അരുന്ധതി, രുദ്രമ്മാദേവി, ബാഹുബലി……. അനുഷ്കാഷെട്ടി വീണ്ടും വിസ്മയിപ്പിക്കുകയാണ്, ‘ബാഗമതി’യിലൂടെ. ജി. അശോക് സംവിധാനം ചെയ്ത് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ’ബാഗമതി’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. മലയാളത്തില്‍ ഡബ്ബിംഗ് വേര്‍ഷന്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് സംവിധായകന് ബി. ഉണ്ണികൃഷ്ണനാണ്. മലയാളികളുടെ സിനിമ കൂടിയാണ് ‘ബാഗമതി’. ജയറാമും, ഉണ്ണിമുകുന്ദനും, ആശാശരത്തും ‘ബാഗമതി’യിലൂടെ കേന്ദ്രകഥാപാത്രങ്ങളായപ്പോള്‍ മലയാളി മനസുകളെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്.
കൊലപാതക കുറ്റത്തിന് ജയിലില്‍ കഴിയുന്ന ചഞ്ചല ഐഎഎസിനെ ഒരു കേസനേ്വഷണത്തിന്റെ ഭാഗമായി കാടിനുനടുവിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവരുന്നതോടെയാണ് ചിത്രത്തില്‍ ഹൊറര്‍ മൂഡ് കടന്നുവരുന്നത്. സ്ഥിരം പ്രേതകഥകളിലെ ബംഗ്ലാവും ആടുന്ന കസേരയും ശബ്ദകോലാഹലവുമൊക്കെ ‘ബാഗമതി’യിലുമുണ്ട്. എന്നാല്‍ മുഴുനീള പ്രേതകഥയ്ക്കുപകരം സാമൂഹികവിഷയവും പ്രണയവും സസ്പെന്‍ഡും രാഷ്ട്രീയവുമൊക്കെ പരാമര്ശിച്ചുപോകാന് ‘ബാഗമതി’ ശ്രമിച്ചിട്ടുണ്ട്. ചഞ്ചല ഐഎഎസായും ‘ബാഗമതി’യായും അനുഷ്ക പുറത്തെടുക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതിയില്‍ പലപ്പോഴും പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ ‘ബാഗമതി’ക്കു കഴിയുന്നുണ്ട്. ശാന്തയായി, പ്രണയിനിയായി കാണുന്ന അനുഷ്കയുടെ ഞെട്ടിക്കുന്ന, ബാഗമതിയായുള്ള പരിവര്‍ത്തനത്തോടെയാണ് ആദ്യപകുതി അവസാനിക്കുക.
ഈശ്വര്‍പ്രസാദ് എന്ന മന്ത്രിയുടെ വേഷത്തിലെത്തുന്ന ജയറാമിന്റെ അന്യഭാഷാ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ബാഗമതി’യിലേത്. തന്മയത്വത്തോടെ, അനായാസമായി ഈശ്വര്‍പ്രസാദിനെ അവതരിപ്പിക്കാന്‍ ജയറാമിനായി. ‘ശക്തി’ യായി വേഷമിടുന്ന ഉണ്ണിമുകുന്ദന് അന്യഭാഷാചിത്രങ്ങളില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ‘ബാഗമതി’യിലൂടെ കഴിയും. സിബിഐ ജോയിന്റ് ഡയറക്ടര്‍ വൈഷ്ണവിയായി രംഗത്തെത്തുന്ന ആശാ ശരത്തും ശ്രദ്ധിക്കപ്പെട്ടു. പ്രേതകഥയാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ തൊട്ടടുത്ത നിമിഷം അതല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നതരത്തിലാണ് സിനിമയുടെ മുന്നേറ്റം. ക്ലൈമാക്സ് വരെ ഈ ഒഴുക്ക് നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. ആര്. മതിയുടെ ഛായാഗ്രഹണവും എസ്. തമന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും രവീന്ദ്രയയുടെ കലാസംവിധാനവും മികവു പുലര്‍ത്തുന്നുണ്ട്. ചിത്രത്തിലെ ‘ബാഗമതി’ പ്രേക്ഷകനെ ബോറടിപ്പിക്കില്ലെങ്കിലും ലോജിക്കില്ലായ്മയാണ് ‘ബാഗമതി’ എന്ന ചിത്രത്തിന്റെ പരിമിതി. ചഞ്ചല കൊലപാതകിയാവുന്നതിനുള്ള കാരണവും ദുര്‍ബലമായ ക്ലൈമാക്സും സിനിമയുടെ പോരായ്മകളായി. എന്നാല്‍ ക്ലൈമാക്സിലെ ട്വിസ്റ്റ് ‘ബാഗമതി’ക്ക് ജീവന് നല്‍കുന്നുണ്ട്.
2012മുതല്‍ ‘ബാഗമതി’യുടെ കഥയുമായി സംവിധായകന് അശോക് അനുഷ്കയെ കാത്തിരുന്നത് വെറുതെയല്ല എന്ന് ചിത്രം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു ഹൊറര്‍ ചിത്രത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ‘ബാഗമതി’ അനുഷ്കഷെട്ടി എന്ന നടിയുടെ അഭിനയമികവില്‍ ബോക്സാഫീസില്‍ പിടിച്ചുകയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: