ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും നടുവൊടിഞ്ഞ് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 187 റണ്‍സിന് ഓള് ഔട്ടായി. മുന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്സില്‍ 54 റണ്‍സെടുത്ത വിരാട് കോഹ്ലി ടോപ്സ്കോറര്‍. ചേതേശ്വര്‍ പൂജാര (50), ഭുവനേശ്വര്‍ കുമാര്‍ (30) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. എക്സ്ട്രാസ് വഴി ലഭിച്ച 26 റണ്‍സാണ് ഇന്ത്യയുടെ നാലാമത്തെ വലിയ സ്കോര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് റണ്‍സെടുത്ത മര്‍ക്രാമിന്റെ വിക്കറ്റാണ് നഷ്ടമായത്. ഭുവനേശ്വറിന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടി. 4 റണ്‍സുമായി എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ റബാദയും ്രകീസില്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ മറന്ന് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. മൂന്ന് വിക്ക് പിഴുത റബാദയും രണ്ടെണ്ണം വീതം സ്വന്തമാക്കിയ ഫിലാന്‍ഡറും, മോര്‍ക്കലും, ഫെലുക്വോയും ചേര്‍ന്നാണ് ഇന്ത്യയെ 187-ല്‍ എറിഞ്ഞിട്ടത്. എന്‍ഗിഡി ഒരു വിക്കറ്റും നേടി.
നാലാം ഓവറിലെ ആദ്യ പന്തില്‍ ലോകേഷ് രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 7 പന്തുകള്‍ നേരിട്ട രാഹുല്‍ റണ്ണൊന്നുമെടുക്കാതെ ഫിലാന്‍ഡറുടെ പന്തില്‍ ഡി കോക്കിന് ക്യാച്ച് നല്കി മടങ്ങി. അടുത്ത ഊഴം മുരൡ വിജയിന്. 8 റണ്‍സെടുത്ത മുരളിയെ റബാദയുടെ പന്തില്‍ ഡി കോക്ക് പിടികൂടി. പിന്നീട് പൂജാരയും കോഹ്ലിയും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 97 റണ്‍സായപ്പോള്‍ അര്‍ദ്ധസെഞ്ചുറിയുമായി മുന്നേറുകയായിരുന്ന കോഹ്ലി പുറത്ത്. രണ്ട് തവണ ജീവന് തിരിച്ചുകിട്ടിയ കോഹ്ലിയെ എന്‍ഗിഡിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി.
തുടര്‍ന്നെത്തിയ രഹാനെക്കും ഏറെ ആയുസ്സുണ്ടായില്ല. 9 റണ്‍സെടുത്ത രഹാനെയെ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ നാലിന് 113 എന്ന നിലയില്‍. സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ 179 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ പൂജാരയെ ഫെലുക്വോയുടെ പന്തില്‍ ഡി കോക്ക് പിടികൂടി. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ പൂജാര നേരിട്ട 53-ാം പന്തിലാണ് ആദ്യ റണ്‍സ് നേടിയത്. ഒരു റണ്‍ പോലും സ്കോര്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരങ്ങളില്‍ മൂന്നാമതെത്താനും പൂജാരക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡ് താരമായിരുന്ന ജിയോഫ് അലോട്ടും ഇംഗ്ലീഷ് ജെയിംസ് ആന്‍ഡേഴ്സണുമാണ് പൂജാരയ്ക്ക് മുന്നിലുള്ളത്. 1999ല്‍ ഓക്ക്—ലാന്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ 77 പന്ത് നേരിട്ട് ഒരു റണ്‍ സ്കോര്‍ ചെയ്തതിന്റെ റെക്കോഡാണ് അലോട്ടിന്റെ പേരിലുള്ളത്. 2014ല്‍ ശ്രീലങ്കയ്ക്കെതിരെ 55 പന്തില്‍ നിന്നാണ് ആന്ഡേഴ്സണ് അക്കൗണ്ട് തുറന്നത്.
പൂജാരയ്ക്കു പിന്നാലെ രണ്ട് റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും റണ്ണൊന്നുമെടുക്കാതെ ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയതോടെ ഇന്ത്യ 7ന് 144 എന്ന നിലയിലായി. പിന്നീട് ഭുവനേശ്വര്‍കുമാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്. 49 പന്തുകളില്‍ നിന്ന് 30 റണ്‍ നേടിയ ഭുവനേശ്വര്‍ പത്താമനായാണ് പുറത്തായത്. മുഹമ്മദ് ഷാമി (8), ഇഷാന്ത് ശര്‍മ്മ (0) എന്നിവരും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: