ശിക്കാരി ശംഭു. കഥാപുസ്തകത്തിലൂടെ കുട്ടികളെ രസിപ്പിച്ച കഥാപാത്രം. സുഗീതിന്റെ ശിക്കാരി ശംഭു എന്ന ചിത്രം കഥാപുസ്തകത്തിലെ കോമഡി കഥാപാത്രം പോലെ തിയേറ്ററിലുടനീളം ചിരിപ്പിക്കുമെന്നു കരുതിയാല്‍ തെറ്റി. കഥാപുസ്തകത്തിലെ ശിക്കാരി ശംഭുവിനെപ്പോലെയല്ല നായകന് പീലിപ്പോസ്. ഒരിക്കല്‍ ചക്ക വീണ് മുയല് ചത്തതുപോലെ കാര്യം നടക്കുന്ന ഹീറോയാവുന്നുണ്ടെങ്കിലും പീലി പിന്നീട് ശരിക്കും ഹീറോയാണ്. കോമഡി മാത്രമല്ല പ്രണയവും സസ്പെന്‍സുമൊക്കെയായി മുന്നേറുന്ന ചിത്രമാണ് ശിക്കാരി ശംഭു.
നിഷാദ് കോയ തിരക്കഥയെഴുതി എസ്.കെ. ലോറന്‍സ് നിര്‍മ്മിച്ച ശിക്കാരി ശംഭുവില്‍ പീലിയും കൂട്ടുകാരായ അച്ചുവും ഷിജുവുമാണ് കഥയിലെ താരങ്ങള്‍. പീലിയായി കുഞ്ചാക്കോ ബോബനും അച്ചുവായി വിഷ്ണു ഉണ്ണികൃഷ്ണനും ഷിജുവായി ഹരീഷ് കണാരനും തിളങ്ങിയിട്ടുണ്ട്. കാടിന്റെ വന്യതയും പ്രകൃതിഭംഗിയും ‘ശിക്കാരി ശംഭു’-വില്‍ കണ്ണിന് കുളിര്‍മ നല്‍കുന്നുണ്ട്. സുഗീതിന്റെ ആദ്യ ചിത്രമായ ‘ഓര്‍ഡിനറി’-യിലെ ദൃശ്യചാരുത ‘ശിക്കാരി ശംഭു’-വിലൂടെ പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തും. മീശ പിരിച്ചും താടിവച്ചും ഒപ്പം സ്ഥിരം നമ്പരുകളുമായി കുഞ്ചാക്കോ ബോബന് പീലിയെ ഭംഗിയാക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ തേടിയെത്തിയ മികച്ച കഥാപാത്രമാണ് അച്ചു. തന്റെ സ്വതഃസിദ്ധമായ നിഷ്കളങ്കമായ അഭിനയശൈലിയിലൂടെ ഹരീഷ് കണാരനും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.
ശിവദയും പുതുമുഖമായ ആല്‍ഫി പഞ്ഞിക്കാരനുമാണ് നായികാവേഷങ്ങളില്‍. ശിവദയുടെ വേറിട്ട വേഷമാണ് ചിത്രത്തില്‍. സീരിയസ് വേഷങ്ങള്‍ തനിക്ക് ചേരുമെന്ന് ശിവദ തെളിയിച്ചിരിക്കുന്നു. ശിവദ അവതരിപ്പിച്ച അനിതയെ കുറച്ചുകൂടി ശക്തമായ കഥാപാത്രമാക്കാമായിരുന്നുവെന്ന് പ്രേക്ഷകന് തോന്നിപ്പോകും. രേവതിയായെത്തുന്ന ആല്‍ഫി മലയാളസിനിമക്ക് പ്രതീക്ഷയാണ്. നായികയുടെ കുസൃതിയും പ്രണയവുമൊക്കെ ആല്‍ഫി മനോഹരമാക്കിയിട്ടുണ്ട്.
പുലിയെ പേടിച്ച് ജീവിക്കുന്ന കുരുതിമലക്കാവ് എന്ന ഗ്രാമത്തില്‍ പീലിയും സംഘവും വേട്ടക്കാരായി എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ അവരുടെ വരവിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യമാണ് സിനിമയുടെ ഹൈലൈറ്റ്. പുലിമുരുകനിലെ പുലിപിടിത്തവുമായി പ്രേക്ഷകര്‍ തുടക്കം സിനിമയെ താരതമ്യം ചെയ്തുതുടങ്ങുമെങ്കിലും സിനിമ വഴിമാറുകയാണ്. ശിക്കാരി ശംഭുവിലും പുലിയുണ്ട്. പക്ഷേ പുലിമുരുകനിലെ പുലിയുടെയത്ര ഇഫക്ട് വരില്ലെന്നുമാത്രം.
പതിവ് പ്രതികാരകഥ ശിക്കാരി ശംഭുവിലുമുണ്ട്. ആദ്യപകുതി പീലിയും കൂട്ടരുടെയും കോമഡിയുമായി മുന്നേറുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ പീലിയും സംഘവും സീരിയസാണ്. സസ്പെന്സിലേക്ക് വഴിമാറുന്ന സിനിമയുടെ ക്ലൈമാക്സ് പതിവ് രീതിയില്‍ അവസാനിക്കുമോ എന്ന് പ്രേക്ഷകര്‍ ഭയക്കുന്നിടത്ത് അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരാന്‍ കഴിഞ്ഞത് നേട്ടമായി. തീയേറ്ററിലെത്തുന്ന പ്രേക്ഷകനെ പീലിയും സംഘവും എന്തായാലും നിരാശപ്പെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: