ധനമന്ത്രി അരുണ്‍ ജെറ്റ്ലി അവതരിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ പൊതുബജറ്റ് എങ്ങനെയായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ വളരെ മുന്‍പേ തുടങ്ങിയിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പും, അതിനിടെ നടക്കേണ്ട രാജസ്ഥാന്-കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്‍നിര്‍ത്തി ജനപ്രിയ ബജറ്റാവും അവതരിപ്പിക്കുകയെന്ന് പലരും പ്രവചിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലെ മറുപടിയില്‍ കയറിപ്പിടിച്ച് ജനപ്രിയ ബജറ്റിന് സാധ്യതയില്ലെന്നും ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ രണ്ടുകൂട്ടരെയും ജെറ്റ്ലി ഒരുപോലെ നിരാശപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയനേട്ടം മുന്‍നിര്‍ത്തിയുള്ള ജനപ്രിയ ബജറ്റല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ജനഹിത ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തം. രോഗവിമുക്തിക്ക് പ്രിയാഹാരമല്ല, ഹിതാഹാരമാണ് സമര്‍ത്ഥനായ വൈദ്യന് കല്‍പ്പിക്കുക. ഇതുപോലെ രാജ്യം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞും, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുമുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പത്ത് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപാ വരെ ചികിത്സാ സഹായം നല്‍കുന്നത് ഇതിലൊന്നാണ്. 50 കോടിയാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ പദ്ധതിയാണിത്. 1200 കോടി രൂപ ചെലവിട്ട് ഒന്നരലക്ഷം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാനും, 24 പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഉജ്വലയോജനയില് എട്ട് കോടി സൗജന്യ പാചകവാതക കണക്ഷന് നല്‍കാനുള്ള തീരുമാനം പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് അനുഗ്രഹമാകും. ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍നിന്ന് കര്‍ഷക ലക്ഷങ്ങളെ രക്ഷിക്കാനുള്ള ഫലപ്രദമായ പദ്ധതികളുമുണ്ട്. 2020 ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാന്‍ ലക്ഷ്യംവച്ച് വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവച്ചിരിക്കുന്നു. ഭക്ഷ്യസംസ്കരണത്തിനുള്ള ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ത്തിയതുള്‍പ്പെടെ എണ്ണിപ്പറയാവുന്ന നിരവധി പദ്ധതികളുണ്ട്. മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് കുപ്രചാരണം നടത്തുന്നവരെ നിശ്ശബ്ദരാക്കാന്‍ പോന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍. ഗ്രാമീണ മേഖലയിലെ ജനജീവിതം മെച്ചപ്പെടുത്താന്‍ 13.34 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ദുര്‍ബ്ബല വിഭാഗങ്ങളുടെ ക്ഷേമത്തിന് വെറും വാക്കുകളല്ലാതെ, വ്യക്തമായ പദ്ധതികളും കൃത്യമായ വകയിരുത്തലുമുണ്ട്.
നിലവിലുള്ള പദ്ധതികള്‍ക്കു പുറമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സവിശേഷ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ‘മുദ്ര’ വായ്പയ്ക്ക് മൂന്നുലക്ഷംകോടി രൂപാ നീക്കിവച്ചിരിക്കുന്നു. 50000 രൂപമുതല്‍ 10 ലക്ഷം രൂപാ വരെ ഇതുവഴി വായ്പ ലഭിക്കും. വികസന സന്തുലിതാവസ്ഥ പാലിക്കാന്‍ ബജറ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വാരിക്കോരിക്കൊടുക്കുന്ന രീതിയും, രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്ന രീതിയും അവസാനിപ്പിച്ചിരിക്കുന്നു. സുരക്ഷയ്ക്കും ആധുനികവല്‍ക്കരണത്തിനും പ്രാമുഖ്യം നല്കി 1,48,500 കോടി രൂപയാണ് റെയില്‍വേയ്ക്കായി സമ്പൂര്‍ണ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ചുരുക്കത്തില്‍ കോര്‍പ്പറേറ്റ് ബജറ്റ് എന്ന പതിവ് വിമര്‍ശനത്തിന് ഒട്ടും ഇടംകൊടുക്കാതെ, ബഹുജനഹിതായ, ബഹുജനസുഖായ എന്ന ആപ്തവാക്യത്തിന് അടിവരയിടുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് ആരും സമ്മതിക്കും. ജീവിതം ആയാസരഹിതമാക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞത് തീര്‍ത്തും ശരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: