മൗണ്ട് മൗഗനൂയി (ന്യൂസിലന്‍ഡ്): സിംബാബ്വെയെയും തകര്‍ത്തെറിഞ്ഞ് ഗ്രൂപ്പ് ബിയില്‍ വമ്പന്മാരായി ഇന്ത്യ ഐസിസി അണ്ടര്‍ -19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് സിംബാബ്വെയെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ഇന്ത്യന്‍ സ്പിന്നര്‍മാരായ അനുകുല്‍ റോയിയും അഭിഷേക് ശര്‍മയും അരങ്ങുന്നവാണതോടെ സിംബാബ്വെ 48.1 ഓവറില്‍ 154 റണ്‍സിന് ഓള് ഔട്ടായി. അനുകുല്‍ റോയ് 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 110 റണ്‍സെന്ന നിലയിലായിരുന്നു സിംബാബ്വെ. എന്നാല്‍ അവരുടെ ഏഴു വിക്കറ്റുകള്‍ 44 റണ്‍സിന് നിലംപൊത്തി.
വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അടിയുടെ പൂരം തീര്‍ത്ത് വേഗത്തില്‍ വിജയപീഠം കയറി. 21.4 ഓവറില്‍ ഒറ്റ വിക്കറ്റപോലും കളയാതെയാണ് വിജയിച്ചത്. ശുഭം ഗില്‍ 59 പന്തില്‍ 90 റണ്‍സ് അടിച്ചെടുത്ത് കീഴടങ്ങാതെ നിന്നു. 14 ഫോറും ഒരു സിക്സറും നേടി. ഹാര്‍വിക്ക് ദേശായി 73 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്കുയര്‍ത്തിയ നായകന് പൃഥ്വി ഷാ സിംബാബ്വെക്കെതിരെ ഓപ്പണറായി ഇറങ്ങിയില്ല. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് അവസരം നല്‍കുന്നതിനായാണ് ഷാ ഓപ്പണറുടെ റോളില്‍ നിന്ന് പിന്മാറിയത്.
ആദ്യ മത്സരത്തില്‍ ഓസീസിനെ നൂറ് റണ്‍സിന് തോല്്പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ പത്ത് വിക്കറ്റിന് പറത്തിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: