെയ്യാതെ സംഘത്തിന്റെ അടിസ്ഥാന കാര്യങ്ങളെയും സമകാലീന കൃത്യങ്ങളെക്കുറിച്ചും, അക്ഷോഭ്യനായി സംസാരിച്ച ഗുരുജിയുടെ വാങ്മയ ചിത്രം ഒരധ്യാപകന് നല്‍കിയത് മറക്കാനാവില്ല. 48 ലെ തിരുവനന്തപുരത്തെയും, 2018 ല്‍ പാലക്കാട്ടേയും കമ്യൂണിസ്റ്റ് പ്രകോപനങ്ങളെ സംഘം ഒരേ നിസ്സംഗതയോടെയാണ് സമീപിച്ചത് എന്ന് സഖാക്കള്‍ തിരിച്ചറിയാത്തത് കഷ്ടംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: