തബലവാദനത്തിന്റെ പെരുക്കങ്ങളയഞ്ഞ് ശമിക്കുമ്പോള്‍ വിസ്തൃതമായൊരു ഏകാന്തതയുടെ ആര്ത്തലപ്പുള്ള നിശബ്ദത പടരുന്നത് ചിലപ്പോള്‍ അറിയാനാകും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സൂര്യസോമയുടെ നിധി എന്ന നാടകത്തില്‍ തബലയില്‍ പെരുമഴ തീര്‍ക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. തബലവായന തീരുമ്പോള്‍ അരങ്ങ് കുറെ നേരം നീണ്ട ശൂന്യതയിലായിരുന്നു. ആ പെരുമഴയില്‍ നനഞ്ഞ കാണികള്‍ പരസ്പരം ചോദിച്ചത് ആ നടന്റെ പേരായിരുന്നു. മാളാ അരവിന്ദന് എന്ന പേരും കേട്ടായിരിക്കണം നാടകം കണ്ട എല്ലാവരും വീട്ടിലേക്കു അക്കാലം മടങ്ങിയിട്ടുണ്ടാകുക.
അന്നത്തെ നാടകനടനേയും പിന്നീടുണ്ടായ സിനിമാതാരത്തേയും ഓര്‍മയില്‍ തിരയുന്നവര്‍ ഇന്നുമുണ്ടാകാം. മാളാ അരവിന്ദന് യാത്രയായിട്ട് ഇന്നേയ്ക്കു മൂന്നു വര്‍ഷം. ഹാസ്യം എന്ന പേരില്‍ കാണികളെ ചിരിപ്പിക്കാന്‍ ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ചില താരങ്ങള്‍ക്കിടയില്‍ മാളാ അരവിന്ദനെപ്പോലുള്ളവരെ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിയുണര്‍ത്തുന്നത് അവര്‍ ആടിതിമിര്‍ത്ത ശുദ്ധ ഹാസ്യത്തിന്റെ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുടെ സ്വാഭാവികത തികട്ടിവരുന്നതുകൊണ്ടാണ്. നിര്‍ബന്ധിപ്പിച്ച് ഏന്തിവലിഞ്ഞു ചിരിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്നും അറിയാതെ ചിരിപ്പിക്കാന്‍ പോന്നൊരു നടനമികവായിരുന്നു അരവിന്ദനും. അടൂര്‍ ഭാസി, മുതുകുളം, ബഹദൂര്‍, എസ്.പി.പിള്ള, ശങ്കരാടി തുടങ്ങിയ ഹാസ്യനടന്മാര്‍ക്കൊപ്പം ചിരിയുടെ ജീനിയസായി മാറിയ ജഗതി ശ്രീകുമാറിനൊപ്പം തന്നെ നര്‍മത്തിന്റെ തുടര്പ്പടക്കം പൊട്ടുംപോലെ നിന്നവരില്‍ പ്രധാനികളാണ് കുതിരവട്ടം പപ്പുവും മാളാ അരവിന്ദനും. പപ്പു മാള ജഗതി എന്നൊരു ത്രിമൂര്ത്തിക്കൂട്ടം തന്നെയുണ്ടായിരുന്നു അന്ന്. പപ്പു മാള ജഗതി എന്നപേരില്‍ സിനിമയും ഇറങ്ങിയിരുന്നു. അറുന്നൂറ്റന്പതിലധികം സിനിമകളില്‍ ഹാസ്യ-സ്വഭാവ നടനായി അരവിന്ദന് തിളങ്ങി.
ദേശത്തിന്റെ പേര് തന്നോടൊപ്പം കൂട്ടി മാള എന്നാല്‍ അരവിന്ദനായിത്തീര്ന്ന സവിശേഷതയുമുണ്ട് ഈ നടന്..തബലപോലെ ഓടക്കുഴല്‍ വായനയും ഇഷ്ടമായിരുന്നു .സംഗീത അധ്യാപികയായിരുന്ന അമ്മയില്‍നിന്നും കിട്ടിയ വാസനയാണ് മാളയ്ക്ക് തബലവായന. അമ്മ കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില് താളമിട്ടുകൊണ്ടായിരുന്നു തബലയിലെ ആദ്യശിക്ഷണം. നീണ്ട പതിനാറുവര്‍ഷം നാടകലോകത്ത് അരങ്ങു വാണു. കോട്ടയം നാഷണല്‍ തിയറ്റേഴ്സ്,സൂര്യസോമ തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. സിനിമയിലെ അരങ്ങേറ്റം 1976ല്‍ സിന്ദൂരത്തിലൂടെയായിരുന്നു.
മാള എന്ന നടന്റെ ചിരിമിടുക്കു കണ്ടെത്തിയ കാണികള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു.ഏങ്കോണിപ്പുള്ള സംസാരവും ചുണ്ടും കണ്ണും പുരികവും മൂക്കുകൊണ്ടുപോലും പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ചിരിയുടെ പടക്കവും അമിട്ടുമൊക്കെ മാള പൊട്ടിച്ചു.ശബ്ദംമാറ്റിയുള്ള സംഭാഷണവും വികടമായ ചിരിയും ഞെട്ടലുമൊക്കെയായി തന്റേതായ നര്മങ്ങള്കൊണ്ടുനടക്കുകയായിരുന്നു അരവിന്ദന്. പ്രേം നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം ഇരിപ്പിടമുണ്ടാക്കിയ മാള ചിലഘട്ടങ്ങളില്‍ അവരെക്കാള്‍ തിരക്കുള്ള നടനായിരുന്നു. 70-80കളില്‍ മാളതന്നെയായിരുന്നു സൂപ്പര്‍താരം. മമ്മൂട്ടിയും മോഹന്‍ലാലും മാളക്കുവേണ്ടി സെറ്റുകളില്‍ കാത്തിരിക്കുമായിരുന്നു.മാള എന്നുകേട്ടാല്‍ തിരക്കുണ്ടാകുന്ന കാലം. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു കുതിക്കുമ്പോഴും എല്ലാവരോടും സൗമ്യഭാവംകാട്ടി ജനകീയനാകാന്‍ മാളാ അരവിന്ദനു കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: