ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. പരിശീലകസ്ഥാനത്തുനിന്നും മ്യൂലന്സ്റ്റീന് മാറി ഡേവിഡ് ജെയിംസ് വന്നശേഷം ടീം വിജയവഴിയില്‍ തിരിച്ചെത്തിയെന്ന തോന്നലുണ്ടാക്കിയശേഷമാണ് കൊമ്പന്മാര് തോല്‍വിയുടെ കയത്തിലേക്ക് വീണത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ജെയിംസിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. കഴിഞ്ഞയാഴ്ച ജംഷഡ്പൂരിനോട് എവേ കളിയിലാണ് തോറ്റതെങ്കില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഗോവയോടും തോറ്റു. ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരെപ്പോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനം.
ഫുട്ബോള്‍ എന്നാല്‍ പ്രതിരോധ-മധ്യ-മുന്നേറ്റനിര ഒരുമിച്ച് കളിക്കേണ്ടതാണ്. ഇതില്‍ ഒരു ഭാഗം പരാജയമായാല്‍ മതി കളിയുടെ ഫലം തിരിച്ചാവാന്‍. ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചതും അതുതന്നെ. വയസ്സന്ന്മാരുടെ പടയെന്ന പേര് അന്വര്‍ത്ഥമാക്കുന്ന കൡയായിരുന്നു അവരുടേത്. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനും ലാല്‍റുവാത്താരയും മികച്ചു നിന്നപ്പോള്‍ വെസ് ബ്രൗണും, റിനോ ആന്റോയും തികഞ്ഞ പരാജയം. റിനോക്ക് പകരമിറങ്ങിയ പെസിച്ചും അവസരത്തിനൊത്തുയര്‍ന്നില്ല. ഇതിലേറെ പരിതാപകരമായിരുന്നു മധ്യനിര. എതിരാളികളുടെ നീക്കം മുളയിലേ നുള്ളുന്നതിനൊപ്പം മുന്നേറ്റനിരക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തിക്കുക എന്ന ചുമതലയും മധ്യനിരക്കാണ്. എന്നാല്‍ മിലന് സിങും ജാക്കിചന്ദ് സിങും സിയാം ഹംഗലും അമ്പേ പരാജയപ്പെട്ടു. ഇവരുടെ കാലുകളില്‍ നിന്ന് ഗോവന്‍ മധ്യനിര പന്ത് റാഞ്ചിയെടുക്കുന്നതാണ് പലപ്പോഴും കണ്ടത്.
പന്ത് കാലില്‍ കിട്ടുമ്പോള്‍ ദൂരത്തേക്ക് അടിച്ചുകളയുന്നതല്ല മധ്യനിരയുടെ പണി. ഭാവനാസമ്പൂര്‍ണ്ണമായ നീക്കങ്ങളാണ് അവര്‍ മെനയേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നീക്കം പോലും ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ നിന്നുണ്ടായില്ല. ഇവിടെയാണ് മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സ്റ്റീഫന്‍ പിയേഴ്സന്റെയും ഇഷ്ഫഖ് അഹമ്മദിന്റെയും മെഹ്താബ് ഹുസൈന്റെയും, ഹോസുവിന്റെയും വില ടീം അധികൃതര്‍ തിരിച്ചറിയേണ്ടത്. കഴിഞ്ഞ സീസണുകളിലൊന്നും ബ്ലാസ്റ്റേഴ്സ് നിരയില്‍ അത്ര വലിയ സൂപ്പര്‍ താരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും രണ്ട് സീസണുകളില്‍ ടീം ഫൈനല്‍ വരെ എത്തി. എന്നാല്‍ ഇത്തവണ ലീഗില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിന്നിങ് കോമ്പിനേഷനെ കളത്തിലിറക്കാന്‍ കഴിയുന്നില്ല. ചില പ്രധാന താരങ്ങളുടെ പരിക്കും കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലും. ഉഗാണ്ടന്‍ കൗമാരതാരം കിസിറോണ്‍ കെയ്റ്റോയുടെ പരിക്കും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
മുന്നേറ്റത്തില്‍ ഹ്യൂമും വിനീതും അദ്ധ്വാനിച്ചു കളിക്കുന്നുണ്ട്. സ്വന്തം പ്രതിരോധത്തിലേക്കിറങ്ങിച്ചെന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറി ഗോളടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. കൃത്യമായി പന്തെത്തിക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹ്യൂം ദേഷ്യപ്പെടുന്നതും മൈതാനത്ത് കണ്ടു. മധ്യനിര പരാജയപ്പെട്ടതോടെ ഹ്യൂമിന് പണി കൂടി. പ്രതിരോധത്തിലേക്കിറങ്ങി പന്തു പിടിച്ചെടുത്ത് മുന്നേറ്റം മെനയേണ്ട ഗതികേടിലായി ഹ്യൂം. ഇതോടെ ഗോവക്കെതിരെ തുടക്കത്തില്‍ സ്ട്രൈക്കറായി കളത്തിലെത്തിയ ഹ്യൂമിനെ മധ്യനിരയിലേക്ക് ജെയിംസിന് വലിപ്പിക്കേണ്ടി വന്നു. എന്നിട്ടും കാര്യമുണ്ടായില്ലെന്നു മാത്രം. ഗോവക്കെതിരായ കളിയിലെ ബോള്‍ പൊസിഷന്‍ മാത്രം നോക്കിയാല്‍ മതി ബ്ലാസ്റ്റേഴ്സിന്റെ കഴിവുകേട് തുറന്നുകാണിക്കാന്‍.
ഗോവക്കെതിരായ കളിയുടെ സര്‍വ്വ മേഖലകളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ആരാധകര്‍ക്ക് മുന്നില്‍ പാസിങ് ഗെയിം തുറന്നെടുക്കാന്‍ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതിലും എഫ്സി ഗോവയുടെ ഏഴയലത്ത് എത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല.
ആദ്യ കളികളില്‍ ബള്‍ഗേറിയന്‍ സൂപ്പര്‍സ്റ്റാര്‍ ദിമിത്രി ബെര്‍ബറ്റോവിനെ സ്ട്രൈക്കറായാണ് മ്യൂലന്സ്റ്റീന് വിനിയോഗിച്ചത്. എന്നാല്‍ മധ്യനിരയില്‍ നിന്ന് പന്ത്കിട്ടാതെ ബെര്‍ബ അലഞ്ഞു. ഇതോടെ മധ്യനിരക്ക് കരുത്തുകൂട്ടാനായി പിന്നീട് പ്ലേ മേക്കറുടെ റോളില്‍ ബെര്‍ബയെ അവതരിപ്പിച്ച് പരീക്ഷണം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. ഇതിനിടെ പരിക്കും പിടികൂടിയതോടെ ബെര്‍ബ പലപ്പോഴും കളത്തിന് പുറത്താവുകയും ചെയ്തു. ഇടയ്ക്ക് വെസ് ബ്രൗണിനെ പ്ലേ മേക്കറായി കളിപ്പിച്ചതും ഗുണം ചെയ്തില്ല.
തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണെങ്കിലും ടീം ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ആരാധകര്‍ കഴിഞ്ഞ ദിവസം സ്റ്റേഡിയം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: