ഒരു ഹര്‍ത്താല്‍ ദിനം, മൈസൂരില്‍ പഠിക്കുന്ന ഐശ്വര്യ നാട്ടിലെത്തുന്നു. വീട്ടിലെത്താന്‍ വിഷമിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ആനന്ദ്. മൈസൂരിലെ തന്നെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജരായ ആനന്ദിനൊപ്പം ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങുന്ന ഐശ്വര്യയുടെ യാത്രയിലൂടെയാണ് ‘ഈട’ തുടങ്ങുന്നത്. ആ യാത്ര പ്രണയത്തിനു വഴിമാറുമ്പോള്‍ പശ്ചാത്തലമാകുന്നത് കേരളത്തിലെ സാമൂഹിക ജീവിതം എന്നും ചര്‍ച്ച ചെയ്യുന്ന കണ്ണൂരിലെ അക്രമരാഷ്ട്രീയം. പ്രത്യയശാസ്ത്രങ്ങളുടെ പേരിലുള്ള പകപോക്കലുകള്‍ക്കിടയില്‍ ഇരയാക്കപ്പെടുന്ന ഒരു പറ്റം സാധാരണക്കാരായ മനുഷ്യരുടെ കഥകൂടി പറയുന്ന ഈട സമകാലിക മലയാള സിനിമയില്‍ മറ്റൊരു പരീക്ഷണ ചിത്രമാണ്.
എഡിറ്റിംഗില്‍ ദേശീയ അവാര്‍ഡ് ജേതാവും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി. അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ‘ഈട’ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത് കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ ഷര്‍മ്മിള രാജയാണ്. ലാല്‍ജോസ് ഫിലിംസ് തിയേറ്ററുകളിലെത്തിച്ച ചിത്രത്തില്‍ ആനന്ദായി ഷെയ്ന് നിഗമവും ഐശ്വര്യയായി നിമിഷ സജയനും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. കിസ്മത്തിലൂടെ തുടക്കമിട്ട് കെയര്‍ ഓഫ് സൈറ ബാനു, പറവ എന്നിവയിലൂടെ ശ്രദ്ധേയനായ ഷെയ്ന് മലയാളസിനിമയില്‍ ഒരിടം ഉറപ്പിക്കുന്ന ചിത്രം കൂടിയാണ് ഈട. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ നിമിഷ ‘ഈട’യിലും പ്രതീക്ഷ തെറ്റിച്ചില്ല. പ്രണയവും പ്രതിസന്ധിയും മനോഹരമായി അവതരിപ്പിക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞു.
കെജിപി, കെപിഎം എന്നീ രണ്ട് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ വൈരാഗ്യം കൂടിയാണ് ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയത്തിനിടയിലൂടെ സംവിധായകന് പറഞ്ഞുപോകുന്നത്. കെപിഎം എന്ന ഇടതുപക്ഷപാര്ട്ടിയുടെയും എതിര്‍ചേരിയില്‍പെട്ട പാര്‍ട്ടിയുടെയും പോരാട്ട രാഷ്ട്രീയം കയ്യടക്കത്തോടെ, വിവാദങ്ങളില്ലാതെ വിമര്‍ശന വിധേയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. പ്രത്യയ ശാസ്ത്രങ്ങളെ അപ്രസക്തമാക്കുന്ന പ്രായോഗിക രാഷ്ട്രീയവാദം ‘ഈട’ തുറന്നുകാട്ടുന്നു. ഇടതുപക്ഷ കുടുംബത്തില്‍പെട്ട ഐശ്വര്യയുടെയും എതിര്‍ചേരിയില്‍പെട്ട ആനന്ദിന്റെയും കണ്ടുമുട്ടലും പ്രണയത്തിലേക്കുള്ള വഴികളും സിനിമയുടെ ആദ്യപകുതി കയ്യടക്കുമ്പോള്‍ ഇടവേളയ്ക്കുശേഷം കണ്ണൂരിലെ രാഷ്ട്രീയ പരിച്ഛേദം തന്നെ സിനിമ ചര്‍ച്ചചെയ്യുന്നു.
ഈടയിലെ കഥാപാത്രങ്ങള്‍ കണ്ണൂരിന്റെ മനസാണ്. കൊടി നോക്കിയല്ല താന്‍ സ്നേഹിച്ചതെന്ന ആനന്ദിന്റെ വാക്കുകളും പാര്‍ട്ടിയാണോ തന്റെ വിവാഹം തീരുമാനിക്കുന്നതെന്ന ഐശ്വര്യയുടെ ചോദ്യവും കണ്ണൂരിലെ രാഷ്ട്രീയം കുടുംബങ്ങളിലും ബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ്. പ്രത്യയ ശാസ്ത്രങ്ങളുടെ മറവില്‍ നിരപരാധികള്‍ എങ്ങനെ രക്തസാക്ഷികളാവുന്നുവെന്നും കേസില്‍ പ്രതികളാവുന്നുവെന്നും ചിത്രം പറയുന്നു.
കണ്ണൂരിലെ അക്രമരാഷ്ട്രീയം എന്ന അപകടകരമായ പ്രമേയത്തെ ഒരു പാര്‍ട്ടിക്കും മുന്‍തൂക്കം നല്‍കാതെ മിതത്വത്തോടെ വിമര്‍ശിക്കാനായി എന്നത് അജിത്ത്കുമാര്‍ എന്ന സംവിധായക പ്രതിഭയുടെ മികവാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോഴും പ്രണയത്തിന്റെ തീവ്രത നിലനിര്‍ത്താനായത് ഈടയെ നല്ലൊരു ചിത്രമാക്കുന്നു. കണ്ണൂരിന്റെ ഭാഷയും സംസ്കാരവും തനിമയും ഈടയില്‍ അനുഭവവേദ്യമാണ്. കണ്ണൂരിന്റെ പ്രകൃതിഭംഗി പപ്പന്റെ ക്യാമറയില്‍ ഭദ്രം. മണികണ്ഠന് ആചാരി, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍, സുരഭി എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. അന്‍വര്‍ അലി രചിച്ച് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന് വെയ്യാട്ടുമ്മലും സംഗീതം നല്കിയ ഗാനങ്ങളും ചിത്രത്തിന് അനുയോജ്യമാണ്.
രണ്ടരമണിക്കൂര്‍ നീളുന്ന ഒരു കേവല വിനോദം എന്നതിലുപരി തീയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകമനസ്സുകളില്‍ ചില ചിന്തകള്‍കൂടി അവശേഷിക്കുന്നു എന്നതാണ് ‘ഈട’യുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: