ഛാവി രാജ്വത്
മികച്ച ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി 2010 ല്‍ ഉപേക്ഷിച്ച് തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചതാണ് ഛാവി രാജ്വത്. ഇന്നവര്‍ രാജസ്ഥാനിലെ സോദ ഗ്രാമമുഖ്യയാണ്. തന്റെ ഗ്രാമീണര്‍ക്കുവേണ്ടി ശുദ്ധജലം, സൗരോര്‍ജ്ജം, മികച്ച റോഡുകള്‍, ശൗചാലയങ്ങള്‍, ഗ്രാമത്തിലൊരു ബാങ്ക് എന്നിവ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള തീവ്ര യജ്ഞത്തിലാണ് ഛാവി.
മഞ്ജു യാദവ്
രാജസ്ഥാനിലെ ജയ്പൂര്‍ റയില്‍വേ സ്റ്റേഷനിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയാണ് മഞ്ജു. ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റുന്നതിന് വേണ്ടിയാണ് ഈ തൊഴില്‍ തിരഞ്ഞെടുത്തത്. കുടുംബത്തിന്റെ ഭാരം ചുമലിലേറ്റുന്നതിന് മുന്നില്‍ തീവണ്ടിയാത്രികരുടെ ഭാണ്ഡക്കെട്ടുകള്‍ ഒന്നുമല്ലായിരുന്നു.
ജയ്പൂരിലെ സുന്ദര്‍പുര ഗ്രാമനിവാസിയാണ് മഞ്ജു. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്ന് അവളെടുത്ത തീരുമാനം ബന്ധുക്കളേയും മറ്റുള്ളവരേയും അമ്പരപ്പിച്ചു. പുരുഷാധിപത്യം നിലനില്‍ക്കുന്ന തൊഴിലിടത്തിലേക്ക് മഞ്ജു സധൈര്യം ഇറങ്ങിച്ചെന്നു. ദാരിദ്രത്താല്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മാതൃകയാണ് മഞ്ജു.
ആവണി ചതുര് വേദി, ഭാവന കാന്ത്, മോഹന സിങ്
യുദ്ധ വിമാനങ്ങള്‍ പറപ്പിക്കാനുള്ള കരുത്തും പെണ്കരങ്ങള്ക്കുണ്ടെന്ന് തെളിയിച്ചവര്‍. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനും പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം വന്നത് 2016 ജൂലൈയില്‍ ആണ്. തീരുമാനം വന്നയുടന്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുവന്ന മിടുക്കികളാണ് ഇവര്‍.
ഇറ സിംഗാള്‍
പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയ പെണ്‍കുട്ടി. ചെറുപ്പത്തിലേ നട്ടെല്ലിനെ ബാധിച്ച സ്കോലിയോസിസ് രോഗത്തിന് മുന്നില്‍ ശരീരം തളര്‍ന്നു പോയെങ്കിലും ഇറാ സിംഗാളിന്റെ മനസ് തളര്‍ന്നില്ല. അമ്പത് ശതമാനത്തിലധികം വൈകല്യമുള്ള ശരീരവുമായി ഐ.എ.എസ് എന്ന സ്വപ്നത്തിനായി അവര്‍ കഠിനാധ്വാനം ചെയ്തു. 2014 ലെ യുപിഎസ്സി പരീക്ഷയില്‍ ഇറ കരസ്ഥമാക്കിയത് ഒന്നാം റാങ്ക്.
പ്രവീണ സോളമന്
ചെന്നൈയിലെ ഏറ്റവും പഴക്കമുള്ളതും തിരക്കുള്ളതുമായ ശ്മശാനത്തിന്റെ മേല്‍നോട്ടക്കാരിയാണ് ഇംഗ്ലീഷ് ബിരുദധാരിയായ പ്രവീണ സോളമന്. രണ്ട് കുട്ടികളുടെ അമ്മ. ശ്മശാനം നടത്തിപ്പ് സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ലെന്ന ധാരണകളെയെല്ലാം മാറ്റിമറിക്കുകയാണ് പ്രവീണ. തുടക്കത്തില്‍ ശ്മശാനം ജീവനക്കാരില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുമുണ്ട്.
പുനിത അറോറ
രാജ്യത്തെ ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറല്‍. ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ വൈസ് അഡ്മിറലും പുനിത അറോറയായിരുന്നു. 2004 ല്‍ പൂനൈയിലെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജ് കമാന്‍ഡന്റ് ആയി നിയമിതയായി.
ഡോ.ഭാരതി ലവേകര്
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക് സ്ഥാപിച്ച വനിത. ആര്‍ത്തവ ദിനങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കാന്‍ സാധിക്കാതെ വരുന്ന ഗ്രാമീണ സ്ത്രീകള്‍ക്കുവേണ്ടിയാണ് 2017 മെയ് 28 ന് സാനിറ്ററി പാഡ് ബാങ്ക് അവര്‍ സ്ഥാപിച്ചത.് മുംബൈയിലെ വെര്‍സോവയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഡോ. ഭാരതി. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഗ്രാമീണ വനിതകളില്‍ പലരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. അവരെ സംബന്ധിച്ച് ഓരോ മാസവും സാനിറ്ററി പാഡുകള്‍ വാങ്ങുന്നതിനുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് മനസ്സിലാക്കിയാണ് ഡോ. ഭാരതി ലവേകര് അത്തരത്തിലൊരു തീരുമാനമെടുത്തത്.
രാധിക മേനോന്
ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ രാധിക മേനോന്. 2015 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ മത്സ്യ ബന്ധന ബോട്ടില്‍ നിന്നും ഏഴ് മത്സ്യത്തൊഴിലാളികളെ സാഹസികമായി രാധിക രക്ഷപെടുത്തി. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്ഗനൈസേഷന് ആദരിച്ച ആദ്യ വനിതയെന്ന വിശേഷണവും രാധിക മേനോന് സ്വന്തം.
ഡോക്ടര്‍ സീമ റാവു
ഇന്ത്യയിലെ ഏക വനിതാ കമാന്‍ഡോ ട്രെയിനര്‍. മറ്റ് ഒട്ടനവധി വിശേഷണങ്ങള്‍ കൂടി ഈ 47കാരിക്ക് സ്വന്തമാണ്. സ്കൂബാ ഡൈവര്‍, മലകയറ്റം, കോമ്ബാറ്റ് ഷൂട്ടിങ് ഇന്‍സ്ട്രക്ടര്‍, ചലച്ചിത്ര നിര്‍മാതാവ്, നടി, എഴുത്തുകാരി, മിസിസ് ഇന്‍ഡ്യാ വേള്‍ഡ് മല്‍സരത്തിന്റെ ഫൈനലിസ്റ്റ് അങ്ങനെ നിരവധി ഖ്യാതികള്‍ ഡോക്ടര്‍ സീമ റാവു കരസ്ഥമാക്കിക്കഴിഞ്ഞു.
മെഡിക്കല്‍ ബിരുദധാരികളായ സീമയും, ഭര്‍ത്താവ് ദീപക് റാവുവും വിവിധ സേനാവിഭാഗങ്ങള്‍ക്ക് കായികആയുധപരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി തികച്ചും സൗജന്യമായാണ് ഇവര്‍ ഈ പരിശീലനം നല്‍കുന്നത്. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത പ്രൊഫസര്‍ രമാകാന്ത് സിനാരിയുടെ മകളാണ് സീമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: