തൃപ്പൂണിത്തുറ: കുമ്പളം പാലത്തിനടുത്ത് വീപ്പയില്‍ കോണ്‍ക്രീറ്റില്‍ കണ്ടെത്തിയ യുവതിയുടെ അസ്ഥിക്കൂടത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്ക്. അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്നാണ് സംശയം.
അസ്ഥികൂടത്തില്‍ കണ്ടെത്തിയ കണങ്കാലിലെ പിരിയാണിയുടെ (സ്ക്രൂ) ബാച്ച് നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഉദയംപേരൂര്‍ തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന ശകുന്തള എന്ന യുവതിയാണോ കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്് സ്കൂട്ടര്‍ അപകടത്തില്‍ കാലിന്റെ എല്ലിന് പരിക്ക് പറ്റിയ ഇവര്‍ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്വേഷണത്തില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ പറയുന്ന രീതിയിലുള്ള ആറ് പിരിയാണികള്‍ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ഷംസ് പറഞ്ഞു. ഇതില്‍ അഞ്ചു പേരെയും നേരില്‍ കണ്ട് മൊഴി എടുത്തിട്ടുണ്ട്.
ഇനിയുള്ള ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, കൊല്ലപ്പെട്ടത് ഉദയംപേരൂരിലുള്ള ശകുന്തളയാണെന്ന സംശയത്തിലാണ് പോലീസ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ശകുന്തള മുംബൈക്ക് പോകുന്നു തന്നോട് പറഞ്ഞതായി മകള്‍ വെളിപ്പെടുത്തി. ഇതിനുശേഷം ശകുന്തളയെക്കുറിച്ച് അറിവൊന്നുമില്ല. അസ്ഥികൂടം ശകുന്തളയുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി മകളുടെ രക്തം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
2014 ബാച്ചിലുള്ള പിരിയാണിയാണ് കൊല്ലപ്പെട്ട സ്ത്രീയുടെ കണങ്കാലില്‍ നിന്ന് കണ്ടെത്തിയത്. പിരിയാണിയുടെ നിര്‍മ്മാതാക്കളായ പൂനെയിലെ എസ്എച്ച് പിറ്റുകാര് കമ്പനിയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ബാച്ച് നമ്പര്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കണങ്കാലില്‍ ആറ് സെന്റീമീറ്റര്‍ നീളത്തിലുള്ളതാണ് പിരിയാണി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: