മഹാഭാരത കഥയിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി 113 ചിത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് 35 കലാകാരികള്‍. കൂടാതെ 18 അദ്ധ്യായങ്ങളുള്ള ഭഗവത്ഗീതയിലെ കഥാസന്ദര്‍ഭങ്ങള്‍ 39 പെയിന്റിങ്ങുകളിലായി വിവരിക്കാന്‍ നാല് വര്‍ഷത്തോളമെടുത്തു. ഈ പെയിന്റിങ്ങുകളുടെ ഫോട്ടോകളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചെറുവിവരണങ്ങളുമടങ്ങിയ മ്യൂറല്‍ മഹാഭാരതം എന്ന പുസ്തകവും പുറത്തിറക്കി. അക്രലിക് ഉപയോഗിച്ചാണ് പെയിന്റിംഗ് നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, ചെന്നൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മ്യൂറല്‍ കലാകാരനായ പ്രിന്‍സ് തോന്നയ്‌ക്കലിന്റെ ശിക്ഷണത്തില്‍ തങ്ങളുടെ കഴിവുകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയത്. ഇവരില്‍ വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, ഓണ്‍ലൈന്‍ ബിസിനസ് സംരംഭകര്‍, ഐടി പ്രൊഫഷണല്‍സ്, ശാസ്ത്രജ്ഞര്‍, ആര്‍ട്ട് ക്യൂറേറ്റര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുണ്ട്. നടി മേനക സുരേഷ് വരച്ച മ്യൂറല്‍ പെയിന്റിങ്ങും ഇതിലുള്‍പ്പെടുന്നു. 35 വയസുമുതല്‍ 75 വയസുവരെയുള്ളവരുടെ കൂട്ടായ്മയില്‍ ഒരു മഹത്തായ സംസ്‌കാരം പുനര്‍ജനിക്കുകയായിരുന്നു. പ്രിന്‍സ് തോന്നയ്‌ക്കല്‍ വരച്ച വിശ്വരൂപം ഈ ചിത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കുമ്പോള്‍ മഹാഭാരതകഥ അനുഭവിച്ച പ്രതീതിയുളവാകുന്നു.
2010 ല്‍ 17 പേര്‍ ചേര്‍ന്ന് രാമായണം കഥ മ്യൂറല്‍ ചിത്രങ്ങളായി ക്യാന്‍വാസില്‍ പകര്‍ത്തിയാണ് ഈ കൂട്ടായ്മയ്‌ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 2013 ല്‍ 34 പെയിന്റിങുകളിലായി ഗണപതിയുടെ വിവിധ ഭാവങ്ങളും ക്യാന്‍വാസിലാക്കി പ്രദര്‍ശനം നടത്തി. ഭഗവത് മ്യൂറല്‍സ് എന്ന ഗ്രൂപ്പുണ്ടാക്കി ഈ കൂട്ടായ്മ വിപുലമാക്കി. ജീവിതത്തില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചിരുന്നവരെങ്കിലും ചുവര്‍ചിത്ര കലയോടുള്ള സ്‌നേഹം ഇവര്‍ക്ക് ഒരുമയോടെ മുന്നേറാന്‍ കരുത്തുനല്‍കി.
ബ്രഹ്മാവിന്റെ നിര്‍ദ്ദേശാനുസരണം വേദവ്യാസന്‍ പറയുന്നതുകേട്ട് വിഘ്‌നേശ്വരന്‍ മഹാഭാരത രചന നടത്തുന്ന ചിത്രം മുതല്‍ പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളാണ് ചിത്രരൂപത്തില്‍ ഈ ചിത്രകാരികള്‍ വരച്ചിടുന്നത്. ഭഗവത്ഗീതയിലെ 39 ശ്ലോകങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ക്ഷേത്ര മതിലുകളില്‍ മാത്രം കണ്ടുവന്ന ഭാരത സംസ്‌കൃതിയുടെ ഭാഗമായ ചുവര്‍ ചിത്രങ്ങളെ കാന്‍വാസിലേക്കു പകര്‍ത്തിയപ്പോഴും പരമ്പരാഗത ശൈലിക്ക് കോട്ടം വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരത്ത് ആദ്യം പ്രദര്‍ശിപ്പിച്ച മ്യൂറല്‍ ചിത്രങ്ങള്‍ മറ്റ് ജില്ലകളിലും ചെന്നൈയിലും ദല്‍ഹിയിലും പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ചിത്രകാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഒപ്പം അന്യം നിന്നുപോകുമെന്നു കരുതിയ ചുവര്‍ ചിത്രകലയെ പുതുതലമുറ ഏറ്റുവാങ്ങിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രിന്‍സ് തോന്നയ്‌ക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: