പാലക്കാട്: നാളികേരത്തിന്റെ ഉത്പാദനം 80 ശതമാനം കുറഞ്ഞതാണ് പാലക്കാട്ടെ കേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. അടുത്ത സീസണിലേക്കുള്ള വിത്തുത്പാദനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുത്തനെകൂടിയതിനാല്‍ നാളികേര കര്ഷകന് ഇക്കുറി മികച്ച വില ലഭിച്ചെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കും പ്രചരണവും. വിപണിയില്‍ 52 രൂപക്ക് ഒരുകിലൊതേങ്ങ വില്ക്കുമ്പോള് കര്ഷകന് കിട്ടുന്നത് 40 രൂപയാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ ഇരട്ടിയാണിത്.എന്നാല്‍ കഴിഞ്ഞവര്‍ഷം വിറ്റതിന്റെ 20 ശതമാനം നാളികേരമാണ് ഇത്തവണ വില്‍ക്കാനായത്.
കര്‍ഷകന്റെ നഷ്ടകണക്ക് ഇങ്ങനെ: 100 തെങ്ങുള്ള കര്ഷകന് ഓരോ രണ്ടുമാസവും കൂടുമ്പോള്‍ 6000 നാളികേരം കിട്ടയിരുന്നിടത്ത് ഈ വര്‍ഷം കിട്ടിയത് 1000 മാത്രം.
നാളികേരത്തിന്റെ തൂക്കം 600ല്‍ നിന്ന് 300 ഗ്രാമിലേക്കു ചുരുങ്ങി. കടുത്ത വരള്‍ച്ചയും വെള്ളീച്ചരോഗവും ഓലചുരുട്ടി പുഴുവിന്റെ ആക്രമണവും വൈറസ് ബാധയുമാണ് ഈ സീസണില്‍ നാളികേര കര്‍ഷകന്റെ നട്ടെല്ലൊടിച്ചത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രതിസന്ധിയിലേക്ക് കര്‍ഷകര്‍ കൂപ്പുകുത്തിയപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുസഹായവും കര്‍ഷകര്‍ക്ക് കിട്ടിയില്ല.
നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുന്ന വരള്‍ച്ച ദുരിതാശ്വാസം, വിള ഇന്‍ഷൂറന്‍സ്, വളത്തിനുള്ള സബ്സീഡി ഇവയൊന്നും കേരകര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കിഴക്കന്‍ മേഖലയിലം തെങ്ങിന് തോപ്പുകളില്‍ കീടങ്ങളുടെ ആക്രമണം വ്യാപകമായപ്പോള്‍ ഇതിനെ ചെറുക്കാനുള്ള പദ്ധതിപോലുമില്ലാതെ കര്‍ഷകര്‍ക്കു മുന്നില്‍ കൈമലര്‍ത്തുകയാണ് അധികൃതര്‍ ചെയ്തത്.
താങ്ങുവില പ്രഖ്യാപിച്ച തേങ്ങ സംഭരിച്ചിരുന്ന നാളികേര വികസന ബോര്‍ഡിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ചമട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: