ചാലക്കുടി: വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകാതെ ചാലക്കുടി നഗരസഭ. വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച 21 കോടി രൂപ ഭരണ, ഉദ്യോഗസ്ഥ വീഴ്ചയെത്തുടര്‍ന്ന് നഷ്ടപ്പെടാന്‍ സാധ്യത. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ നഗരസഭയില്‍ നടപ്പാക്കേണ്ട പകുതി പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പോലുമായിട്ടില്ല, പൂര്‍ത്തിയായത് തുടങ്ങിയിട്ടുമില്ല.
കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനാല്‍ പുതിയ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നുമാണ് സൂചന. പദ്ധതി തുക പൂര്‍ണമായി ചെലവാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ലെന്നും നഗരസഭാ പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അതീവഗുരുതരമെന്നും വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ നയമനുസരിച്ച് അതാത് വര്‍ഷത്തെ പദ്ധതികള്‍ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ അടുത്ത വര്‍ഷം ഫണ്ട് ലഭിക്കില്ല. ഇതെല്ലാം അറിഞ്ഞിട്ടാണ് നഗരസഭാ ഭരണസമിതിയുടെ ഈ മെല്ലെപ്പോക്ക്. മാര്‍ച്ച് 31ന് മുന്‍പ് നിശ്ചയിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തേക്ക് വീണ്ടു പദ്ധതി തയാറാക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നഗരസഭാ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അതിനു മേല്‍നോട്ടം വഹിക്കേണ്ട ഭരണനേതൃത്വത്തിന്റെയും വീഴ്ചയാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ആസൂത്രണമില്ലായ്മയും പ്രതിസന്ധിയായി. ഇപ്പോഴത്തെ സ്ഥിതി നഗരസഭയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: