ആധുനിക കാലഘട്ടത്തിൽ കത്തുകൾ കൈമാറുന്നത് ഒരു പഴങ്കഥയായിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയുടെ ഈ പുത്തൻ നൂറ്റാണ്ടിൽ എഴുത്ത് എഴുതുന്നതും അത് അയക്കുന്നതും പുതു തലമുറ ചിന്തിക്കുന്നു പോലുമില്ല. എന്നാൽ ചില രസകരമായ സംഭവങ്ങൾ നമ്മളെ എഴുത്തിലേയ്‌ക്കും അവയുടെ രസകരമായ ആനന്ദത്തിലേയ്‌ക്കും നയിക്കുമെന്നത് ഉറപ്പാണ്.
ഒരു പക്ഷേ നമ്മൾ കണ്ടിട്ടുണ്ടാകാം, കേട്ടിട്ടുണ്ടാകാം പണ്ടുകാലങ്ങളിൽ കത്തുകൾ യഥാസ്ഥലത്ത് എത്തിക്കുന്നതിന് പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിച്ചായിരുന്നു എന്നത്. ഇതേ കൗതുകകരമായ ഒരു സംഗതിയായിരുന്നു കുപ്പിയിൽ സന്ദേശം നിറച്ച് സമുദ്രങ്ങളിൽ നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ ഒരു പെൺകുട്ടി കാനഡയിൽ നിന്നും സന്ദേശമെഴുതി നിറച്ച കുപ്പി ലഭിച്ചത് ബ്രിട്ടനിലെ ഒരു എട്ട് വയസുകാരന്. ആറ് മാസങ്ങൾക്ക് മുൻപാണ് കാനഡയിലെ ആൽബർട്ടയിലെ പത്ത് വയസുകാരിയായ ജാഖ്യൂ കിമലർ കുപ്പിയിൽ സന്ദേശമെഴുതിയ പേപ്പർ കഷണം നിറച്ച് കടലിൽ നിക്ഷേപിച്ചത്. ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ മറുപടി നൽകണമെന്നായിരുന്നു സന്ദേശം. പെൺകുട്ടിയുടെ വിലാസവും ഫോൺ നമ്പറും ഇമെയിൽ ഐഡിയും സന്ദേശത്തിൽ ഉണ്ടായിരുന്നു.
ആറ് മാസങ്ങൾ കടലിൽ ഒഴുകി നടന്ന കുപ്പി ഒടുവിൽ ഇംഗ്ലണ്ടിലെ സ്റ്റാൻബറി മൗത്ത് ബീച്ചിൽ എത്തുകയായിരുന്നു. കടത്തീരത്ത് സായാഹ്ന സവാരിക്കെത്തിയ നോഹ ക്രൂക്സ് എന്ന എട്ട് വയസുകാരൻ ഈ കുപ്പി കാണുകയും സന്ദേശം വായിക്കുകയുമായിരുന്നു. തുടർന്ന് സന്ദേശത്തിലുണ്ടായിരുന്ന ഇമെയിലിൽ ബന്ധപ്പെട്ടു. തിരികെ മറുപടി ലഭിച്ചപ്പോൾ അതിയായ സന്തോഷമാണ് തനിക്ക് ഉണ്ടായതെന്ന് ക്രൂക്സ് പറയുന്നു. ഇപ്പോൾ ഇംഗ്ലണ്ടിലെ തന്റെ കൂട്ടുകാരനുമായി നല്ല സൗഹൃദമാണുള്ളതെന്ന് ജാഖ്യൂ കിമലർ പറയുന്നു.
ഇരുവരുടേയും വീട്ടുകാർ തമ്മിൽ ബന്ധപ്പെട്ട് നേരിൽ കാണാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആകാംക്ഷയും പ്രത്യാശയും നിറഞ്ഞതാണ് ഇത്തരത്തിലുള്ള സന്ദേശ കൈമാറ്റമെന്ന് ജാഖ്യു കിമലർ പറയുന്നു. ഈ പുതിയ ബന്ധം മരണം വരെ കാത്തു സൂക്ഷിക്കുമെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: