ഡര്ബന്: കിങ്സ്മീഡില്‍ ജയത്തിന്റെ രാജപാതകള്‍ വെട്ടിത്തുറന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ചരിത്ര പുസ്തകത്തിലേക്ക് നടന്നുകയറി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി കുറിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ച കോഹ്ലി നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പം എത്തി.
ദക്ഷിണാഫ്രിക്കന്‍ ആക്രമണത്തെ ശക്തമായി ചെറുത്ത കോഹ്ലി 119 പന്തില്‍ 112 റണ്‍സ് നേടി. ഏകദിനത്തില്‍ കോഹ്ലിയുടെ 33-ാം സെഞ്ചുറിയാണിത്. നായകനെന്ന നിലയില്‍ പതിനൊന്നാമത്തെയും. സൗരവ് ഗാംഗുലിയും നായകനെന്ന നിലയില്‍ 11 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 146 മത്സരങ്ങളില്‍ നിന്നാണ് ഗാംഗുലി ഇത്രയും സെഞ്ചുറികള്‍ നേടിയത്. അതേസമയം കോഹ്ലി കേവലം 44 മത്സരങ്ങളിലാണ് പതിനൊന്ന് സെഞ്ചുറികള്‍ കുറിച്ചത്.
കിങ്സ്മീഡില്‍ ചെയ്സ് ചെയ്ത കോഹ്ലി നേടിയ സെഞ്ചുറി ഇന്ത്യക്ക് ഡര്‍ബനില്‍ ആദ്യ വിജയമൊരുക്കി- ദക്ഷിണാഫ്രിക്കയില്‍ അവര്ക്കെതിെര ഇന്ത്യയുടെ അഞ്ചാം വിജയം. ചെയ്സ് ചെയ്ത് കോഹ്ലി നേടുന്ന ഇരുപതാം സെഞ്ചുറിയാണിത്. ഇതില്‍ പതിനെട്ട് സെഞ്ചുറികളും ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
കിങ്സ്മീഡില്‍ കോഹ്ലിക്ക് താങ്ങായി രഹാനെയും പൊരുതി നിന്നതോടെ ദക്ഷിണാഫ്രക്കയുയര്ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി നടന്നുകയറി. സ്കോര്‍ ദക്ഷിണാഫ്രിക്ക എട്ടിന് 269, ഇന്ത്യ നാലു വിക്കറ്റിന് 270.മൂന്നാം വിക്കറ്റില്‍ രഹാനെയും കോഹ്ലിയും നേടിയ 189 റണ്‍സ് റെക്കോഡാണ്. 2017 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിന്റെ മാര്ട്ടിന് ഗുപ്ടിലും റോസ് ടെയ്ലറും ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം വിക്കറ്റില്‍ നേടിയ 180 റണ്‍സ് റെക്കോഡാണ് പഴങ്കഥയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: