1934 ജനുവരി 18
ശാഭിമാനികളായ എറണാകുളം നിവാസികള്‍ക്ക് ആ ദിനം ജീവിതത്തിലെ അമൂല്യവും അനിതര സാധാരണവുമായിരുന്നു. ഭാരതത്തിന്റെ ഹൃദയമന്ത്രമായി മാറിയ ഗാന്ധിജി എറണാകുളത്തെത്തുന്നു. ഹരിജന ഫണ്ടു പിരിക്കുക എന്ന ദൗത്യവുമായാണ് അന്ന് ഗാന്ധിജി തന്റെ നാലാമത്തെ കേരളസന്ദര്‍ശനം നടത്തിയത്. പതിമൂന്നു ദിവസമാണ് അന്ന് അദ്ദേഹം കേരളത്തില്‍ താമസിച്ചത്.
1934 ല്‍ കൊച്ചിയിലെത്തിയ ഗാന്ധിജിയുടെ പരിപാടി നടന്നത് ഇന്ന് രാജേന്ദ്രമൈതാനി എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. മുപ്പതോളം പേര് പങ്കെടുത്ത പരിപാടിയില്‍ ഫണ്ടുശേഖരണം നടത്തിക്കൊണ്ടിരുന്ന ഗാന്ധിജിയെക്കണ്ട് ഒരു പതിനേഴുകാരന് കൗതുകമായി. ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന, വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ആ രൂപം ഇതാ തൊട്ടടുത്ത്. ആ പയ്യന് മറ്റൊന്നുമാലോചിച്ചില്ല. പതുക്കെ ഗാന്ധിജിയുടെ അടുത്തെത്തി ആ ദേഹത്തൊന്നു തൊട്ടു. നിറഞ്ഞ ചിരിയായിരുന്നു ഗാന്ധിജിയുടെ മറുപടി. കൃതാര്‍ത്ഥതയോടെ എറണാകുളം എസ്.ആര്‍വി. സ്കൂളിലെ ആ വിദ്യാര്‍ത്ഥി അല്‍പ്പനേരം പരിപാടി കണ്ടുകൊണ്ടു അവിടെത്തന്നെ നിന്നു. ഫണ്ടുശേഖരണം കഴിഞ്ഞ് ഗാന്ധിജി അടുത്തസ്ഥലത്തേക്കു പോകാന്‍ ബോട്ടുജട്ടിയിലേക്കു നടന്നു. അദ്ദേഹം നടന്നുനീങ്ങിയപ്പോഴാണ് ഗാന്ധിജിയെ ഒന്നുകൂടെ തൊടണമെന്നു തോന്നിയത്. പിന്നെ അമാന്തിച്ചില്ല. ഓടി ബോട്ടുജട്ടിയിലെത്തുകയും വീണ്ടും തൊടുകയും ചെയ്തു. ആ അനുഭവത്തിന്റെ അലൗകികതയില്‍ ഇന്നും ഓര്‍മകളെ താലോലിക്കുന്ന അന്നത്തെ പതിനേഴുകാരനാണ് നെന്മനശ്ശേരി പരമേശ്വരന് മൂത്തത്. അദ്ദേഹമിന്ന് നൂറ്റൊന്നിന്റെ നിറവിലാണ്.
കൈസ്ഥാനികന്
എറണാകുളം ശിവക്ഷേത്രത്തില്‍ നീണ്ട എഴുപത്തഞ്ചുവര്‍ഷം കൈസ്ഥാനികനായിരുന്നു പരമേശ്വരന് മൂത്തത്. രാവിലെ മൂന്ന് മണിയോടെ തുടങ്ങും പ്രവൃത്തികള്‍. ക്ഷേത്രത്തിലെ മൂന്നു ശീവേലിയ്ക്കും തിടമ്പ് എഴുന്നള്ളിക്കാനുള്ള ഭാഗ്യവും ഇക്കാലമത്രയും പരമേശ്വരന് മൂത്തതിനായിരുന്നു. ഈശ്വരസേവയ്ക്കിടയില് ഗാര്ഹസ്ഥ്യകര്മത്തില്നിന്നും അകന്നുപോയി. അതില്‍ പരിഭവമില്ല. അതൊരു കാര്യമായെന്നു പറയും അദ്ദേഹം. കുഞ്ഞുകുട്ടി പരാധീനതകളില്ലാഞ്ഞതിനാല് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളതു ചെയ്യാന്‍ സാധിച്ചുവെന്ന് മൂത്തത് പറയുന്നു. ഈയൊരു സ്വാതന്ത്ര്യം ഏറ്റവുമധികം സഹായിച്ചത് യാത്രകളിലേക്കു മുങ്ങാംകുഴിയിടാനാണ്. എറണാകുളം പടിഞ്ഞാറേ ഇല്ലം അറിയപ്പെടുന്നത് നെന്മനശ്ശേരി എന്നാണ്. നെന്മനശ്ശേരി ഇല്ലത്ത് പരമേശ്വരന് മൂത്തതിന്റെയും സുഭദ്രയുടേയും ആറ് മക്കളില്‍ ഇളയവനാണ് പരമേശ്വരന് മൂത്തത്. എറണാകുളം ശിവക്ഷേത്രത്തില്‍ പാരമ്പര്യമായി കഴകാധികാരമുള്ള കുടുംബമാണ് നെന്മനശ്ശേരി ഇല്ലം. അച്ഛന്റെ പാതപിന്തുടര്ന്ന്, എറണാകുളം ശ്രീരാമവര്‍മ സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ പരമേശ്വരന് മൂത്തത് ക്ഷേത്രകാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. അച്ഛന് പ്രായാധിക്യമായതോടെ പരമേശ്വരന് മൂത്തത് കഴകജോലി ഏറ്റെടുത്തു. മറ്റു സഹോദരങ്ങളെപ്പോലെ ജോലി അന്വേഷിച്ചുനടക്കാനൊന്നും പോയതുമില്ല. മാസത്തില്‍ പതിനഞ്ച് ദിവസമാണ് നെന്മനശ്ശേരി ഇല്ലത്തിന് കഴകപ്രവൃത്തി. അതുകഴിഞ്ഞാല്‍ പരമേശ്വരന് മൂത്തത് യാത്രയുടെ ലഹരിയിലായിരിക്കും.
ജീവിതായനം
നൂറിന്റെ നിറവില്‍ ജീവിതത്തിന്റെ രസം ആസ്വദിക്കുമ്പോഴും പരമേശ്വരന് മൂത്തതിന് ഓര്‍മകള്‍ക്ക് വാര്‍ധക്യം ബാധിച്ചിട്ടില്ല. ഗാന്ധിജിയോടുള്ള അമിതപ്രേമം കാരണം മൂത്തത് സബര്‍മതി ആശ്രമം മൂന്നുതവണ സന്ദര്‍ശിച്ചു. പത്താംക്ലാസില്വെച്ച് പഠനം അവസാനിച്ചുവെങ്കിലും യാത്രകളിലൂടെ പരമേശ്വരന് മൂത്തത് നേടിയെടുത്തത് അക്കാദമിക പഠനങ്ങളെ വെല്ലുന്ന അറിവും ആര്‍ജ്ജവവും. ഏതാണ്ട് ഭാരതത്തിലെ പുണ്യസ്ഥലികളിലെല്ലാം മൂത്തത് ദര്‍ശിച്ചു. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ ഭക്ഷണരീതിയും പാചകവും ശ്രദ്ധിക്കും. ഇഷ്ടപ്പെട്ടതാണെങ്കില്‍ പാചകം പഠിച്ചെടുക്കും. തിരിച്ച് വീട്ടിലെത്തിയാല്‍ താന്‍ കണ്ടറിഞ്ഞ വിഭവങ്ങള്‍ പാചകം ചെയ്ത് വീട്ടുകാരേയും സുഹൃത്തുക്കളേയും അമ്പരിപ്പിക്കും. മൂത്തതുമാര്‍ ശിവദ്വിജര് എന്നാണറിയപ്പെടുന്നത്. പത്താംക്ലാസ് പഠനത്തിന്റെ പരിമിതിയൊന്നും മൂത്തതിന്റെ ബോധമണ്ഡലത്തെ തെല്ലും തരിശാക്കിമാറ്റുന്നില്ല. സ്വപ്രയത്നംകൊണ്ട് മൂത്തത് നേടിയെടുത്തത് അതിരുകളില്ലാത്ത അറിവിന്റെ ലോകമാണ്. അവിടെ ഗാന്ധിജിയും നെഹ്റുവും സര് സിപിയും രവീന്ദ്രനാഥ ടഗോറും ഈശ്വരചന്ദ്രവിദ്യാസാഗറും ഉള്ളൂരും ചങ്ങമ്പുഴയും സര് വാള്‍ട്ടര്‍ സ്കോട്ടും തുടങ്ങി വിവിധ വിഷയങ്ങള്‍ ഇടതടവില്ലാതെ ഒഴുകിയെത്തും. കവിതകളും ഉദ്ധരണികളും ഒപ്പത്തിനൊപ്പം.
ജീവിതഭക്തി
എറണാകുളത്തപ്പന്റെ തൃക്കാല്ക്കല് ജീവിതം സമര്‍പ്പിച്ച മൂത്തതിന് രണ്ടാമത്തെ അഭിനിവേശം സിനിമയായിരുന്നു. പടം റിലീസാകുന്ന ദിവസംതന്നെ കാണണം. ഒരിക്കല്‍ പുതിയ പടമിറങ്ങിയപ്പോള്‍ കാണാന്‍ കൈയില്‍ കാശില്ല. അമ്പലത്തില്‍ അത്താഴ ശീവേലി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്ത നിരാശ. അമ്പലത്തിന്റെ മതിലില്‍ ചാരിനിന്ന് മൂത്തത് ശ്രീകോവിലിലേക്കു നോക്കിപ്പറഞ്ഞു:
‘ഞാനിങ്ങനെ മൂന്നുനേരവും നിന്നേം സേവിച്ചു നടന്നിട്ടെന്തുകാര്യം? ഒരു സിനിമ കാണാന്‍പോലും കൈയില്‍ കാശില്ല. ഞാനെന്താണ് ചെയ്യേണ്ടത്?’
അല്‍പ്പനേരംകൂടി അവിടെനിന്ന് വീട്ടിലേക്കു നടന്നു. അത്താഴം കഴിച്ചതിനുശേഷവും മനസ്സില്‍ സിനിമ തന്നെ. ഇരിക്കപ്പൊറുതിയില്ലാതെ റോഡിലേക്കിറങ്ങി. അലക്ഷ്യമായി മുന്നോട്ടു നടക്കുമ്പോള്‍ എതിരെ ഒരു ചങ്ങാതി നടന്നുവന്നു. മൂത്തതിനെ കണ്ടമാത്രയില്‍ അയാള്‍ ചോദിച്ചു:
‘നമുക്കൊരു സിനിമക്കു പോയാലോ?’
ആ ചോദ്യംകേട്ട് മൂത്തത് അത്ഭുതപ്പെട്ടു. പിന്നെ അമാന്തിച്ചില്ല. നേരെ സിനിമാശാലയിലേക്ക്. പിറ്റേന്നു രാവിലെ അമ്പലത്തിലെത്തിയ മൂത്തത്, തലേന്നു സംഭവിച്ച കാര്യങ്ങളോര്‍ത്തു ഭഗവാന്റെ മുന്നില്‍ച്ചെന്നു പറഞ്ഞു:
‘അറിവില്ലായ്മ കൊണ്ടാണ് ഇന്നലെ ഞാനങ്ങനെയൊക്കെ പറഞ്ഞത്. എന്റെ അപരാധം പൊറുക്കണം.’
ജീവിതത്തില്‍ ഭക്തി രൂഢമൂലമായ അപൂര്‍വാവസരമായിരുന്നു അത്.
പിറന്നാള്‍ സമ്മാനം
ഗാന്ധിജിയോടുള്ള ആരാധനയാണ് മൂത്തതിനെ ഖാദിപ്രിയനാക്കിയത്. ഏതാണ്ട് എട്ടു പതിറ്റാണ്ടായി പരമേശ്വരന് മൂത്തത് ഖാദിയല്ലാതെ ധരിച്ചിട്ടില്ല. ശിവദ്വിജസമുദായത്തിന്റെ വാര്‍ഷികയോഗങ്ങളില്‍ നടത്തപ്പെട്ടിരുന്ന നൂല്‍നൂല്‍പ്പ് മത്സരങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനം നേടുന്നതും മൂത്തതു തന്നെ. ഉടുപ്പിലും നടപ്പിലും നോക്കിലും വാക്കിലും തനി സ്വദേശി. ശിവക്ഷേത്രത്തിലെ കഴകവൃത്തി ചെയ്യുമ്പോഴും വിശാലമായ സൗഹൃദവലയമാണുള്ളത്. ഇന്നിപ്പോള്‍ നെന്മനശ്ശേരി ഇല്ലക്കാരുടെ മാത്രം സ്വന്തമല്ല മൂത്തത്; എറണാകുളം നിവാസികളുടെ മൂത്തകാരണവരാണ്. ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹം ജീവിക്കുന്ന സേവനമാതൃകയാണ്. കുടുംബത്തില്‍ അഞ്ച് തലമുറകളുടെ സ്നേഹവാല്സല്യങ്ങളനുഭവിക്കാന് കഴിഞ്ഞ സുകൃതി. മൂത്തതിന്റെ നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ കുടുംബാംഗങ്ങള്‍ മൂത്തതിന്റെ പേരില്‍ ബാങ്കില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതിന്റെ പലിശകൊണ്ട് മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന നിര്ധനവ്യക്തികളെ കണ്ടെത്തി സഹായിക്കുക എന്നതാണ് ആഗ്രഹം. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പില്‍ ജാതിയോ മതമോ നോക്കരുതെന്നും മൂത്തതിനു നിര്‍ബന്ധമുണ്ട്.
ഒരുനൂറ്റാണ്ടിന്റെ ഓര്മപ്പുസ്തകംപോലെ പരമേശ്വരന് മൂത്തത് എന്ന മൂത്തകാരണവര് നമുക്കിടയില്‍ കൗതുകമാവുന്നു. നൂറ്റൊന്നാവര്‍ത്തിച്ച അനുഭവസമ്പത്തുമായി മൂത്തത് ഇപ്പോഴും അരോഗദൃഢഗാത്രനായി നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഉമ ആനന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: