മട്ടാഞ്ചേരി: സ്ത്രീ സുരക്ഷയ്ക്കായി കളരിപ്പയറ്റിലെ മുറകളും പരിശീലനവും കണ്ടറിയാനും പഠനത്തിനുമായി യുഎന്‍ വനിതാ സംഘം കൊച്ചിയിലെത്തി. യുറോപ്യന്‍ വനിതാ സംഘം സംയോജകയും നയരൂപീകരണ ഡയറക്ടറുമായ ഡാനിയേല പീച്ചീര്, വനിതാ ശാക്തീകരണ സംഘാംഗവും ആതുരശുശ്രുഷവിദഗ്ധയുമായ ഡോ. മരിയയുമടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്.
പനയപ്പള്ളി അഗസ്ത്യ കളരിയില്‍ ചെറിയകുട്ടികളും യുവതികളും സ്ത്രീകളുമടങ്ങുന്ന അഭ്യാസ പഠനസംഘത്തിന്റെ കളരി പഠനരീതികളും മുറകളും പ്രതിരോധ – ആക്രമണ – സ്വയരക്ഷ അടവുകളെകുറിച്ചുമുള്ള പഠനവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനമെന്ന് ഡാനിയല്ല പീച്ചീര് പറഞ്ഞു. ആഗോളതലത്തില്‍, സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യൂറോപ്യന്‍ രാജ്യങ്ങളിലും ഇതര രാഷ്ട്രങ്ങളിലും അവബോധ പ്രവര്‍ത്തനവുമായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദിലെ കമ്മം ഗ്രാമത്തില്‍ സൗജന്യ ശസ്ത്രക്രിയക്യാമ്പില് സേവനത്തിനെത്തിയതായിരുന്നു ഇവര്‍.
അഗസ്ത്യ കളരിയിലെ സ്ത്രീ സുരക്ഷ കളരിമുറകള്‍ സുഹൃത്തുക്കളില്‍ നിന്ന് കേട്ടറിഞ്ഞാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ശിവന് ഗുരുക്കളുടെ നേതൃത്വത്തില്‍ വാനിറ്റിബാഗ്, കുട, മൊബൈല്‍ എന്നിവയുടെ പ്രയോഗങ്ങളാലും കളരി മുറകളിലൂടെയും സ്ത്രീ സുരക്ഷ പഠനമാണ് അഗസ്ത്യയില്‍ നടക്കുന്നത്. ആഗസ്ത്യ കളരി വെബ് സെറ്റ് ഉദ്ഘാടനവും നടന്നു. ജെനി അജിത്, ആന്റണി അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: