കൊച്ചി : ബേപ്പൂരില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തില്‍ ഐഎസ്ആര്‍ഒയുടെ പക്കല്‍ ഉണ്ടാകാനിടയുള്ള സാറ്റലൈറ്റ് വിവരങ്ങളും കപ്പല്‍ ട്രാക്കുമായി ബന്ധപ്പെട്ട വിവരങ്ങളും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഒക്ടോബര്‍ 11ന് രാത്രി ഒമ്പതു മണിയോടെ ബേപ്പൂര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അജ്ഞാത കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി വച്ചിരിക്കുകയാണെന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് വിവരങ്ങള്‍ നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ദുരന്തത്തിനിടയാക്കിയ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കൊച്ചി ഹാര്‍ബറില്‍ നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ടില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവ്യര്‍ (58) എന്നിവരെ മറ്റൊരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തിയിരുന്നു. രണ്ടു പേരെക്കൂടി കണ്ടെത്താനുണ്ട്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളായ ജോസ്, രാകേഷ്, വിജി, റിംഷ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: