മട്ടാഞ്ചേരി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തിന് സാക്ഷിയായ കൊച്ചി കടപ്പുറം ഇന്ന് മാലിന്യകൂമ്പാരം. ചരിത്ര തീരത്തിന് ഗാന്ധിജിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ മഹാത്മഗാന്ധി കടപ്പുറം എന്ന് പേരിട്ടെങ്കിലും തീരത്തോടുള്ള അധികൃതരുടെ അവഗണന ഗാന്ധിജിയെയും അപമാനിക്കുന്നതിനു തുല്യമാകുന്നു. ഇന്ന് രാജ്യം ഗാന്ധിസ്മൃതി ആചരിക്കുമ്പോള്‍ മഹാത്മഗാന്ധി കടപ്പുറത്തിന്റെ ദയനീയ സ്ഥിതി ഗാന്ധിജിയെ ഓര്‍ക്കുന്നവരില്‍ വേദനയുണ്ടാക്കുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കൊച്ചി കടപ്പുറത്തൊരുക്കിയ സമ്മേളനത്തിന് ഗാന്ധിജിയെത്തിയപ്പോള് ഈ തീരത്തിന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിച്ചിരിക്കാമെന്നാണ് ഗാന്ധി സ്നേഹികള്‍ കരുതുന്നത്. കൊച്ചിയിലെ കുടുംബങ്ങള്‍ അന്ന് ഗാന്ധിജിയെ വലിയ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തിനായി സ്വര്‍ണ്ണവും പണവുമടക്കമുള്ള സംഭാവനകളും അവര്‍ ഗാന്ധിജിക്ക് നല്കി. കൊച്ചിക്കാരായ നിരവധിപേര്‍ സമരഭടന്മാരായി അദ്ദേഹത്തിനൊപ്പം കൂടുകയും ചെയ്തു.
ബ്രിട്ടിഷ് കൊച്ചിയായി അറിയപ്പെട്ട ഫോര്‍ട്ടുകൊച്ചിയിലെ സ്വാതന്ത്ര്യദിനാഹ്ലാദത്തിന് സാക്ഷ്യം വഹിച്ചതും ജനങ്ങള്‍ ഒത്തുചേര്‍ന്നതും കൊച്ചി കടല്‍ തീരത്തായിരുന്നു. ഗാന്ധി വധത്തിനുശേഷം ജനങ്ങള്‍ ഇവിടെ ഒത്തു ചേര്‍ന്ന് ഗാന്ധിസ്മൃതി നടത്തിയിരുന്നു. സര്‍ക്കാരിനു മുന്നിലും കൊച്ചി നഗരസഭയ്ക്കുമുന്നിലും നിരന്തരം ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് കൊച്ചി കടപ്പുറത്തിന് മഹാത്മാഗാന്ധി കടപ്പുറം എന്ന് നാമകരണം ചെയ്തത്. ബീച്ചുകളുടെ നവീകരണത്തിനായി സര്‍ക്കാരുകള്‍ കോടികള്‍ ചിലവഴിക്കുമ്പോഴും അറബിക്കടലിന്റെതീരത്തെ ചരിത്രതീരം അവഗണിക്കപ്പെടുകയാണ്.
ഇതിനിടെ തീരത്ത് സ്ഥാപിച്ച ഗാന്ധിജിയുടെ പേരിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടു. ക്രിസ്ത്യന്‍ മതമേലാധ്യക്ഷന്മാരുടെയും ചില വിദേശ സഞ്ചാരികളുടെയും പേര് തീരത്തിനിടാനുള്ള സ്രമങ്ങളും നടന്നു. ഇതിനെതിരെ ജനരോഷമുയര്‍ന്നതോടെ നഗരസഭാധികൃതര്‍ വീണ്ടും ഗാന്ധിനാമവുമായി ബോര്‍ഡ് സ്ഥാപിച്ചു. കൊച്ചിതീരത്ത് ഗാന്ധി സ്മൃതി പ്രതിമാസ്ഥാപന പ്രഖ്യാപനങ്ങളു ണ്ടായെങ്കിലും ഇന്നുമത് കടലാസ്സിലൊതുങ്ങുകയാണ്.
200ഏക്കറിലെറെയുണ്ടായിരുന്ന കൊച്ചി കടപ്പുറമിന്ന് ശക്തമായകടല്കയറ്റത്തെ തുടര്‍ന്ന് ഇല്ലാതായ നിലയിലാണ്. ഉള്ള തിരമാകട്ടെ മാലിന്യത്താലും നാല്കാലി, ഇഴജന്തു ആക്രമണഭീഷണിയിലുമാണ്. മഹാത്മ ഗാന്ധിയുടെ പേരിലുള്ള ചരിത്ര തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കും സര്‍ക്കാരിനും മുന്നില്‍ പ്രക്ഷോഭമാരംഭിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ ഗാന്ധി സ്നേഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: