നൗ കാമ്പ്: സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ വിജയക്കുതിപ്പ്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ അലാവസിനെ തകര്‍ത്തു. ലിവര്‍പൂളില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയ ഫിലിപ്പെ കുടീഞ്ഞോ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ബാഴ്സക്കായി സൂപ്പര്‍താരങ്ങളായ ലൂയി സുവാരസും ലയണല്‍ മെസ്സിയും ഗോള്‍ നേടി.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്സയുടെ വിജയം. 23-ാം മിനിറ്റില്‍ ജോണ്‍ ഗ്വിഡേറ്റിയിലൂടെയാണ് അലാവസ് മുന്നിലെത്തിയത്. എന്നാല്‍ 72-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് സുവാരസും 84-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സിയും ലക്ഷ്യം കണ്ടതോടെ കറ്റാലന്‍ പട വിജയം പിടിച്ചെടുത്തു. ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയിന്റുള്ള ബാഴ്സലോണ രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. അത്ലറ്റികോ മാഡ്രിഡിന് 46 പോയിന്റാണുള്ളത്.
മറ്റൊരു കളിയില്‍ അത്ലറ്റികോ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 61-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്, 73-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ്, 88-ാം മിനിറ്റില്‍ തോമസ് പാര്‍ട്ടെ എന്നിവര്‍ അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടു. മറ്റ് കളികളില്‍ സെവിയ 1-1ന് ഗറ്റാഫെ സമനിലയില്‍ തളച്ചപ്പോള്‍ എസ്പാനിയോള്‍ 3-2ന് ലെഗാനസിനെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: