ഹേഗ്ലേ ഓവല്‍ (ന്യൂസിലന്‍ഡ്): പ്രാഥമിക മത്സരങ്ങളില്‍ വമ്പന്‍ വിജയങ്ങള്‍ കൊയ്ത് മികച്ച ഫോമില്‍ നില്ക്കുന്ന ഇന്ത്യ ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ന് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. അയല്‍ക്കാരെയും അനായാസം മറികടന്ന് ഇന്ത്യ കാലശക്കളിക്ക് ടിക്കറ്റെടുക്കുമെന്നാണ് പ്രതീക്ഷ. മുന്‍ ചാമ്പ്യന്മാരായ ഓസീസ് ഫൈനലിന് അര്‍ഹത നേടിക്കഴിഞ്ഞു.
അണ്ടര്‍ 19 തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോഡുണ്ട്. ഇരു ടീമുകളും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 തവണയും ഇന്ത്യ വിജയക്കൊടിപാറിച്ചപ്പോള് പാക്കിസ്ഥാന് ജയിക്കാനായത് എട്ടെണ്ണത്തില്‍ മാത്രം. ഒരു മത്സരം ടൈ ആയി.
2014 ലെ അണ്ടര്‍ 19 ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ്. അന്ന് മലയാളിയായ സഞ്ജു സാംസണ് അടിച്ചെടുത്ത 68 റണ്‍സിന്റെ മികവില്‍ ഇന്ത്യ പാക്കിസ്ഥാനനെ പരാജയപ്പെടുത്തി.
ഇത്തവണ പ്രാഥമിക ലീഗില്‍ ഇന്ത്യ വമ്പന്‍ വിജയങ്ങളാണ് കൊയ്തത്. ആദ്യ മത്സരത്തില്‍ ഓസീസിനെ നൂറ് റണ്‍സിന് മുക്കി. പാപ്പുവ ന്യൂ ഗുനിയയെയും സിംബാബ്വെയേയും പത്ത് വിക്കറ്റിന് തകര്‍ത്തു. ക്വാര്‍ട്ടറില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയും അനായാസം കീഴടക്കിയാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്.
അതേസമയം , പാക്കിസ്ഥാന് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റു. അയര്‍ലന്‍ഡിനെയും ശ്രീലങ്കയേയും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ ക്വാര്‍ട്ടറില്‍ കീഴ്പ്പെടുത്തിയാണ് സെമിയിലെത്തിയത്്.
ക്യാപ്റ്റന്‍ പൃഥ്വി ഷായും ശുഭം ഗില്ലുമാണ് ബാറ്റിങ്ങില്‍ ഇന്ത്യന്‍ ശക്തികേന്ദ്രം. നാലു മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റ് നേടിയ അനുകുല്‍ റോയിയാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ കരുത്ത്.
അലി സര്യാബ് ആസിഫും റോഹയ്ല് നസീറുമാണ് പാക്കിസ്ഥാന് ബാറ്റിങ്ങിനെ നയിക്കുന്നത്. പേസര്‍ ഷഹീന് അഫ്രീദിയാണ് ബൗളിങ്ങില്‍ അവരുടെ തുറുപ്പ് ചീട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: