ചെറുതുരുത്തി: ഭാരതപ്പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തികൊണ്ടു വന്ന് കരമണല്‍ എന്ന വ്യാജേന വില്പന നടത്തുന്നതായി പരാതി.
ചെറുതുരുത്തി വെട്ടിക്കാട്ടിരി പൂളക്കല്‍ ഹംസ എന്ന വ്യക്തിയാണ് പരസ്യമായി ബോര്‍ഡ് വച്ച് മണല്‍ വില്പന നടത്തുന്നത്. അത്തിക്കപ്പറമ്പ് വഴിയിലുള്ള ഇയാളുടെ കൈവശത്തിലിരിക്കുന്ന പൈനാപ്പിള്‍ തോട്ടത്തിന്റെ അരികില്‍ ഷെഡ് വച്ചാണ് മണല്‍ വില്ലന നടത്തുന്നത്.
2017 സെപ്തംബര്‍ 18 ന് ഇയാള്‍ കരമണല്‍ വില്പനക്കുള്ള ലൈസന്‍സ് എടുത്തിട്ടുള്ളതാണ്. ഇതിന്റെ മറവിലാണ് ഭാരതപ്പുഴയില്‍ നിന്നും മണല്‍ എടുത്ത് വില്പന നടത്തുന്നത്. ചെറുതുരുത്തി കൊച്ചിന് പാലത്തിനു താഴെ പുതുതായി നിര്‍മ്മിക്കുന്ന തടയണ നിര്‍മ്മാണത്തിനായി വരുന്ന വണ്ടികള്‍ മടങ്ങി പോവുമ്പോള്‍ മണല്‍ കൊണ്ടുപോവുകയാണ്. കണ്ടു പിടിക്കാതിരിക്കാന്‍ മുഴവന്‍ നിറക്കാതെ പകുതിയോളം നിറച്ചാണ് കടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
വാഹനത്തില്‍ തടയണ, ചെക്ക്ഡാം എന്ന ബോര്‍ഡ് വെച്ചിട്ടുള്ളതിനാല്‍ ആരും തടയില്ലെന്നുള്ളതും മണല്‍ കടത്തിന് സഹായമാകുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും താലൂക്ക് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: