മട്ടാഞ്ചേരി: ബസാര്‍ റോഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ലേബര്‍ ക്യാമ്പ് പോലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തി. സുരക്ഷയും പ്രാദേശിക ഭീഷണിയും മാലിന്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ലേബര്‍ ക്യാമ്പിനെ കുറിച്ച് ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു. പഴയകാല കെട്ടിടമാണ്. 300 ഓളം പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പ് ഉടമയില്‍നിന്ന് മുഴുവന്‍ രേഖകളും സിഐ പരിശോധിച്ചു. താമസക്കാരുടെ തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസവും വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. പരിമിതമായ ശുചിമുറി സംവിധാനങ്ങളാണ് ഇവിടെയുള്ളത്. പോലീസ് ക്ലിയറിംഗ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല.
ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് പുറമേ കുളച്ചല്‍ സ്വദേശികളും ഇവിടെ താമസിക്കുന്നതായി പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പഴയ പാണ്ടികശാലയായിരുന്ന കെട്ടിടം നവീകരിച്ച് മുറികളായി തിരിച്ചിരിക്കുകയാണ്. ക്യാമ്പിന് നഗരസഭയുടെ അനുമതിയോ മുറികള്‍ക്ക് നമ്പറോ ലഭിച്ചിട്ടില്ല. ഗോഡൗണിന് അനുവദിച്ച വൈദ്യുതിയാണ് മുറികള്‍ക്കും ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. കെഎസ്ഇബിയും ഇതിനെതിരെ കണ്ണടച്ചതായി പരാതിയുണ്ട്. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി. താമസക്കാര്‍ക്കാവശ്യമായ ശുചിമുറി പാചക കേന്ദ്രം ശുചിത്വം എന്നീ വിവിധ വിഷയങ്ങളെകുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: