തൃശൂര്‍: വര്‍ണക്കാവടികള്‍ വസന്തം തീര്‍ത്ത കൂര്‍ക്കഞ്ചേരി തൈപൂയ മഹോത്സവത്തിന് പതിനായിരങ്ങളെത്തി. വിവിധ ദേശങ്ങളില്‍ നിന്നു വാദ്യഘോഷങ്ങളുമായെത്തിയ കാവടിസംഘങ്ങള്‍ ശ്രീമാഹേശ്വര ക്ഷേത്രാങ്കണത്തില്‍ ആടിത്തിമിര്‍ത്തു.
ക്ഷേത്രത്തിലും പരിസരങ്ങളിലും സമീപ കെട്ടിടങ്ങളിലും കാത്തുനിന്നിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കാണികള്‍ക്ക് കാവടിക്കൂട്ടങ്ങള്‍ വര്‍ണങ്ങളുടെ പ്രപഞ്ചം തന്നെ തീര്‍ത്തു. ബാന്റ് മേളം, നാദസ്വരം, ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ 8 ദേശങ്ങളില്‍ നിന്നുള്ള കാവടിസംഘങ്ങളാണ് ഇന്നലെ പകലും രാത്രിയുമായി വിസ്മയക്കാഴ്ചയൊരുക്കിയത്. ദേവീ-ദേവന്മാരുടെ വേഷമണിഞ്ഞവരും മയൂരനൃത്തവും തെയ്യം-തിറയും കാവടിയാട്ടത്തിന് ദൃശ്യചാരുതയേകി.
വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണ സമാജം, കൂര്‍ക്കഞ്ചേരി ബാലസമാജം, പനമുക്ക് യുവജന സമാജം, ചിയ്യാരം ശ്രീനാരായണ ഗുരുകുല ബാലസംഘം, നെടുപുഴ ശ്രീനാരായണ സമാജം, കൂര്‍ക്കഞ്ചേരി ഗുരുദേവ സമാജം എന്നീ ദേശങ്ങളാണ് പകല്‍ കാവടിയില്‍ മത്സരിച്ചാടിയത്. അര്‍ജന്റീന-ബ്രസീല്‍ ഫുട്ബോള്‍ ടീമുകളുടെ ജഴ്സികളുടെ നിറവും കളിക്കാരുടെ ചിത്രങ്ങളും ആലേഖനം ചെയ്ത കാവടികള്‍ ഇത്തവണ സ്പെഷലായെത്തി കാണികളുടെ മനംകവര്‍ന്നു. വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണ സമാജമാണ് ഈ ആവേശക്കാവടിയൊരുക്കിയത്.
പൊയ്ക്കാലുകള്‍ ധരിച്ചവരും കവിളത്ത് ശൂലം കുത്തിയവരും വിവിധ കാവടിസംഘങ്ങളോടൊപ്പം അണിനിരന്ന് കൗതുക വിരുന്നൊരുക്കി. രാത്രി കാവടിയാട്ടത്തില്‍ വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണ സമാജം, കണിമംഗലം ശ്രീനാരായണ ഗുരുസമാജം, കൂര്‍ക്കഞ്ചേരി ബാലസമാജം, ചിയ്യാരം ശ്രീനാരായണ യുവജന സമാജം എന്നീ ദേശങ്ങളും മത്സരിച്ചു. വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പൂക്കാവടികളും പീലിക്കാവടികളും ആബാലവൃദ്ധം ജനങ്ങളേയും ആവേശകൊടുമുടിയിലേറ്റി ക്ഷേത്രമുറ്റത്ത് നിറഞ്ഞാടിയാണ് ദേശങ്ങളിലേക്ക് മടങ്ങിയത്.
ക്ഷേത്രത്തില്‍ തൈപൂയാഘോഷത്തിന്റെ ഭാഗമായി രാവിലെ വിശേഷാല്‍ പൂജകളും എസ്.എന്‍.ബി.പി യോഗം വക അഭിഷേക കാവടിയാട്ടവും തുടര്‍ന്ന് കര്‍പ്പൂര ആരാധനയും തേര് എഴുന്നെള്ളിപ്പും ഉണ്ടായി. തുടര്‍ന്ന് കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ദേശങ്ങളില്‍ നിന്ന് ഗജവീരന്മാരുടേയും മേളത്തിന്റെയും അകമ്പടിയോടെ ശ്രീനാരായണ ഗുരുദേവന്റെ കോലവുമായുള്ള എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലെത്തി. വൈകീട്ട് നടന്ന കൂട്ടിയെഴുന്നെള്ളിപ്പില്‍ 9 ഗജവീന്മാര് അണിനിരന്നു. ഇന്നലെ ചന്ദ്രഗ്രഹണ ദിനമായിരുന്നതിനാല്‍ വൈകീട്ട് 5ന് ക്ഷേത്രനട അടച്ച് രാത്രി 8.30ന് തുറന്ന് പുണ്യാഹശുദ്ധിയ്ക്ക് ശേഷമാണ് പൂജകള്‍ നടത്തിയത്.
ഇന്ന് പുലര്‍ച്ചെ എസ്.എന്‍.ബി.പി. യോഗത്തിന്റെ കരിമരുന്ന് പ്രയോഗവും തുടര്‍ന്ന് കൂട്ടിയെഴുന്നെള്ളിപ്പുമുണ്ടായി. രാത്രി 8നാണ് പള്ളിവേട്ട. രാത്രി അത്താഴപൂജയ്ക്കു ശേഷം പള്ളിവേട്ട എഴുന്നെള്ളിപ്പ് ആരംഭിച്ച് എസ്.എന്‍. സ്കൂളിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രത്തില്‍ തിരിച്ചെത്തി സമാപിക്കും. നാളെ രാവിലെ 7ന് ആരംഭിക്കുന്ന ആറാട്ട് പഞ്ചവാദ്യത്തോടെ 10ന് ക്ഷേത്രത്തിലെത്തിയാല്‍ കൊടിയിറക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് പ്രസാദ ഊട്ട്. തൈപ്പൂയാഘോഷങ്ങളോടനുബന്ധിച്ച് കണിമംഗലം, വെളിയന്നൂര്‍, കണ്ണംകുളങ്ങര ദേശങ്ങള്‍ ബഹുനില വര്‍ണപന്തലുകള്‍ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: