സെഞ്ചൂറിയന്‍: വിജയവഴിയില്‍ തിരിച്ചെത്തിയ ഇന്ത്യ ഏകദിന പരമ്പലക്ഷ്യമിട്ട് ഇറങ്ങുന്നു. പരിക്കില്‍ പിടയുന്ന ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ഏകദിന മത്സരം ഇന്ന് സെഞ്ചൂറിയനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം 1.30 ന് കളി തുടങ്ങും.
കിങ്സ്മീഡിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ ആറു മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് മുന്നിലാണ്. സെഞ്ചൂറിയനിലുള്പ്പെടെ അരങ്ങേറുന്ന മത്സരങ്ങളില്‍ വിജയം കൊയ്ത് പരമ്പര പോക്കറ്റിലാക്കാനാനുള്ള ശ്രമത്തിലാണ് കോഹ് ലിയും കൂട്ടരും. ടെസറ്റ് പരമ്പര നഷ്ടമായതിന് ഏകദിനത്തിലൂടെ പകരം വീട്ടുകയാണ് ഇന്ത്യന്‍ ലക്ഷ്യം.
രണ്ടാം ഏകദിനത്തിന് മുമ്പ് പരിക്കേറ്റ ക്യാപ്റ്റന്‍ ഡു പ്ലെസിസിനെ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഈ പരമ്പരയില്‍ ഇനി ഡുപ്ലെസിസിന് കളിക്കാനാകില്ല. പകരം മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പരിക്കേറ്റ എ ബി ഡിവില്ലിയേഴ്സും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല.
പ്രമുഖ താരങ്ങളുടെ പരിക്ക് ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തെ ബാധിക്കും.
അതേസമയം , കിങ്സ്മീഡില്‍ ആദ്യ വിജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ടാം മത്സരത്തിലും ജയമാവര്‍ത്തിച്ച് പരമ്പരയില്‍ മുന്നിലെത്താമെന്ന പ്രതീക്ഷയിലാണവര്‍. കിങ്സ്മീഡില്‍ തോറ്റതോടെ സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ 17 വിജയങ്ങള്‍ക്ക് കടിഞ്ഞാണായി. 2016 ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതിനുശേഷം സ്വന്തം മണ്ണില്‍ ഇതാദ്യമായാണ് അവര്‍ കീഴടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: