ഗീത മലകയറുകയാണ് മരുന്നുമായി. ലക്ഷ്യം കുരുന്നുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുക. അവരെ മീസല്‍സ് റൂബല്ല രോഗങ്ങളില്‍ നിന്നും രക്ഷിക്കുക. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം ഇന്ത്യയില്‍ 2017 ഫെബ്രുവരി അഞ്ച് മുതല്‍ നടപ്പാക്കിവരുന്ന ദേശീയ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകയാണ് ഹിമാചല്‍പ്രദേശ് സ്വദേശി ഗീത വെര്‍മ്മ.
ഹിമാചലിലെ കുന്നിന് പ്രദേശമായ മണ്ഡി ജില്ലയിലേക്കുള്ള യാത്ര അത്ര സുഗമമല്ല. എപ്പോ വേണമെങ്കിലും ഇവിടം പ്രശ്നബാധിതമാവാം. ബൈക്കിലാണ് ഗീതയുടെ യാത്ര. എന്നാല്‍ ആ പ്രദേശം മുഴുവന്‍ ബൈക്കിലൂടെ സഞ്ചരിക്കാനും സാധിക്കില്ല. ദുര്‍ഘടമായ പാതകളിലൂടെ നടന്നുതന്നെ പോണം. പക്ഷെ അതൊന്നും ഗീതയെ തളര്‍ത്തിയില്ല. അവര്‍ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് നടന്നതുമില്ല.
തന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെട്ട എല്ലായിടത്തും മീസല്‍സ് റൂബെല്ല വാക്സിനേഷന് പരിപാടിയുടെ ഭാഗമായി ഗീതയെത്തി. അവിടുത്തെ എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുത്തുവെന്ന് ഉറപ്പുവരുത്തി. മാണ്ഡി ജില്ലയിലെ ഝന്ജേലി ബ്ലോക്കിലായിരുന്നു ഗീതയുടെ പ്രവര്‍ത്തനം.
മീസല്‍സ് റൂബെല്ല വാക്സിന് ബോക്സ് അടങ്ങിയ ബാഗ് തോളിലിട്ട്, സെറാജ് താഴ്വരയിലെ ചെങ്കുത്തായ റോഡിലൂടെ റയ്ഗഡിലേക്ക് മോട്ടോര്‍സൈക്കിളില്‍ പോകുന്ന ഗീതയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവരുടെ ഈ പ്രയത്നത്തെ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍ ലോകാരോഗ്യ സംഘടന. 2018 ലെ കലണ്ടറില്‍ ഗീത വെര്‍മ്മയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ആദരവ്. രാജ്യത്തിനും ഹിമാചല്‍ പ്രദേശിനും ഇത് അഭിമാന നിമിഷവുമാണ്. ഗീതയുടെ ഈ നേട്ടത്തെ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ അഭിനന്ദിക്കുകയും ചെയ്തു. അര്‍പ്പണ മനോഭാവത്തോെടെ പ്രവര്‍ത്തിക്കാന്‍ എല്ലാ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്കും ഗീതയുടെ നേട്ടം പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നിസ്വാര്‍ത്ഥമായിട്ടായിരുന്നു ഗീത വെര്‍മ്മയുടെ പ്രവര്‍ത്തനം. ഇവരേപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് മീസല്‍സ്, റൂബെല്ല പോലുള്ള ജീവനുതന്നെ ഭീഷണിയാകുന്ന രോഗങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: