ആലുവ: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആലുവ തൃക്കുന്നത്ത് പള്ളിതുറന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിലുള്ള അന്‍പതോളം വരുന്ന സംഘം ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പള്ളിയുടെ അകത്ത് പ്രവേശിച്ചു. ഇടവക മെത്രാപ്പൊലീത്ത യൂഹാന്നോന്‍ മാര്‍ പോളികാര്പ്പോസാണ് പള്ളി തുറന്നത്.
വിശ്വാസികളുടെ നേതൃത്വത്തില്‍ പള്ളിയുടെ ഉള്‍വശം വൃത്തിയാക്കി. പള്ളിയുടെ താക്കോല്‍ കൈവശമുണ്ടായിരുന്നെങ്കിലും 40 വര്‍ഷമുണ്ടായ സഭാതര്‍ക്കത്തെ തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. തര്‍ക്കമായതോടെ യാക്കോബായ വിഭാഗത്തിനും പളളിയിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചു.
1977 ഡിസംബര്‍ ആറിനാണ് തൃക്കുന്നത്ത് പള്ളി സഭാതര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയത്. 2003 ല്‍ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കോടതി വിധിയുണ്ടായി. 2017 ജൂലൈ 13നാണ് അന്തിമമായി സുപ്രീം കോടതി വിധി വന്നതെന്ന് തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ പള്ളി തുറക്കുകയുണ്ടായി.
ആലുവ തൃക്കുന്നത്തില് പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറിയിരുന്നു. ഇരുവിഭാഗവും വ്യത്യസ്ഥമായാണ് കൊടിയുയര്‍ത്തിയത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഇടവക മെത്രാപ്പൊലീത്ത യൂഹാന്നോന്‍ മാര്‍ പോളികാര്പ്പോസാണ് പതാക ഉയര്‍ത്തിയത്.
യാക്കോബായ മെത്രാന്മാര്ക്കും വൈദികര്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിന് തിങ്കളാഴ്ച ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. വിശ്വാസി എന്ന നിലയില്‍ ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ തിരുക്കര്‍മ്മങ്ങളെ തടസ്സപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഹൈക്കോടതിയിലെത്തിയ ഉപഹര്‍ജിയെ തുടര്‍ന്നായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് പള്ളി തുറക്കാന്‍ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: