കാക്കനാട്: ആധുനികവത്കരിച്ച കലക്ട്രേറ്റ് റെക്കോര്‍ഡ് റൂമില്‍ റവന്യൂ വകുപ്പിലെ വിവിധ ഫയലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. പഴയ ഫയലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയാണ് റെക്കോര്‍ഡ് റൂം നവീകരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ഫയല്‍ തപ്പിയെടുക്കലിനായി ഇനി നീണ്ട കാത്തിരിപ്പ് ആവശ്യമില്ല. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളുടെ വിവരങ്ങളെല്ലാം കംപ്യൂട്ടറില്‍ ഡേറ്റ എന്‍ട്രി നടത്തിയാണ് ഇതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഫയല്‍ നമ്പര്‍ നല്കിയാല് ഫയലിലെ വിഷയം, ഫയല്‍ തയാറാക്കിയ തീയതി, ക്ലോസിങ് തീയതി, ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി, സെക്ഷന്‍, ഫയല്‍ സൂക്ഷിച്ചിരിക്കുന്ന റാക്കിലെ സെല്‍ നമ്പര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും കംപ്യൂട്ടറില്‍ ലഭ്യമാകും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നാലുതരം ഫയലുകളാണ് റെക്കോര്‍ഡ് റൂമിലുള്ളത്. ഒരു വര്‍ഷം വരെ സൂക്ഷിക്കേണ്ട എല്‍-ഡിസ്, കെ-ഡിസ് (3 വര്‍ഷം), ഡി-ഡിസ് (10 വര്‍ഷം), സ്ഥിരമായി സൂക്ഷിക്കേണ്ട ആര്-ഡിസ് വിഭാഗത്തിലുള്ള ഫയലുകളാണ് സൂക്ഷിച്ചിരിക്കുന്നത്.
കെല്‍ട്രോണാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ റവന്യൂ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് ലൈബ്രറിയും റെക്കോര്‍ഡ് റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്.
റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിച്ചു. എംഎല്‍എമാരായ പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാകലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, അസി. കലക്ടര്‍ ഈശ പ്രിയ, ഡിസിപി കറുപ്പസ്വാമി, എഡിഎം എം.കെ. കബീര്‍, ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: