തൃശൂര്‍: സംസ്ഥാന ബജറ്റ് ജില്ലയുടെ കാര്‍ഷിക മേഖലയെ പൂര്‍ണമായി അവഗണിച്ചു. കോള്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും വേണ്ടിയുള്ള യാതൊരു പ്രഖ്യാപനങ്ങളും ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ ഉണ്ടായില്ല. മറ്റു കൃഷികള്‍ക്കും കാര്യമായ പ്രോത്സാഹനമില്ല. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയില്ല. കുടിവെള്ള പദ്ധതികള്‍, ജലസേചനപദ്ധതികള്‍ എന്നിവയ്ക്കും പണമില്ല. ഗുരുതരമായ ജലക്ഷാമം നേരിടുന്ന ജില്ലയ്ക്ക് ഇത് തിരിച്ചടിയാകും.
സംസ്ഥാന ബജറ്റില്‍ ജില്ല പ്രതീക്ഷിച്ച പല പദ്ധതികള്‍ക്കും ഫണ്ട് അനുവദിച്ചില്ല. തൃശൂര്‍ മൃഗശാല, ലാലൂരിലെ സ്പോര്‍ട്സ് കോംപ്ലക്സ്, കോള്‍ വികസനം, മൊബിലിറ്റി ഹബ്, വഞ്ചിക്കുളം വികസനം, ടൂറിസം പദ്ധതികള്‍, റോഡ് വികസനം, സ്കൂള്‍ ഓഫ് ഡ്രാമ, ഭാരതപ്പുഴ സംരക്ഷണം, തേക്കിന്‍കാട് നവീകരണം, കനോലി കനാല്‍ നവീകരണം എന്നിങ്ങനെയുള്ള സുപ്രധാന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കാത്തതിന്റെ നിരാശയിലാണ് സാംസ്കാരിക തലസ്ഥാനം.
മുസ്രിസ് പൈതൃക ടൂറിസം പദ്ധതിക്ക് 80 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ശാസ്ത്രീയ പടക്ക-വെടിക്കോപ്പ് നിര്‍മാണത്തിന് തലപ്പിള്ളി താലൂക്കില്‍ ക്ലസ്റ്റര്‍ രൂപീകരിക്കും. മാളയിലെ കോഴിത്തീറ്റ ഫാക്ടറിക്ക് പ്രത്യേക ഫണ്ട്, കലാമണ്ഡലത്തിന് പന്ത്രണ്ടര കോടിയുടെ സഹായധനം, ചാവക്കാട് താലൂക്കാശുപത്രി നവീകരിക്കാന്‍ സഹായം, കൊടുങ്ങല്ലൂര്‍ തുറമുഖ വികസനത്തിന് ഫണ്ട്, വെറ്ററിനറി സര്‍വകലാശാലയ്ക്ക് 77 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് എണ്‍പത്തി രണ്ടര കോടി, മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് ഇരുപത്തി നാലര കോടി എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. സര്‍വകലാശാലകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചിട്ടുള്ളതില്‍ നിന്ന് വലിയ വര്‍ധനയില്ല. മ്യൂസിയത്തിനും മൃഗശാലയ്ക്കും നാമമാത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്. സാഹിത്യഅക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫൈനാര്‍ട്സ് കോളേജ് എന്നിവയ്ക്ക് പതിവ് സഹായധനം മാത്രം.
പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ജില്ലയുടെ അഭിമാനപദ്ധതിയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് ലഭിച്ചത് അവഗണന. ആദ്യഘട്ട നിര്‍മ്മാണത്തിന് ലഭിച്ച പത്തു കോടി രൂപയുമായി പണി തുടങ്ങിയെങ്കിലും സംസ്ഥാന ബജറ്റ് പൂര്‍ണ്ണമായി തഴഞ്ഞതോടെ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പ്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൂടുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭാഗങ്ങളിലെ മുളങ്കാടുകള്‍ വെട്ടിമാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നാല് കൂടുകളാണ് ആദ്യഘട്ടത്തില്‍.
ഇതിന് മാത്രം 30 കോടി രൂപയാണ് ചെലവ്. പക്ഷികള്‍, കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കായാണ് കൂടുകള്‍ ഒരുക്കുന്നത്. 160 കോടി രൂപയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടത്. പദ്ധതി നിര്‍മ്മാണം മുന്നോട്ടുപോകണമെങ്കില്‍ മുറയ്ക്ക് ഫണ്ട് ലഭിക്കണം. ബജറ്റില്‍ ഫണ്ട് ലഭിക്കാതെ വന്നതോടെ പദ്ധതി തന്നെ അനിശ്ചിതത്വത്തിലായി. സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവയ്ക്കാത്ത സാഹചര്യത്തില്‍ പാര്‍ക്കിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും ഇനി സാധിക്കില്ല.
വലിപ്പത്തിന്റെ കാര്യത്തില്‍ രാജ്യത്തുതന്നെ ഒന്നാം നിരയിലുള്ള പുത്തൂരില്‍ അന്താരാഷ്ട്ര പാര്‍ക്കിന്റെ നിര്‍മാണത്തിന് മുന്നോടിയായി ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചിരുന്നു. 336 ഏക്കറുള്ള പുത്തൂരിലെ കുരിശുമൂലയില്‍ 150ഓളം മുളങ്കാടുകള്‍ ഇതിന്റെ ഭാഗമായി മുറിക്കാന്‍ തുടങ്ങിരുന്നു. 300 കോടി ചെലവഴിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് വാഹനത്തില്‍ സഞ്ചരിച്ച് കാട്ടുമൃഗങ്ങളെ കാണാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: