കൊച്ചി: ഈ സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ 19കാരന് ദീപേന്ദ്ര നേഗിയുടെയും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെയും ഗോളുകളുടെ കരുത്തില്‍ പിന്നില്‍ നിന്നുതിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദല്‍ഹി ഡൈനാമോസിനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. ദല്‍ഹിക്കായി 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാലു ഉച്ചെയാണ് ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 48-ാം മിനിറ്റില്‍ നേഗിയും 75-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹ്യൂമും ലക്ഷ്യം കണ്ടതോടെ കൊച്ചിയിലെ കളിമുറ്റത്ത് വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തം. വിജയത്തോടെ 13 കളികളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യപകുതിയില്‍ നിറം മങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദീപേന്ദ്ര നേഗി പകരക്കാരനായി ഇറങ്ങിയതോ താളം വീണ്ടെടുക്കുന്നതാണ് കണ്ടത്. വളരെ പരിചയസമ്പന്നരായ താരങ്ങളെ പോലും അമ്പരപ്പിക്കുന്ന പന്തടക്കവും വേഗവുമാണ് നേഗി മൈതാനത്ത് പ്രകടിപ്പിച്ചത്.
ഗോവക്കെതിരെ തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ ബ്ലാസ്റ്റേഴ്സിനെ കളത്തിലിറകളത്തിലിറക്കിയത്. ഗോള്‍വലക്ക് മുന്നില്‍ പോള്‍ റെച്ചുബ്കയ്ക്ക് പകരം സുഭാഷിഷ് റോയി ചൗധരി എത്തി. മുന്നേറ്റ നിരയില്‍ കരണ്‍ സാഹ്നിക്ക് അവസരം നല്കി. കഴിഞ്ഞ കളിയില്‍ നിരാശപ്പെടുത്തിയ സിയാം ഹംഗലിന് പകരം മലയാളി താരം കെ. പ്രശാന്ത് ആദ്യമായി ആദ്യ ഇലവനില്‍ എത്തി. പരുക്കേറ്റ റിനോ ആന്റോ പുറത്തിരുന്നു. ഗോവയിലേക്ക് കുടിയേറിയ മാര്‍ക്ക് സിഫ്—നിയോസിന് പകരക്കാരനായി എത്തിയ ഐസ്ലന്ഡ് താരം ഗുഡ്ജോണ്‍ ബാല്ഡ്വിന്സണ് സൈഡ് ബെഞ്ചിലെത്തി. മലയാളി താരം സഹല്‍ സമദിനും ആദ്യമായി പകരക്കാരുടെ പട്ടികയില്‍ ഇടംനേടി.. 4-1-4-1 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. എന്നാല്‍ ആദ്യ ഇലവനില്‍ അഞ്ച് വിദേശതാരങ്ങളെ ഇറക്കാമെങ്കിലും താരക്ഷാമം കാരണം ടീമില്‍ ഇടംനേടിയത് മൂന്നുപേര്‍ മാത്രം.
മൂന്നു മാറ്റവുമായാണ് ദല്‍ഹി ഡൈനാമോസും കളത്തിലിറങ്ങിയത്. പരുക്കിന്റെ പിടിയിലായ മധ്യനിരതാരം നന്ദകുമാര്‍ ശേഖറിനു പകരം സെയ്ത്യാസെന്‍ സിങും വിനീത് റായിയുടെ പകരക്കാരനായി ക്ലോഡിയോ മാത്യസും എഡു മോയക്കു പകരം പ്രതീക് ചൗധരിയും ആദ്യ ഇലവിന് കളത്തിലിറങ്ങി. ഡല്‍ഹി 4-2-3-1 ഫോര്‍മേഷനില്‍ പന്തുതട്ടി തുടങ്ങിയത്.
തുടക്കം മുതല്‍ ദല്‍ഹിയുടെ സമ്മര്‍ദ്ദമായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന കളി പുറത്തെടുത്തു. ഭാവനാശൂന്യമായ മധ്യനരിയും നിരാശപ്പെടുത്തിയ മുന്നേറ്റവും ചേര്‍ന്നതോടെ കളിനിലവാരം താഴ്ന്നു.
അഞ്ചാം മിനുറ്റില്‍ വലതുവിങ്ങില്‍നിന്ന് വിനീത് നീട്ടിയ പന്തില്‍ ലാല്‍റുവാത്താര ഉതിര്‍ത്ത ഷോട്ട് ബോക്സില്‍ പൗളിഞ്യോ തടഞ്ഞു. തുടര്‍ന്ന് ലഭിച്ച കോര്‍ണറും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ജാക്കിചന്ദിന്റെ കോര്‍ണര്‍ കിക്ക് നേരെ ദല്‍ഹി ഗോളിയുടെ കയ്യിലേക്ക്. തുടര്‍ന്ന് ദല്‍ഹിക്ക് രണ്ട് അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. 12-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം. ഇയാന്‍ ഹ്യും നല്കിയ പന്തുമായി വിനീതും പെകൂസണും ചേര്‍ന്നുള്ള മുന്നേറ്റം. പെകൂസണിന്റെ ഗോള്‍ ശ്രമം ദല്‍ഹിയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ പ്രതീക് ചൗധരി തടഞ്ഞു. പ്രതീകിന്റെ കാലില്‍നിന്ന് പന്ത് ബോക്സിന് പുറത്തുനില്‍ക്കുകയായിരുന്ന മിലന് സിങ്ങിലേക്ക്. സമയം പാഴാക്കാതെ മിലന് ഉതിര്‍ത്ത ഷോട്ട് ദല്‍ഹി ഗോളി അര്‍ണബ് തടഞ്ഞിട്ടു. ഹ്യൂം പന്ത് വലയിലേക്ക് തട്ടിയിട്ടെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. 16-ാം മനിറ്റില്‍ ദല്‍ഹി ആദ്യ മാറ്റം വരുത്തി. പ്രീതം കോട്ടാലിനു പകരം മുഹമ്മദ് സാജിതം ഇറങ്ങി.
24 മിനിറ്റില്‍ ക്ലോഡിയോ മാത്യാസ്, പൗളിഞ്ഞോ, റോമിയോ, സാജിദ് വഴിയെത്തിയ പന്തില്‍ ചാംങ്തെയെടുത്ത ഷോട്ട് സുഭാശിഷ് കൈയിലൊതുക്കി. തുടര്‍ന്നും തുര്‍ച്ചയായി ദല്‍ഹിയുടെ ആക്രമണം. 26-ാം മിനിറ്റില്‍ ക്ലോഡിയോയുടെ സുന്ദരമായ ഷോട്ട് സുഭാശിഷ് പറന്നുയര്‍ന്ന് കുത്തിയകറ്റി. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെതിരെ പെനാല്‍റ്റി. പന്തുമായി മുന്നേറിയ സെയ്ത്യാസെന്നിനെ വീഴ്ത്തിയതിന് പ്രശാന്തിന് മഞ്ഞക്കാര്‍ഡും ദല്‍ഹിക്ക് അനുകൂലമായ പെനാല്‍റ്റിയും. കിക്കെടുത്ത കാലു ഉച്ചെയുടെ വലങ്കാലന്‍ ഷോട്ട് സുഭാശിഷിനെ മറികടന്ന് വല കുലുക്കി. ഗോള്‍വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് ശക്തികൂട്ടി.
37-ാം മിനുറ്റില്‍ ബോക്സിനു വളരെ വെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് മുതലാക്കാനായില്ല. വെസ് ബ്രൗണിന്റെ കിക്കില്‍ ജിങ്കാന് തലവെക്കുംമുമ്പേ പന്ത് ദല്‍ഹി ഗോളി കയ്യിലൊതുക്കി.
43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അവസരം. പന്തുമായി മുന്നേറിയ ഹ്യൂം ബോക്സിനു മുന്നില്‍വെച്ച് ജാക്കിചന്ദിന് കൈമാറി. ജാക്കിചന്ദ് നീട്ടിയ പന്തില്‍ മിലന് തൊടുത്ത ലോങ് റേഞ്ചര്‍ സീസെറോയെയും മറികടന്ന് പാഞ്ഞെങ്കിലും പോസ്റ്റിന് പുറത്തേക്ക് പറന്നു. ഇതോടെ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് പിന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ഒരു മാറ്റവുമായാണ് മൈതാനതെത്തിയത്. കരണ്‍ സാഹ്നിക്ക് പകരം 19 കാരനായ ദീപേന്ദ്രനേഗി കളത്തില്‍. രണ്ട് മിനിറ്റിനുശേഷം നേഗി സമനില ഗോള്‍ നേടി ഹീറോയായി. ജാക്കിചന്ദ് എടുത്ത കോര്‍ണര്‍ കിക്കാണ് നേഗി വലയിലെത്തിച്ചത്. ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനായി നേഗിയും ദല്‍ഹി നായകന് കാലു ഉച്ചെയും ഉയര്‍ന്നുചാടി. പന്ത് കാലു ഉച്ചെയുടെ തലയിലും നേഗിയുടെ കാലിലും തട്ടിയശേഷം ദല്‍ഹി വലയില്‍ കയറി. ഇതോടെ കളി ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലേക്ക്. 58-ാം മിനിറ്റില്‍ നേഗി വീണ്ടും ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിന് പുറത്ത്.
65-ാം മിനിറ്റില്‍ പ്രശാന്തിനെ തിരിച്ചുവിളിച്ച് ടീമിലെ പുതിയ താരം ഐസ്ലന്ഡിന്റെ ഗുജോണ്‍ ബാല്ഡ്വിന്സണ് ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ മൈതാനത്തെത്തി. തൊട്ടുപിന്നാലെ ഗുജോണ്‍ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇടയ്ക്ക് ദല്‍ഹി വീണ്ടും പിടിമുറുക്കി. എന്നാല്‍ ഗുജോണിന്റെയും നേഗിയുടെയും കരുത്തില്‍ പ്രത്യാക്രമണം മെനഞ്ഞ ബ്ലാസ്റ്റേഴ്സ് 75-ാം മിനിറ്റില്‍ ലീഡ് നേടി. സമനില ഗോള്‍ നേടിയ നേഗിയാണ് ഇത്തവണയും ഗോളിന് വഴിയൊരുക്കിയത്. മൂന്ന് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ദല്‍ഹി ബോക്സില്‍ കടന്ന നേഗിയെ പ്രതിക് ചൗധരി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു.
കിക്കെടുക്കാനെത്തിയത് സൂപ്പര്‍താരം ഹ്യൂം. ഹ്യുമിന്റെ കിക്ക് ദല്‍ഹി ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആവേശം അണപൊട്ടിയൊഴുകി. തുടര്‍ന്നും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സും സമനിലക്കായി ദല്‍ഹിയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ വിട്ടുനിന്നതോടെ വിജയം മഞ്ഞപ്പടയ്ക്ക് സ്വന്തം.കളിയുടെ അവസാന മിനിറ്റില്‍ ദല്‍ഹിയുടെ പ്രതിക് ചൗധരി രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: