1958. ഇസ്രായേലിലെ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാനെത്തിയ ശോഷിച്ച മനുഷ്യനെക്കണ്ട് ഒരു കൂട്ടം കര്‍ഷകര്‍ കളിയാക്കി. മെലിഞ്ഞുണങ്ങിയ ശരീരമുള്ളയാള്‍ക്ക് കൃഷി ചെയ്യാനുള്ള ആരോഗ്യമുണ്ടോ? അവരുടെ പരിഹാസവും പുച്ഛവും ഊര്ജ്ജമായെടുത്ത് അയാള്‍ കാടുവെട്ടി. പൊള്ളുന്ന വെയിലില്‍ റൊട്ടിക്കഷണം മാത്രം കഴിച്ച് വരï ഭൂമി ഉഴുതുമറിച്ചു. പി ന്നെ വിത്തെറിഞ്ഞു, വെള്ളം കോരി. കാലങ്ങള്‍ കടന്നപ്പോള്‍ അന്ന് കളിയാക്കിയവര്‍ അയാളുടെ ആരാധകരായി. ഇസ്രായേലിലെ യുദ്ധഭൂമിയില്‍ സ്നേഹത്തിന്റെ സന്ദേശവുമായി അയാളുടെ റോസാച്ചെടികള്‍ പു ഞ്ചിരിതൂകി. ഒപ്പം, തക്കാളിയും പപ്പായയും വെള്ളരിയും മുന്തിരിയും. കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതി മികവിന് ഇസ്രായേല്‍ സര്‍ക്കാറിന്റെ അവാര്ഡുകൂടിയായപ്പോള് ആ മലയാളിയെ എല്ലാവരും അറിഞ്ഞുതുടങ്ങി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്ക് പോയ ജൂതന്മാരുടെ സംഘത്തിലുണ്ടായിരുന്ന ഇരുപത്തിയഞ്ചുകാരന് ഏലിയാഹു പെസാലില്‍ ആയിരുന്നു സംഘര്‍ഷ ഭൂമികയില്‍ കൃഷിയ്ക്ക് വിത്തുപാകിയ ആ മലയാളി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലെത്തിയപ്പോള്‍ ഏലിയാഹു പെസാലിനും കാണാന്‍ ക്ഷണമുണ്ടായിരുന്നു. ഇസ്രായേലില്‍ ഗ്രീന്‍ഹൗസ് സാങ്കേതിക വിദ്യയില്‍ ആദ്യം കൃഷി ആരംഭിച്ചതും ഇദ്ദേഹമായിരുന്നു. വിശ്രമ ജീവിതത്തിനിടെ എറണാകുളം പറവൂര്‍ ചേന്ദമംഗലം പുത്തന്‍വീട്ടിലെ കുടുംബവീട്ടിലെത്തിയ 88 കാരനായ ഏലിയാഹു പെസാലില്‍ യുദ്ധഭൂമിയിലെ ആ കൃഷി ജീവിതം ഓര്‍ത്തെടുക്കുന്നു.
കാടുവെട്ടിത്തെളിച്ച് തുടക്കം
1948ല്‍ ഇസ്രായേല്‍ രൂപീകരിച്ചതോടെയാണ് ഇന്ത്യയിലുണ്ടായിരുന്ന ജൂതന്മാര് അങ്ങോട്ട് കുടിയേറിത്തുടങ്ങിയത്. കൊച്ചിയിലെ ജൂതരും അതൊരു അവസരമായി കണ്ടു. ചേന്ദമംഗലം പുത്തന്‍വീട്ടില്‍ ഏലിയാഹുവിന്റെയും സാറായുടെയും മകന് ഏലിയാഹു പെസാലിലും അങ്ങനെ ഇസ്രായേലിലെത്തി. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു കുടിയേറ്റം. മുംബൈയില്‍ നിന്ന് പാകിസ്ഥാന് വഴി വിമാനത്തിലായിരുന്നു യാത്ര. ആദ്യ ആറുമാസം ഹീബ്രു ഭാഷ പഠിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞു. ആ സമയത്ത് എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നോക്കി. പിന്നീട്, ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാമെന്നായി. ഏലിയാഹു പെസാലില്‍ കൃഷി തിരഞ്ഞെടുത്തു. കാടുവെട്ടിത്തെളിക്കലായിരുന്നു ആദ്യ പണി. കിട്ടുന്നതാകട്ടെ വിശപ്പടക്കാനുള്ള പണം മാത്രം. കൂടാതെ, അവിടത്തെ ആര്‍മിയില്‍ നിര്‍ബന്ധിത സേവനവും. സ്വന്തമായി കൃഷി ചെയ്യാന്‍ പാട്ടത്തിന് ഭൂമി കിട്ടുന്നത് നാലുവര്‍ഷത്തിനുശേഷം. അതാകട്ടെ വരï ഭൂമി. വെള്ളം കിട്ടാനും പ്രയാസം. എങ്കിലും, എല്ലാ പിന്തുണയുമായി സര്‍ക്കാരുണ്ടായിരുന്നു.
പ്രതിസന്ധികളെ തരണം ചെയ്ത് കൃഷി തുടങ്ങി. തക്കാളിയും വെള്ളരിയും റോസുമൊക്കെയായിരുന്നു കൃഷി. ഇവിടെ നിന്ന് പോയവര്‍ക്കെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരായതിനാല്‍, അവിടത്തെ കൃഷി ഉദ്യോഗസ്ഥര്‍ പഠിപ്പിക്കുന്നത് പെട്ടെന്ന് മനസിലായി. എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ആദ്യ സംരംഭം തന്നെ വിജയം. ഇസ്രായേലിലെ കൃഷി വില്ലേജുകളില്‍ ഏലിയാഹുവിന്റെയും കൊച്ചിക്കാരുടെയും കൃഷി തലയെടുപ്പോടെ നിന്നു. വീടിനോടുചേര്‍ന്ന് ഒരേക്കറും കുറച്ചുമാറി അഞ്ചേക്കറിലുമായിരുന്നു കൃഷി. ഇതിനിടെ ഇംഗ്ലണ്ടില്‍പ്പോയി ആധുനിക കൃഷി സാങ്കേതിക വിദ്യകള്‍ പഠിച്ചു. അത് ഇസ്രായേലില്‍ പ്രാവര്‍ത്തികമാക്കി. ഇതോടെ, കൂടുതല്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിന് നല്കി. അങ്ങനെ, അറിയപ്പെടുന്ന കര്‍ഷകനും കയറ്റുമതിക്കാരനുമായി. പിന്നീട് കൃഷിഫാമുകള്‍ ഒരുക്കി നല്കുന്ന ജോലികള്‍ കൂടി ഏറ്റെടുത്തു. ആടും പശുവുമായി നിറയെ ഫാമുകളും. ഒരുപക്ഷേ, പാല് കറക്കാന്‍ പശുക്കള്‍ ക്യൂനില്ക്കുന്ന കാഴ്ച അവിടെ മാത്രമായിരിക്കും. കേരളത്തില്‍ നിന്ന് പോയ 60 ശതമാനം പേരും ഇസ്രായേലില്‍ കൃഷിക്കാരായി. ഇവിടെ തൂമ്പ പിടിക്കാന്‍ മടിച്ച ജൂതന്മാരില് പലരും അവിടെ എല്ലുമുറിയെ പണിയെടുത്ത് വിജയം കണ്ടു. അങ്ങനെ യുദ്ധഭൂമിയില്‍ പൊന്നുവിളഞ്ഞു.
കൃഷി നശിപ്പിക്കുന്ന യുദ്ധങ്ങള്‍
1967 ജൂണ്‍ 5. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ആറുദിന യുദ്ധം ആരംഭിച്ച ദിവസം. ഇസ്രായേലിന്റെ ആയിരം സൈനികര്‍ കൊല്ലപ്പെട്ടു. 4500ത്തില്‍പ്പരം പേര്‍ക്ക് മുറിവേറ്റു. ഈ യുദ്ധത്തിന്റെ അനന്തര ഫലം കൃഷി നാശം കൂടിയായിരുന്നു. ഏക്കറ് കണക്കിന് കൃഷിയാണ് നോക്കാനാളില്ലാതെ നശിച്ചത്. വീടിനോടു ചേര്‍ന്നുള്ള കൃഷി പോലും സംരക്ഷിക്കാനായില്ല. ഒടുവില്‍ യുദ്ധത്തിനുശേഷം വീണ്ടും കൃഷി പുനരാരംഭിക്കുകയായിരുന്നു. യുദ്ധമുണ്ടാക്കിയ കാര്‍ഷിക നഷ്ടം വളരെ വലുതായിരുന്നു. പാലസ്തീനുമായുള്ള പ്രശ്നങ്ങളും കൃഷിയെ ബാധിക്കുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ഭീകരാക്രമണങ്ങളും പച്ചപുതപ്പിച്ച ഭൂമിയെ ചുവപ്പിച്ചു.
എത്ര പ്രതിസന്ധിയുണ്ടായാലും നഷ്ടമുണ്ടായാലും ഇസ്രായേല്‍ സര്‍ക്കാര്‍ നല്കുന്ന പിന്തുണയാണ് വീണ്ടും കൃഷി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. കൃഷിഭൂമി പാട്ടത്തിന് വളരെ കുറഞ്ഞവിലയ്ക്ക് ലഭിക്കും. കാര്ഷികോല്പന്നങ്ങള് വിളവെടുക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് സംഭരിച്ച് കയറ്റുമതി ചെയ്യും. ഒന്നും കര്‍ഷകര്‍ അറിയേ. വെള്ളവും കുറഞ്ഞനിരക്കില്‍ നല്‍കും. കൂടാതെ, കാര്‍ഷിക വിദഗ്ധരുടെ ഉപദേശവും. ആദ്യമായി ഇസ്രായേലില്‍ ഗ്രീന്‍ ഹൗസ് സാങ്കേതിക വിദ്യ പരീക്ഷിച്ചപ്പോഴും സര്‍ക്കാര്‍ നല്ല പിന്തുണ നല്കി. ഇത് കേരളത്തില്‍ കാണാനായിട്ടില്ല. 1964 ല്‍ മികച്ച റോസാപ്പൂ കയറ്റുമതിക്കാരനുള്ള ഇസ്രായേലി പ്രധാനമന്ത്രിയുടെ അവാര്‍ഡും ഏലിയാഹു പെസാലിലിന് ലഭിച്ചു. ഇതിനിടെ മട്ടാഞ്ചേരിയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ ജൂതന്മാരുടെ കുടുംബത്തില്‍പ്പെട്ട മിറിയാമിനെ ജീവിത സഖിയാക്കി. കല്യാണത്തിന് വസ്ത്രങ്ങളെടുത്തത് ബാങ്ക് വായ്പ എടുത്തായിരുന്നു. വളരെ കുറച്ചുപേരെ മാത്രം ക്ഷണിച്ചായിരുന്നു വിവാഹം. അധികം താമസിയാതെ ബീന, ബറാക്ക്, ബറാമി, ബസ്മാത്ത് എന്നീ നാല് പേരും അവിരുടെ ജീവിതത്തിലേക്ക് എത്തി. ഇപ്പോള്‍ ബറാമിയാണ് ഇസ്രായേലിലെ കൃഷി നോക്കി നടത്തുന്നത്. ബറാക്ക് അഭിഭാഷകനും. മറ്റുള്ളവര്‍ ബിസിനസ് തിരക്കിലും.
കേരളീയ പാരമ്പര്യം തേടി കൊച്ചിയിലേക്ക്
ഇസ്രായേലിലേക്ക് കുടിയേറിയവര്‍ക്ക് തിരികെ ഇന്ത്യയിലേക്ക് വരാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. അവിടെ കൃഷി ചെയ്ത് വിജയം കണ്ടപ്പോഴും കേരളത്തെയും കൊച്ചിയെയും കുറിച്ചായിരുന്നു ചിന്ത. ഇവിടുത്തുകാരെ കൃഷിയുടെ പാഠം പഠിപ്പിക്കാന്‍ അങ്ങനെ അവസരം വന്നു. വിസിറ്റിംഗ് വിസയിലായിരുന്നു വരവ്. പിന്നീട് 28 തവണ ഇന്ത്യയിലെത്തി. ഒടുവില്‍, കൊച്ചിയിലെ പഴയ തറവാടായ ചേന്ദമംഗലത്തുള്ള പുത്തന്വീട്ടിലുമെത്തി. അവിടെയുണ്ടായിരുന്ന സ്ഥലം, കിട്ടിയ വിലയ്ക്ക് വിറ്റായിരുന്നു അന്ന് ഇസ്രായേലിലേക്ക് കുടിയേറിയത്. ചേന്ദമംഗലം ജൂതപ്പള്ളിക്ക് സമീപത്തെ തറവാട് വീടിരുന്ന സ്ഥലം തിരിച്ചുപിടിച്ചാലോ എന്നായി ചിന്ത. ഉടമയെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ച് പഴയവീടിരുന്ന അതേ അഞ്ചുസെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. അവിടെ ഒരു പുതിയ വീടുവെച്ചു. ഇപ്പോള്‍ ഇടയ്ക്ക് ഭാര്യയും മക്കളും കൊച്ചുമക്കളുമായി ഏലിയാഹു പെസാലില്‍ കേരളീയ പാരമ്പര്യം തേടി ഇവിടെ എത്തുന്നു.
കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ ചില രീതികളോട് എതിര്‍പ്പുണ്ട് വിവാഹത്തിന്റെ ആര്‍ഭാടം തന്നെ പ്രധാനകാരണം. ഇവിടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പൊന്നിനും പണത്തിനും മാത്രമാണെന്ന് തോന്നിപ്പോകും. ആ രീതി മാറണം. അവിടെ, അങ്ങനെയല്ല, ഇഷ്ടമുള്ള ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കാം. ഒരു കല്യാണക്കുറി തരുമ്പോഴായിരിക്കും മാതാപിതാക്കള്‍ പോലും വിവരം അറിയുക. കല്യാണത്തിന് കൂടിയാല്‍ 50ല്‍ താഴെ ആളുകള്‍ മാത്രം. കേരളത്തില്‍ സ്ത്രീകളോട് കാട്ടുന്ന വിവേചനത്തെയും കല്യാണം ആഘോഷമാക്കുന്നതിനെയും വിമര്‍ശിക്കാന്‍ പെസാലില്‍ മറന്നില്ല.
ഇസ്രായേലികളോട് അടുക്കാന്‍ കേരളത്തിന് പേടി
ഇസ്രായേലികള്‍ക്ക് ടൂറിസ്റ്റായി മാത്രം ഇവിടെ വരാം. ഒരു ബിസിനസ്സുനടത്താനോ സംരംഭം തുടങ്ങാനോ കഴിയില്ല. വലിയ വിവേചനമുണ്ട്. ഇവിടെ ഒരു ഇസ്രായേലി കമ്പനികളുടെ സംയുക്തസംരംഭമില്ല. ഇസ്രായേലികള്‍ക്ക് പ്രോത്സാഹനം നല്കിയാല് ഗള്‍ഫില്‍ നിന്നുള്ളവരുടെ അപ്രീതിക്കിടയാകുമോ എന്നായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശങ്ക. ഇസ്രായേലുകാരുമായി അടുക്കാന്‍ കേരളത്തിന് പേടിയാണെന്ന് വേണം പറയാന്‍. പെസാലിന്റെ ഈ വാദം ശരിവെയ്ക്കുന്നതാണ് ഈ സംഭവം. കൃഷിക്ക് നല്കിയ പ്രോത്സാഹനത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്കലാമില് നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ പെസാലില്‍ 2014 ല്‍ ദല്‍ഹിയിലെത്തി. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഇസ്രായേലിലെ അറിയപ്പെടുന്ന കര്‍ഷകനും കയറ്റുമതിക്കാരനുമാണെന്ന് അറിഞ്ഞപ്പോള്‍, 12 പേരെ കൃഷി പഠിപ്പിക്കാന്‍ വിടാമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹായിക്കാമെന്ന് പറഞ്ഞപ്പോള്‍, ഉദ്യോഗസ്ഥരിലൊരാള്‍ അതിന് തുരങ്കം വെച്ചു. ഇസ്രായേലികളോട് അടുത്താല്‍ കുഴപ്പമുണ്ടാകുമോ എന്ന പേടിയായിരുന്നു ഉദ്യോഗസ്ഥന്. സത്യത്തില്‍ മലയാളിയായ, കേരളീയനായ ഒരാളെയാണ് അവഗണിച്ചതെന്ന് ഓര്‍ക്കണം. പക്ഷേ, ഇന്ത്യയുടെ മറ്റിടങ്ങളിലൊന്നും ഈ പ്രശ്നമില്ല.
ഇസ്രായേല്‍ മാതൃകയിലെ കൃഷി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെസാലില്‍ തുടങ്ങി. പഞ്ചാബില്‍ ആദ്യം ഗ്രീന്‍ ഹൗസ് ഒരുക്കി. തുടര്‍ന്ന്, ബെംഗളൂരു, ന്യൂദല്‍ഹി, നോയ്ഡ തുടങ്ങിയ ഇടങ്ങളിലും കൃഷി മാതൃക പരീക്ഷിച്ചു. കേരളത്തില്‍ ഇപ്പോള്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കണികാ ജലസേചനം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പെസാലില്‍ ഇസ്രായേലില്‍ ചെയ്തിരുന്നു. കേരളത്തില്‍ കൃഷി ചെയ്യാന്‍ ഏലിയാഹു പെസാലിലിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. താമസിക്കാന്‍ ഭൂമി വാങ്ങാനേ അനുവാദമുള്ളൂ. കൃഷി ഭൂമി വാങ്ങാന്‍ ഇവിടെ അനുവാദമില്ല. കാരണം, ഇസ്രായേലുകാരനായതുതന്നെ. ഇസ്രായേലില്‍ ഇന്ത്യയ്ക്ക് നല്ല പേരുണ്ടാക്കിയതിനും ഇന്ത്യന്‍ ജനതയെ കൃഷി പഠിപ്പിക്കാന്‍ സഹായിച്ചതിനും രാഷ്ട്രപതി അവാര്‍ഡു നല്കിയ ആള്‍ക്ക് സ്വന്തമായി കൃഷി ഭൂമി വാങ്ങാന്‍ അനുവാദമില്ല.
മൂന്നാറില്‍ പൊന്നുവിളയിക്കാം
കൃഷിക്ക് പറ്റിയ കാലാവസ്ഥയാണ് മൂന്നാറില്‍. 500 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കണം. വെള്ളവും ഗതാഗതവുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കണം. വിദേശികള്‍ക്ക് വന്ന് ഫാമുïാക്കാന്‍ അവസരം നല്‍കണം. ഇവിടെ ആധുനിക രീതിയിലുള്ള കൃഷി ചെയ്താല്‍ നല്ല വിളവ് ലഭിക്കും. വിദേശത്ത് നിന്നാണ് ഇവിടത്തെ പല വന്‍കിട ഹോട്ടലുകളും പഴവര്‍ഗ്ഗങ്ങള്‍ എത്തിക്കുന്നത്. മൂന്നാറിനെ ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് അത് ഇവിടെ നിന്ന് നല്‍കാനാകും. കീടനാശിനിയും രാസവളവും ഉപയോഗിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് കിട്ടാന്‍ ഇവ അത്യാവശ്യമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 90 ശതമാനവും ഇത്തരത്തിലുള്ള കൃഷിയാണ്. ഇതിനെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നാണ് പെസാലിലിന്റെ പക്ഷം. ഇസ്രായേലിലെ മുഷാബ് ഷാഫാറിലെ 50 ഏക്കര്‍ സ്ഥലത്ത് ആറുപേര്‍ മാത്രമാണ് ജോലിക്കാര്‍. ബാക്കിയെല്ലാം ചെയ്യുന്നത് യന്ത്രങ്ങളാണ്. അത്തരമൊരു കൃഷിരീതിയിലേക്ക് കേരളം മാറുന്നതും കാത്തിരിക്കുകയാണ് ഇസ്രായേലുകാരനായ ഈ മലയാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: