വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നു വന്മുഴക്കം. ജനം പരിഭ്രാന്തരായി. ഇന്നലെ രാവിലെ 6.18 നാണ് തെക്കുംകര, കുളത്താഴം, അടങ്ങളം, കല്ലമ്പാറ, കുറാഞ്ചേരി, അത്താണി, അമ്പലപുരം എന്നീ പ്രദേശങ്ങളില്‍ പത്ത് സെക്കന്റിലധികം നീണ്ടു നിന്ന വലിയ മുഴക്കം ഉണ്ടായത്. എന്നാല്‍ ഭൂചലനം അനുഭവപ്പെട്ടില്ല.
ഇന്നലെ ഇരട്ടക്കുളങ്ങരയില്‍ ഒരു വീടിന്റെ ടൈലുകള്‍ പൊട്ടിത്തെറിച്ചിരുന്നു. പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. പാത്രങ്ങള്‍ കുലുങ്ങുകയും താഴെ വീഴുകയും ചെയ്തു. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി. ഒടുകള്‍ ഇളകി വീണു. റിക്ടര്‍ സ്കെയിലില്‍ 2.07 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പൂമല ഡാം പരിസരമാണെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഭൗമ ശാസ്ത്ര പഠന വിഭാഗം അറിയിച്ചു. ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ തലപ്പിള്ളി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.യു. റഫീക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദര്‍ശിച്ചു. ഭൂചലനത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി താലൂക്ക് അധികൃതര്‍ അറിയിച്ചു.
മേഖലയിലെ തുടര്‍ ഭൂചലനങ്ങള്‍ ഭീതി പരത്തുകയാണ്. ഭൂചലനത്തിന്റെ തീവ്രത വര്‍ദ്ധിക്കുമോയെന്ന് ആശങ്ക. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് വടക്കാഞ്ചേരി മേഖലയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. ദേശമംഗലം, വരവൂര്‍ എന്നിവിടങ്ങളായിരുന്നു പ്രഭവകേന്ദ്രങ്ങള്‍. 1994ല്‍ ഡിസംബറില്‍ റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടിനിടയില്‍ ഇരുനൂറില്‍പ്പരം ഭൂചലനങ്ങളാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. പലപ്പോഴും ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലെ ശബ്ദമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി പഠനങ്ങളും നടന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മേഖലയില്‍ പഠനം നടത്തി.
ഭൂമിക്കടിയിലെ ദുര്‍ബ്ബല പ്രദേശമായതിനാലാണ് ഇവിടെ തുടര്ചലനങ്ങളുണ്ടായതെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ഭാരതപ്പുഴയും ഗതിമാറ്റവും ചലനങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നിരവധി തവണ മേഖലയില്‍ ഭൂചലനമുണ്ടായി. വീടുകളില്‍ പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചുവരുകളില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ഈ ചലനങ്ങളുടെ തീവ്രത വര്‍ദ്ധിക്കുമോ എന്നുള്ളതാണ് പ്രദേശവാസികളുടെ ആശങ്ക. ഭൂചലന മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഭൂചലനത്തിന്റെ തുടര്‍ നിരീക്ഷണത്തിനായി ഇവിടെ സംവിധാനവുമില്ല. നിലവിലെ ചലനത്തിന്റെ തോത് അറിയാന്‍ പോലും പീച്ചിയിലെ ഭൂകമ്പമാപിനിയെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: