കാക്കനാട്: ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി തുക വിനിയോഗം നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആശങ്ക. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 62 ദിവസം മാത്രം ബാക്കി നില്‍ക്കെ, പഞ്ചായത്തുകളില്‍ ഇതുവരെ 44.77% തുക മാത്രമാണ് ചെലവഴിച്ചത്. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ മാത്രമാണ് 60ശതമാനത്തിനു മുകളില്‍ പദ്ധതി തുക ചെലഴിച്ചിട്ടുള്ളത്. 35ശതമാനത്തില്‍ താഴെ നാല് പഞ്ചായത്തുകളുമുണ്ട്. അശമന്നൂര്‍(78.74), മഞ്ഞപ്ര(76.66), തിരുമാറാടി(68.06), ഒക്കല്‍( 66.68), ചൂര്‍ണിക്കര(66.37) എന്നീ പഞ്ചായത്തുകളാണ് പദ്ധതി തുക വിനിയോഗിച്ചതില്‍ മുന്നില്‍. കീരംമ്പാറ(26.31), ചേരാനെല്ലൂര്‍(25.85), കുട്ടമ്പുഴ(28.17), പായിപ്ര(31.54) പഞ്ചായത്തുകളാണ് ഏറ്റവും പിന്നില്‍.
പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. തുകയുടെ 75% മാര്‍ച്ചില്‍ ഒന്നിച്ച് ചെലവഴിക്കുന്ന പതിവ് രീതി മാറ്റി ഡിസംബറോടെ 75% വും മാര്‍ച്ച് തുടക്കത്തില്‍ പദ്ധതി ചെലവ് 100% ആക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കുറിയും പതിവ് ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളുടെ പൊതുപ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും ബില്ലുകള്‍ മാറുന്നതില്‍ ട്രഷറി നിയന്ത്രണങ്ങളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഡിസംബര്‍ 31നകം 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ട്രഷറി നിയന്ത്രണം തദ്ദേശഭരണ സഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തെ ബാധിച്ചു. ട്രഷറി നിയന്ത്രണം നിലവിലുള്ളതാനാല് ത്രിതല പഞ്ചായത്തുകളില്‍ പദ്ധതി പണം ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. ട്രഷറിയില്‍ ബില്ലുകള്‍ മാറാതെ കെട്ടിക്കിടന്നു. കാര്‍ഷിക മേഖലയിലും തുക ചെലവഴിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ കര്‍ശനമായ നിരീക്ഷണമുണ്ടാകണം. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയാറാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി. തോമസ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്, ആന്റണി ജോണ്‍, കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പ്ലാനിംങ് ഓഫീസര്‍ സാലി ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: