കൊല്ലം: ശിവമണിയമ്മയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. പന്ത്രണ്ടു വര്‍ഷമായിട്ടും തന്നെ തേടിയെത്താത്ത മകനെ കാത്തിരിക്കുകയാണ് ആ അമ്മ. കൊല്ലം കല്ലുംതാഴം പാല്‍കുളങ്ങര വീണശേരില് ആനന്ദഭവനത്തില്‍ ശിവമണിയമ്മയാണ് ഏകമകന് ശാരംഗദന് എന്ന അനില്‍കുമാറിനെ അന്വേഷിക്കുന്നത്.
ഹോട്ടല്‍ ജോലിക്കായി പന്ത്രണ്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ പോയതാണ് മകന്. വെയിറ്റര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തോളം ജോലി ചെയ്തശേഷം അവിടെ നിന്നും കാണാതായി. സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അനില്കുമാറിനെകുറിച്ച് യാതൊരു വിവരവുമില്ല. നാലുവര്‍ഷം മുമ്പ് കൊല്ലം ചിന്നക്കടയില്‍ ഓട്ടോക്കാരനായ സുഹൃത്ത് ഇദ്ദേഹത്തെ കണ്ടതായി പറയുന്നുണ്ട്. കേരളത്തില്‍ എവിടെയെങ്കിലും അനില്‍കുമാര്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ശിവമണിയമ്മ.
എസ്എസ്എല്‍സി മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള അനില്‍കുമാറിനെ കണ്ടെത്താന്‍ കശുവണ്ടിതൊഴിലാളിയായ ഈ അമ്മ ഒടുവില്‍ ബന്ധുക്കളുടെ സഹായം തേടി. അവര്‍ നിര്‍ദേശിച്ച പ്രകാരം സാമൂഹ്യമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയിരിക്കുകയാണ്. മകന്റെ 15, 20, 25 പ്രായത്തിലുള്ള ഫോട്ടോകളും തിരിച്ചറിയാനായി നല്‍കിയിട്ടുണ്ട്. മകന് തിരിച്ചറിയാനായി സ്വന്തം ചിത്രവും ഉള്‍പ്പെടുത്തി. വിവരങ്ങള്‍ക്കായി 9846022556 എന്ന ഫോണ്‍ നമ്പരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: