മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗം ആരോഗ്യവകുപ്പ് പൂട്ടി. ഡോക്ടര്‍മാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണെന്ന പരാതി ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരെ മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. രണ്ട് വര്‍ഷമായി പ്രസവ സംബന്ധമായ യാതൊരു കേസുകളും ഇവിടെയുള്ള ഡോക്ടര്‍മാര്‍ പരിശോധിക്കുന്നില്ലെന്നായിരുന്നു പരാതി. ഗര്‍ഭിണികളെ നോക്കാതെ ഡോക്ടര്‍മാര്‍ ശമ്പളം കൈപ്പറ്റുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനായിരുന്നു ഈ നടപടിയെന്നാണ് ആക്ഷേപം.
ഗര്‍ഭിണികളെ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്ന നടപടിക്കെതിരെ ആശുപത്രി സൂപ്രണ്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പ്രസവ സംബന്ധമായ കേസുകള്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്. അതുകൊണ്ടുതന്നെ, നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് പകരം നിയമനം നടത്താതെ ഗൈനക്കോളജി വിഭാഗം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: